വായ്പയ്ക്ക് വരുന്നവരോടും സൗഹാർദ്ദപരമായി ഇടപെടണം: സഹകരണ മന്ത്രി

Share

കേരള ബാങ്ക് അവലോകന യോഗം ചേർന്നു
വായ്പയ്ക്കായി സമീപിക്കുന്നവരെ സൗഹാർദ്ദപരമായി പരിഗണിക്കണമെന്ന് സഹകരണ മന്ത്രി വി.എൻ. വാസവൻ. കേരള ബാങ്ക് അവലോകന യോഗത്തിൽ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നിഷ്‌ക്രിയ ആസ്തി കുറച്ചു കൊണ്ടു വരുന്നതിന് ഓഗസ്റ്റിൽ തയ്യാറാക്കിയ ആക്ഷൻ പ്ലാൻ നടപ്പാക്കിയതോടെ ഒരു മാസം കൊണ്ട് 848 കോടി രൂപയുടെ നിഷ്‌ക്രിയ ആസ്തി കുറയ്ക്കാൻ ബാങ്കിന് കഴിഞ്ഞതായി യോഗം വിലയിരുത്തി. വരും മാസങ്ങളിലും നിഷ്‌ക്രിയ ആസ്തി കുറയ്ക്കുന്നതിനുള്ള ആക്ഷൻ പ്ലാൻ സജീവമായി നടപ്പിലാക്കാൻ മന്ത്രി യോഗത്തിൽ നിർദ്ദേശിച്ചു. ഒരു മാസത്തിനിടയിൽ ഇത്രയധികം നിഷ്‌ക്രിയ ആസ്തി കുറയ്ക്കാനായി പ്രവർത്തിച്ച ജീവനക്കാരെ മന്ത്രി അഭിനന്ദിച്ചു. ജീവനക്കാരുടെ ആത്മാർത്ഥമായ പ്രവർത്തനമാണ് കുറഞ്ഞ കാലയളവിനുള്ളിൽ ബാങ്കിനെ പ്രവർത്തന ലാഭത്തിലേയ്ക്ക് നയിച്ചതെന്നും മന്ത്രി പറഞ്ഞു.
ചെറുകിട കച്ചവടക്കാരെ കടക്കെണിയിൽ നിന്നും രക്ഷിക്കാനായി 5 ലക്ഷം രൂപവരെ വായ്പയെടുത്തിട്ടുള്ളതും അഞ്ച് ലക്ഷത്തിൽ താഴെ കുടിശികയുള്ളതുമായ വായ്പകളിൽ മുതലിൽ ഇളവു നൽകാനുള്ള അപേക്ഷ  സർക്കാരിനു നൽകാൻ യോഗം തീരുമാനിച്ചു. ബോധപൂർവ്വമല്ലാതെ തിരിച്ചടവ് മുടങ്ങിയർ, മരണപ്പെട്ടവർ, മാരക രോഗം ബാധിച്ചവർ, അപകടം മൂലം കിടപ്പിലായവർ, കിടപ്പാടത്തിനായി മാത്രം അഞ്ച് സെൻറ് ഭൂമിയും അതിൽ വീടല്ലാതെ മറ്റ് ആസ്തികളൊന്നുമില്ലാത്തവർ, മറ്റു തരത്തിലുള്ള വരുമാനം ഇല്ലാത്തവർ തുടങ്ങിയവർക്കായിരിക്കും വായ്പാ മുതലിൽ ഇളവ് ലഭിക്കുക.
ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിനും ചെറുകിട കച്ചവടക്കാർക്കും ബസ് ഉടമകൾക്കും കുടുംബശ്രീ അംഗങ്ങൾക്കും വരുമാനം വർദ്ധിപ്പിക്കുന്നതിനായി അഞ്ചു ലക്ഷം രൂപ വരെ ജാമ്യമില്ലാതെ വായ്പ നൽകുന്നതിനായി തയ്യാറാക്കിയ കെബി സുവിധ പദ്ധതി ആരംഭിക്കുന്നതിനും തീരുമാനമായി.
അവലോകന യോഗത്തിൽ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ, വൈസ് പ്രസിഡന്റ് എം. കെ. കണ്ണൻ, സിഇഒ പി.എസ്. രാജൻ, ചീഫ് ജനറൽ മാനേജർ കെ.സി. സഹദേവൻ, ജനറൽ മാനെജർമാർ, ഡെപ്യൂട്ടി ജനറൽ മാനേജർമാർ തുടങ്ങിയവർ പങ്കെടുത്തു.