ഉദ്യോഗസ്ഥര്‍ എന്ന മനോഭാവം വെടിഞ്ഞ് സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ചാല്‍ മാത്രമേ സേഫ് സോണ്‍ പദ്ധതി വിജയിപ്പിക്കാന്‍ കഴിയൂവെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തോടനുബന്ധിച്ച് ഇലവുങ്കലില്‍ സേഫ് സോണ്‍ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കോവിഡ് കുറഞ്ഞതിനാല്‍ പതിവിലേറെ വാഹനങ്ങള്‍ നിരത്തുകളില്‍ ഉണ്ടാകും. കരുതലോടെയാകണം പ്രവര്‍ത്തിക്കേണ്ടത്. ശബരിമലയിലേക്ക് എത്തുന്ന ഭക്തരുടെ യാത്ര സുഗമമാക്കുകയാണ് സേഫ് സോണ്‍ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന തീര്‍ഥാടകരുടെ മനസില്‍ അഭിമാനകരമായ സ്ഥാനം നേടാന്‍ സഹായിക്കുന്ന പദ്ധതിയാണിത്. പദ്ധതിക്ക് എല്ലാ വകുപ്പുകളുടേയും സഹകരണം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
ശബരിമല തീര്‍ഥാടകരുടെ യാത്ര സുരക്ഷിതവും സുഗമവുമാക്കുന്നതിനായി കേരള റോഡ് സുരക്ഷാ അതോറിറ്റിയുടെ സഹകരണത്തോടെ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് ആവിഷ്‌കരിച്ച പദ്ധതിയാണ് ശബരിമല സേഫ് സോണ്‍ പദ്ധതി.
കോവിഡ് സാഹചര്യത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ശബരിമല തീര്‍ഥാടകരുടെ യാത്ര അപകട രഹിതവും സുരക്ഷിതവുമാക്കാനുള്ള വിപുലമായ പരിപാടിയാണ് പദ്ധതിലൂടെ ലക്ഷ്യമിടുന്നത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍, എരുമേലി, കുട്ടിക്കാനം, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ കണ്‍ട്രോള്‍ റൂം, 30 വാഹനങ്ങള്‍, മുന്നൂറ് ഉദ്യോഗസ്ഥര്‍ എന്നിവയാണ് സേഫ് സോണ്‍ പദ്ധതിയിലുണ്ടാകുക. വാഹന പട്രോളിംഗ്, സേഫ് സോണ്‍ കണ്‍ട്രോള്‍ റൂം എന്നിവയും മന്ത്രി ഉദ്ഘാടനം ചെയ്തു.
അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍, ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എം.ആര്‍ അജിത് കുമാര്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനി, പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹന്‍, വാര്‍ഡ് അംഗങ്ങളായ ശ്യാം മോഹന്‍, മഞ്ജു പ്രമോദ്, പത്തനംതിട്ട ആര്‍ടിഒ ജിജി ജോര്‍ജ്, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.