ഒരു ഇ-പാസിന് അപേക്ഷയിലെ ആവശ്യം കണ്ട കണ്ണൂർപോലീസ് ഞെട്ടി. കണ്ണൂരിലുള്ള ഒരു സ്ഥലത്തു വൈകുന്നേരം സെക്സിന് പോകണം എന്നായിരുന്നു അപേക്ഷകന്റെ ആവശ്യം. കണ്ണൂർ ഇരിണാവ് സ്വദേശിയുടെ വിചിത്രമായ അപേക്ഷ കണ്ടാണ് പോലീസ് ഞെട്ടിയത്. അപേക്ഷ വായിച്ചു ഞെട്ടിയ പോലീസ് വിവരം എഎസ്പിക്കു കൈമാറി.
കക്ഷിയെ കൈയോടെ പൊക്കാൻ വളപട്ടണം പോലീസിനു നിർദേശം നൽകി. തുടർന്നു പോലീസ് ആളെ കണ്ടെത്തി കണ്ണൂർ എസ്പി ഓഫീസിലെത്തിച്ചു. കക്ഷിയെ ചോദ്യം ചെയ്തപ്പോഴാണ് പോലീസ് ഉദ്യോഗസ്ഥർ ചിരിച്ചു മണ്ണു കപ്പിയത്. “സിക്സ് ഒ ക്ലോക്കിന് ‘പുറത്തിറങ്ങണം എന്നാണ് കക്ഷി എഴുതാൻ ആഗ്രഹിച്ചത്. എന്നാൽ, എഴുതി വന്നപ്പോൾ സിക്സ് സെക്സ് ആയതാണ്.
എഴുതിയതിലുള്ള തെറ്റ് ആൾ മനസിലാക്കാതെയാണ് അപേക്ഷ അയച്ചത്. അബദ്ധത്തിൽ സംഭവിച്ച പിശകായി കരുതി പോലീസ് ഇയാളെ വെറുതെ വിട്ടു. അത്യാവശ്യമല്ലാത്ത കാര്യങ്ങൾക്ക് ഇ പാസ് അപേക്ഷ നൽകരുതെന്ന നിർദേശം നിലവിലുള്ളതാനാൽ സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെട്ട യുവാവ് ക്ഷമ പറഞ്ഞാണ് സ്റ്റേഷൻ വിട്ടത്.
അത്യാവശ്യമായി വീടിനു പുറത്തുപോകാൻ മാത്രമാണ് പോലീസ് ഇ-പാസ് സൗകര്യം ഏർപ്പെടുത്തിയത്. ജ്യോതിഷാലയം തുറക്കാനുള്ള അനുവാദം ചോദിച്ചവരുണ്ട്. ബർത്ത് ഡേയ്ക്ക് പോകാൻ അനുവാദം ചോദിച്ചവരുണ്ട് തുടങ്ങി പ്രാധാന്യമുള്ളതും അപ്രധാനവുമായ നിരവധി ആവശ്യങ്ങൾക്കാണ് ഇ-പാസിന് അപേക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം ആന്തൂരിൽ പ്രവർത്തിച്ച ജ്യോതിഷാലയം പോലീസ് എത്തി അടപ്പിച്ചു. ജ്യോത്സ്യനെതിരേ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുത്തു.
പാനൂരിൽ ബർഗർ വാങ്ങാൻ മാത്രം പുറത്തിറങ്ങിയ 25 കാരനെതിരെയും പോലീസ് കേസെടുത്തു. പോലീസ് ഇ-പാസ് സംവിധാനം പൊതുജനങ്ങൾ ലാഘവത്തോടെ കാണുന്നത് അവസാനിപ്പിക്കണമെന്നു പോലീസ് പറഞ്ഞു. അവശ്യകാര്യങ്ങൾക്കു മാത്രം അനുമതി നൽകാൻ ഏർപ്പെടുത്തിയ സംവിധാനത്തെ കുട്ടിക്കളിയായി കാണുന്ന ആളുകൾക്കെതിരേ കർശന നടപടിയുണ്ടാകും. നിരവധി ആളുകളാണ് പോലീസ് വെബ് സൈറ്റിലൂടെ ഇ-പാസിനായി അപേക്ഷ നൽകുന്നത്.
നിരവധിയാളുകൾ വീട്ടിൽ വെറുതെയിരിക്കുന്പോൾ ഇ-പാസിനായി സൈറ്റ് സന്ദർശിക്കുന്നതായി പോലീസിനു ബോധ്യമായിട്ടുണ്ട്. തമാശയ്ക്ക് ഇ-പാസിന് അപേക്ഷ നൽകുന്നവർക്കെതിരേ നടപടി സ്വീകരിക്കാൻ സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ വിവിധ സ്റ്റേഷനുകളിൽ നിർദേശം നൽകി.