വിഴിഞ്ഞം പദ്ധതി 50% പോലും പൂർത്തിയാകാത്തത് എന്തുകൊണ്ടെന്ന് മുഖ്യമന്ത്രി മറുപടി പറയണം: ഉമ്മൻ ചാണ്ടി

Share

2019 ഡിസംബറിൽ പൂർത്തിയാക്കേണ്ടിയിരുന്ന വിഴിഞ്ഞം പദ്ധതി 2021 ആയിട്ടും അൻപതു ശതമാനം പോലും പൂർത്തിയാകാത്തത് എന്ത് കൊണ്ടാണെന്നും മുഖ്യമന്ത്രി മറുപടി പറയണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.

യു.ഡി.എഫ് സർക്കാരിന്റെ സ്വപ്ന പദ്ധതിയാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പദ്ധതി. ഈ പദ്ധതി യാഥാർത്ഥ്യമായാൽ കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് ചിറകു മുളയ്ക്കും. നിരവധി ചെറുപ്പക്കാർക്ക് തൊഴിൽ ലഭിക്കും. നാടിന്റെ വികസന കുതിപ്പ് ഈ പദ്ധതിയുടെ സാക്ഷാത്കാരവും.

കേരളത്തിലെ വികസന കുതിപ്പ് ലക്ഷ്യംവെച്ചാണ് എല്ലാ പ്രതിസന്ധികളെയും വെല്ലുവിളികളേയും അതിജീവിച്ചു ഐക്യജനാധിപത്യമുന്നണി സർക്കാർ പദ്ധതിയുമായി മുന്നോട്ട് പോയത്.

2019 ഡിസംബറിൽ പദ്ധതി യാഥാർഥ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് യു.ഡി.എഫ് സർക്കാർ 2015ൽ നിർമ്മാണപ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ഇടതു സർക്കാർ അധികാരത്തിലേറിയതോടെ കേരളത്തിന്റെ സ്വപ്നപദ്ധതി ഇഴഞ്ഞുനീങ്ങുകയാണ്. അൻപത് ശതമാനം പണി പോലും പൂർത്തീകരിക്കാൻ ഇടതു സർക്കാരിന്റെ അലംഭാവം കൊണ്ട് സാധിച്ചിട്ടില്ല. കേരളത്തിന്റെ വികസന സ്വപ്നത്തിന് തടയിട്ട മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളോട് മറുപടി പറയണമെന്നും ഉമ്മൻ ചാണ്ടി ആവർത്തിച്ചു.