ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് വരവേല്‍പ്പ്. മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രം ഒരു വ്യക്തിയുടെ ജീവിതത്തില്‍ നടന്ന ദുരന്തപൂര്‍ണ്ണമായ സംഭവത്തെയാണ് ചിത്രീകരിച്ചത്.
വരവേല്‍പ്പിലെ ബസുടമയായ മുരളീധരന്റെ കഥ സ്വന്തം അച്ഛനുണ്ടായ അനുഭവത്തില്‍ നിന്നും ഉണ്ടായതാണ് എന്നാണ് ശ്രീനിവാസന്‍ പറയുന്നത്.
അന്നത്തെ പാര്‍ട്ടിക്കാരുടെ മാനസിക വളര്‍ച്ചയില്ലായ്മ വലിയ ദുരന്തങ്ങളാണ് അച്ഛന് വരുത്തിവച്ചത് എന്ന് താരം പറയുന്നു.
കമ്യൂണിസ്റ്റുകാരനായിരുന്ന അച്ഛന്‍ താമസിക്കുന്ന വീടും പറമ്പും കെഎഫ്‌സിയില്‍ പണയം വച്ച് ഒരു ബസ് വാങ്ങി.
ബസുടമ ആയതോടെ സ്വന്തം പാര്‍ട്ടിക്കാര്‍ക്ക് അദ്ദേഹം കുത്തക മുതലാളിയും ബൂര്‍ഷ്വാസിയുമായി. ശത്രുവിനെപ്പോലെ കൈകാര്യം ചെയ്തു. അതോടെ എല്ലാം നഷ്ടപ്പെട്ട് തങ്ങള്‍ വാടക വീട്ടിലായി.
ജപ്തി ചെയ്ത വീട് തിരിച്ചെടുത്തേ കൂടെ താമസിക്കാന്‍ വരൂ എന്ന് ശപഥമെടുത്ത് അച്ഛന്‍ വരാതിരുന്നു. അത് നടന്നില്ല. പിന്നീട് അതേ വാടകവീട്ടിലേക്ക് അദ്ദേഹത്തിനു വരേണ്ടി വന്നു.
സിനിമയില്‍ ഉത്സവത്തിനു സ്‌പെഷല്‍ ഓട്ടം വഴി കിട്ടിയ പണവുമായി മുങ്ങുന്ന ജഗദീഷിന്റെ കഥാപാത്രം യഥാര്‍ഥത്തില്‍ ഉള്ളതാണ്. ആറു മാസം കഴിഞ്ഞപ്പോള്‍ കണ്ടക്ടറെ അനധികൃതമായി പിരിച്ചുവിട്ടു എന്ന് ആരോപിച്ചു സിഐടിയുക്കാര്‍ അച്ഛന് നോട്ടീസ് അയച്ചു.
ബസ് തടഞ്ഞുവച്ച് അയാളെ തിരിച്ചെടുക്കണമെന്ന ആവശ്യവും സമരവും ശക്തമാക്കി. പൊലീസ് ഇടപെട്ടപ്പോള്‍ അച്ഛനും അവരുടെ കൂടെ ചേര്‍ന്ന് കൊടി മാറ്റാനും മറ്റും ശ്രമിച്ചു.
അന്നു രാത്രി സിഐടിയുവിന്റെ ആള്‍ക്കാര്‍ സംഘടിതമായി ബസ് തല്ലിത്തകര്‍ക്കുകയായിരുന്നു. വീട് പണയം വച്ച് ജീവിക്കാനായി ഒരു ബസ് വാങ്ങിയ ഒരു മനുഷ്യനെ ഇല്ലാതാക്കിയ സംഭവമാണിതെന്നും ശ്രീനിവാസന്‍ പറഞ്ഞു.