തിരുവനന്തപുരം : ശംഖുംമുഖത്തെ തീരമിടിച്ചിലിന് അടിയന്തര പരിഹാരമുണ്ടാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ശംഖുംമുഖം കടൽത്തീരവും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള റോഡും സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
മന്ത്രി ആൻറണി രാജു, തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന് തുടങ്ങിയവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. തകര്‍ന്ന റോഡ് അടിയന്തരമായി നന്നാക്കും. മഴക്കാലപൂര്‍വ തയാറെടുപ്പുകളുടെ ഭാഗമായി കഴിഞ്ഞ ദിവസം പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരുമായി മന്ത്രി ചര്‍ച്ച നടത്തിയിരുന്നു.
യോഗത്തിലെടുത്ത തീരുമാനത്തിൻ്റെ ഭാഗമായാണ് മന്ത്രി ശംഖുംമുഖത്ത് സന്ദര്‍ശനം നടത്തിയത്. കടലാക്രമണം രണ്ട് ദിവസംകൊണ്ട് കുറയും. അതോടെ റോഡിൻ്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
അഞ്ചോളം വീടുകള്‍ സംരക്ഷിക്കുന്നതിനായി അടിയന്തരമായി ഷീറ്റ് പൈലിങ് നടത്താനും മന്ത്രി നിര്‍ദേശം നല്കി. തീരം സംരക്ഷിക്കുന്നതിനാവശ്യമായ ഡയഫ്രം വാളിൻ്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടയിലാണ് കടലാക്രമണത്തില്‍ ശംഖുംമുഖം തീരവും റോഡും പൂര്‍ണമായും തകര്‍ന്നത്
റിബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംരക്ഷണ ഭിത്തിക്കായി 6.74 കോടി രൂപയും റോഡിനായി 1.6 കോടി രൂപയുമാണ് വിലയിരുത്തിരിക്കുന്നത്. സംരക്ഷണഭിത്തി ഡയഫ്രം വാളിൻ്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിച്ചാല്‍ പ്രശ്നം ശാശ്വതമായി പരിഹരിക്കാന്‍ സാധിക്കും.
അരമീറ്റര്‍ കനത്തില്‍ എട്ട് മീറ്റര്‍ താഴ്ചയില്‍ 245 മീറ്റര്‍ നീളത്തിലാണ് ഡയഫ്രം വാള് നിര്‍മിക്കുന്നത്. ഡല്‍ഹി ആസ്ഥാനമായ സെന്‍ട്രല്‍ റോഡ് ഇന്‍സെര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ഡയഫ്രം വാളിൻ്റെ ഡിസൈന്‍ തയാറാക്കിയത്.