കൊച്ചി: വ്യാപാരിയെ തട്ടികൊണ്ടുപോയി മർദിച്ച് പണം തട്ടിയ കേസിൽ യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറിയും കൊച്ചി കോർപ്പറേഷൻ കൗൺസിലറുമായ ടിബിൻ ദേവസി അറസ്റ്റിൽ. സുഹൃത്തുക്കളും കൂട്ടുപ്രതികളുമായ ഫയാസ്, ഷെമീർ എന്നിവരെയും എളമക്കര പൊലീസ് അറസ്റ്റു ചെയ്‌തു.
കൃഷ്‌ണമണി എന്നയാളിൽനിന്നാണ് പണം തട്ടിയത്. ഫയാസും കൃഷ്ണമണിയും ഒരുമിച്ച് ബിസിനസ് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിലാണ് ടിബിൻ ദേവസി ഇടപ്പെട്ട് കൃഷ്ണമണിയെ മർദിച്ച് പണം തട്ടിയത്. ഇയാളെ കാറിൽ കയറ്റി കൊണ്ടുപോയി 40 ലക്ഷം ആവശ്യപ്പെടുകയായിരുന്നു. ഭീഷണിപ്പെടുത്തി രണ്ടുലക്ഷം രൂപ ഇയാളിൽനിന്ന് ബാക്ക് അക്കൗണ്ടിലേക്ക് ട്രാൻസ്‌ഫർ ചെയ്യിപ്പിച്ചു. കൃഷ്‌ണമണിയുടെ ഭാര്യയുടെ അച്ഛൻ ജാലി ചെയ്യുന്ന ആശുപത്രിയിൽ എത്തിച്ച് അവിടെവച്ചും മർദിച്ചു. തുടർന്ന് അച്ഛനെകൊണ്ട് 20 ലക്ഷം രൂപ നൽകണമെന്ന് മുദ്രപത്രത്തിൽ ഏഴുതി ഒപ്പിട്ടുവാങ്ങിയെന്നും പൊലീസിന് നൽകിയ പരാതിയിൽ കൃഷ്ണമണി പറയുന്നു.
വാത്തുരുത്തി ഡിവിഷനിലെ യുഡിഎഫ് കൗൺസിലറായ ടിബിൻ നിരവധി കേസുകളിൽ പ്രതിയാണ്. എറണാകുളം ഗവ. ലോ കോളേജിലെ എസ്‌എഫ്‌ഐയുടെ കൊടിമരവും പ്രചാരണ സാമഗ്രികളും നശിപ്പിച്ച കേസിൽ ഏതാനും മാസം മുമ്പാണ് അറസ്റ്റിലായത്. മുൻപ് മഹാരാജാസിലെ എസ്‌എഫ്‌ഐ കൊടിമരം നശിപ്പിച്ചതും ടിബിനും യൂത്ത് കോൺഗ്രസ് നേതാവ് നോബൽ കുമാറും ചേർന്നായിരുന്നു.