വ്യാപാരസ്ഥാപനങ്ങളില്‍ നിന്ന് നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു

Share

കോട്ടയം: നവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട് പ്ലാസ്റ്റിക് നിരോധനം കര്‍ശനമാക്കുന്നതിന് പനച്ചിക്കാട് ഗ്രാമ പഞ്ചായത്തിന്റെയും ഹരിത കേരള മിഷന്റെയും നേതൃത്വത്തില്‍ ക്ഷേത്ര പരിസരത്ത് വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് പേപ്പര്‍ കവറുകളും ലഘു ഭക്ഷണ വിതരണത്തിന് ഇലകളും ഉപയോഗിക്കാന്‍ നിര്‍ദ്ദേശിച്ചു. കടകളില്‍ നിന്നുള്ള അജൈവ മാലിന്യങ്ങള്‍ ഹരിത കര്‍മ്മ സേനയുടെ നേതൃത്വത്തില്‍ ശേഖരിക്കും.

പൊതുജനങ്ങള്‍ക്ക് മാലിന്യ നിക്ഷേപിക്കാനായി ജൈവ ബിന്നുകള്‍ ക്ഷേത്ര പരിസരത്ത് സ്ഥാപിക്കും. പ്ലാസ്റ്റിക് നിരോധനവുമായി സഹകരിക്കാത്ത വ്യാപാരികളില്‍ നിന്നും പിഴ അടക്കമുള്ള നടപടികള്‍ വരുംദിവസങ്ങളില്‍ സ്വീകരിക്കുമെന്ന് പഞ്ചായത്ത് താക്കീത് നല്‍കിയിട്ടുണ്ട്.

പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനി മാമ്മന്‍, വൈസ് പ്രസിഡന്റ് റോയ് മാത്യു,സെക്രട്ടറി അരുണ്‍ കുമാര്‍, ജൂനിയര്‍ സൂപ്രണ്ട് വി.ആര്‍. ബിന്ദുമോന്‍,വികസനസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പ്രിയ മധുസൂധനന്‍, ആരോഗ്യ വിദ്യാഭ്യസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജീനാ ജേക്കബ്, ഹരിത കേരളം മിഷന്‍ റിസോഴ്സ് പേഴ്സണ്‍ അര്‍ച്ചന ഷാജി എന്നിവര്‍ പരിശോധനകള്‍ക്ക് നേതൃത്വം നല്‍കി.