സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനും പ്രശ്‌നങ്ങള്‍ പ്രാരംഭഘട്ടത്തില്‍ തന്നെ പരിഹരിച്ച് മുന്നോട്ടു പോകുന്നതിനുമായി വാര്‍ഡ് തലത്തിലുള്ള ജാഗ്രത സമിതികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി. ടൗണ്‍ ഹാളില്‍ നടന്ന വനിതാ കമ്മിഷന്‍ മെഗാ അദാലത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അധ്യക്ഷ.
മാസത്തില്‍ ഒരു തവണ കൃത്യമായി യോഗം ചേര്‍ന്ന് പ്രദേശത്തുണ്ടാവുന്ന പ്രശ്‌നങ്ങള്‍ വിലയിരുത്തണം. താഴെത്തട്ടില്‍ നിന്നുള്ള ഇടപെടലുകള്‍ പ്രശ്‌നങ്ങള്‍ എളുപ്പത്തില്‍ പരിഹരിക്കാന്‍ സഹായകരമാവും. ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ബന്ധപ്പെട്ട മറ്റ് ഉദ്യാഗസ്ഥര്‍ എന്നിവര്‍ ഇതിന് നേതൃത്വം നല്‍കണമെന്നും കമ്മീഷന്‍ പറഞ്ഞു. എല്ലാ മാസവും കൃത്യമായി മോണിറ്ററിംഗ് നടത്തിവേണം ജാഗ്രതാ സമിതിയുടെ പ്രവര്‍ത്തനം മുന്നോട്ട് പോകേണ്ടതെന്നും കമ്മീഷന്‍ വ്യക്തമാക്കി.
രണ്ടുദിവസമായി നടന്ന അദാലത്തില്‍ 162 കേസുകളാണ് പരിഗണനക്കായി വന്നത്. ഇതില്‍ 28 കേസുകളില്‍ തീര്‍പ്പ് കല്‍പിച്ചു. 71 കേസുകളാണ് രണ്ടു കക്ഷികളുടെയും അഭാവത്തില്‍ മാറ്റി വച്ചത്. 45 കേസുകള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റിവച്ചു. 18 കേസുകള്‍ പോലീസ് അന്വേഷണത്തിനായി വിട്ടു.
തൊഴിലിടങ്ങളില്‍ മതിയായ ശമ്പളം നല്‍കാതെ സ്ത്രീകളുടെ അദ്ധ്വാനത്തെ ചൂഷണം ചെയ്യുന്ന സ്ഥിതി വിശേഷം ഇന്നും സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ടെന്ന് വനിതാ കമ്മീഷന്‍ പറഞ്ഞു. ജില്ലയിലെ രണ്ട് സ്‌കൂളുകള്‍ക്കെതിരേ ഇത്തരത്തിലുള്ള പരാതി വന്നിട്ടുണ്ട്. തുച്ഛമായ വേതനത്തില്‍ വര്‍ഷങ്ങളോളം ജോലി ചെയ്യേണ്ടി വന്ന അധ്യാപികമാരാണ് പരാതിയുമായെത്തിയത്. ഉയര്‍ന്ന വിദ്യാഭ്യാസമുള്ള സ്ത്രീകളും തുച്ഛമായ വേതനത്തില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാവുന്നുവെന്നാണ് ഇതില്‍ നിന്നും മനസിലാവുന്നത്.
തൊഴിലിടങ്ങളിലെ ചൂഷണത്തെയും അതിക്രമത്തെയും കുറിച്ച് ഒരേസ്വരത്തില്‍ പരാതി പറയാനാണ് അധ്യാപികമാര്‍ വന്നതെന്ന് കമ്മീഷന്‍ വ്യക്തമാക്കി. വനിതാ കമ്മീഷന്‍ അംഗങ്ങളായ എം.എസ്.താര, അഡ്വ. പാനല്‍ എന്നിവര്‍ അദാലത്തില്‍ പങ്കെടുത്തു.