വൈദ്യുതി തൂണുകളിൽ ഘടിപ്പിക്കുന്ന തരത്തിലുള്ള പോൾ മൌണ്ടട് ചാർജ്ജിംഗ് സ്റ്റേഷനുകളുടെ ഉദ്ഘാടനം നാളെ (9) കോഴിക്കോട് നടക്കും. രാവിലെ 9.30ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം നിർവഹിക്കും. ആദ്യ ചാർജ്ജിംഗ് സ്റ്റേഷൻ പൊതുമരാമത്ത്, ടൂറിസം വകപ്പ് മന്ത്രി മുഹമ്മദ് റിയാസ് ചാർജ്ജ് ചെയ്ത് ഉദ്ഘാടനം ചെയ്യും. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷനായിരിക്കും.
ഓട്ടോറിക്ഷകൾക്കും ഇരു ചക്ര വാഹനങ്ങൾക്കും ചാർജ്ജ് ചെയ്യാൻ ഉതകുന്ന തരത്തിൽ കോഴിക്കോട് സിറ്റിയിൽ തിരഞ്ഞെടുത്ത 10 ലൊക്കേഷനുകളിലായി കെ.എസ്.ഇ.ബി. യുടെ ഇലക്ട്രിക് പോസ്റ്റുകളിൽ ഘടിപ്പിക്കുന്ന തരത്തിലുള്ള ”പോൾ മൌണ്ടട് ചാർജ്ജിംഗ് സ്റ്റേഷനുകൾ” സ്ഥാപിച്ചു കഴിഞ്ഞു. ഈ സ്റ്റേഷനുകൾ ഉപയോഗപ്പെടുത്തി കോഴിക്കോട് ടൌണിൽ ഓടുന്ന എല്ലാ ഇലക്ട്രിക് ഓട്ടോറിക്ഷകൾക്കും മൊബൈൽ ഫോൺ വഴി പണമടച്ച് ചാർജ്ജ് ചെയ്യാൻ കഴിയും. എറ്റവും കുറഞ്ഞ പ്രീ-പെയ്ഡ് വാലറ്റ് നിരക്ക് 100 രൂപയാണ്. ഒരു തവണ ഫുൾ ചാർജ്ജ് ചെയ്യുമ്പോൾ 70 രൂപ മൊബൈൽ ഫോൺ വഴി അടയ്ക്കാം. തുടർന്ന് 120-130 കി.മീ. ഓടുവാൻ കഴിയും.
കോഴിക്കോട് ആസ്ഥാനമായ സ്റ്റാർട്ടപ്പ് കമ്പനിയായ Charge MOD ആണ് ഇതിനായി ചാർജ്ജിംഗ് ഉപകരണങ്ങളും സോഫ്റ്റ് വെയറും മറ്റും വികസിപ്പിച്ചത്. സംസ്ഥാന ഗവൺമെന്റിന്റെ ഈ-മൊബിലിറ്റി പ്രമോഷൻ ഫണ്ടിൽ നിന്നും 2.52 ലക്ഷം രൂപ ചിലവഴിച്ചാണ് പ്രസ്തുത ചാർജ്ജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചത്. രണ്ടാം ഘട്ടത്തിൽ കേരളത്തിൽ എല്ലാ ജില്ലകളിലുമായി 1000 പോൾ മൗണ്ടഡ് ചാർജ്ജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനായി ടെൻഡർ നടപടികൾ ആരംഭിച്ചു കഴിഞ്ഞു.
ഒരു പെട്രോൾ ഓട്ടോറിക്ഷ 120 കി. മീ. ഓടുവാൻ 14 ലിറ്റർ പെട്രോൾ വേണ്ടി വരും. എന്നാൽ ഇത്രയും ദൂരം ഓടാൻ ഒരു ഇലക്ടിക് ഓട്ടോയ്ക്ക് ശരാശരി ഏഴ് യൂണിറ്റ് വൈദ്യതി മതിയാകും. ഈ സംവിധാനം കെ.എസ്.ഇ.ബി.എൽ.ന് കേന്ദ്രീകൃതമായി പണം വരുന്നതും എത്ര വൈദ്യുതി ഉപയോഗിച്ചുവെന്നും, ഏത് വണ്ടിയാണ് ചാർജ്ജ് ചെയ്തതെന്നും അടക്കം സോഫ്റ്റ് വെയർ വഴി അറിയുവാൻ കഴിയും. പെട്രോൾ ഓട്ടോ ഓടിക്കുന്ന ഒരാൾ ശരാശരി ഒരു മാസം 3600 കി. മീ. ഓടുവാൻ വരുന്ന ചിലവ് 13,500 രൂപയോളം ചെലവ് വരും. ഇലക്ടിക് ഓട്ടോറിക്ഷ ഒരു മാസം ഇതേ ദൂരം ഓടാൻ എകദേശം 2,220 രൂപയോ ആകൂ. അതായത് ശരാശരി ഒരു മാസം 11,000 രൂപയോളം ഒരു ഓട്ടോറിക്ഷയ്ക്ക് ലാഭിക്കാനാവുമെന്നാണ് കണക്കുകൂട്ടൽ.