എല്ലാവരെയും ഉള്‍ക്കൊള്ളുന്ന നവകേരളം പദ്ധതിയുടെ ഉത്തമ ഉദാഹരണമാണ് ലൈഫ് പദ്ധതിയെന്നും കേരള ചരിത്രത്തിലെ സമാനതകളില്ലാത്ത പാര്‍പ്പിട പദ്ധതിയാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നൂറുദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിച്ച 12067 വീടുകളുടെ താക്കോല്‍ കൈമാറ്റ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഭൂരഹിതരും
ഭവന രഹിതരുമില്ലാത്ത സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. ലൈഫ് പദ്ധതിക്ക് തുല്യമായ മറ്റൊരു പദ്ധതിയും രാജ്യത്ത് കാണാന്‍ കഴിയില്ല. സാധാരണ പാര്‍പ്പിട പദ്ധതികളെപ്പോലെ കേവലം വീടു വെച്ചു നല്‍കുക മാത്രമല്ല സര്‍ക്കാര്‍ ചെയ്യുന്നത്. ഗുണഭോക്താക്കള്‍ക്ക് വീടിനൊപ്പം ജീവനോപാധി കൂടി ഉറപ്പു നല്‍കാന്‍ ആവശ്യമായ നടപടികളും സ്വീകരിച്ചിട്ടുണ്ട്. വരുന്ന അഞ്ചു വര്‍ഷത്തിനകം അഞ്ചു ലക്ഷം വീടുകള്‍ നിര്‍മ്മിക്കുകയാണ് ലക്ഷ്യം. മനുഷ്യരുടെ സ്വാതന്ത്ര്യവും സാമൂഹിക സുരക്ഷയും ഉറപ്പു വരുത്തുന്നതിനുള്ള അടിസ്ഥാനോപാധികളില്‍ ഒന്നാണ് സ്വന്തമായി പാര്‍പ്പിടം. പാവപ്പെട്ട ജനങ്ങള്‍ക്ക് സുരക്ഷിതമായും ആത്മാഭിമാനത്തോടെയും ജീവിക്കാന്‍ കഴിയുന്ന സാഹചര്യം സൃഷ്ടിക്കുകയാണ് ലക്ഷ്യം. നൂറുദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച 12067 വീടുകളില്‍ 10058 വീടുകളാണ് ലൈഫ് മിഷന്‍ മുഖേന നിര്‍മ്മിച്ചത്. 2009 വീടുകള്‍ പി എം എ വൈ നഗരം പദ്ധതി മുഖേനയും. കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് 262131 വീടുകള്‍ നിര്‍മ്മിച്ച് നല്‍കാന്‍ കഴിഞ്ഞു. ഇതിനായി 8993 കോടി രൂപ ചെലവഴിച്ചു- മുഖ്യമന്ത്രി പറഞ്ഞു. സുതാര്യമായും ശാസ്ത്രീയമായും നടപ്പാക്കിയ പദ്ധതിയെക്കുറിച്ച് പലവിധത്തിലുള്ള ആരോപണങ്ങള്‍ പടച്ചു വിടുന്നുണ്ട്. നാടിനുണ്ടായ നേട്ടങ്ങള്‍ പരമാവധി ഇകഴ്ത്തി കാണിക്കാന്‍ ചിലര്‍ ശ്രമിച്ചു. വസ്തുതാ വിരുദ്ധമായി ആരോപണമുന്നയിച്ചവര്‍ക്ക് കേരള ജനത മറുപടി നല്‍കിയിട്ടുണ്ട് – മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ജില്ലയില്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ നൂറു ദിനം കൊണ്ട് പൂര്‍ത്തീകരിച്ച 310 വീടുകളുടെ പ്രഖ്യാപനമാണ് നടന്നത്. ജില്ലയില്‍ 40ലേറെ തദ്ദേശ സ്ഥാപനങ്ങളില്‍ താക്കോല്‍ദാനം നടന്നു. ലൈഫ് മിഷന്‍ പദ്ധതിയിലൂടെ ജില്ലയില്‍ മൂന്നു ഘട്ടത്തിലായി 10306 വീടുകളാണ് പൂര്‍ത്തീകരിച്ചത്. ഒന്നാം ഘട്ടമായ പൂര്‍ത്തീകരിക്കാത്ത വീടുകളുടെ പൂര്‍ത്തീകരണത്തില്‍ 97% വും ഭൂമിയുള്ള ഭവനരഹിതര്‍ക്ക് ഭവനനിര്‍മ്മാണം എന്ന രണ്ടാം ഘട്ടത്തില്‍ 96% വും പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഭൂരഹിത ഭവനരഹിതര്‍ക്ക് ഭവനനിര്‍മ്മാണം ഉറപ്പാക്കുന്ന മൂന്നാം ഘട്ടത്തില്‍ ഭൂമി ലഭിച്ച ഗുണഭോക്താക്കള്‍ തദ്ദേശഭരണസ്ഥാപനങ്ങളുമായി കരാറില്‍ ഏര്‍പ്പെട്ട് ഭവനനിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്.
ചിറക്കല്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന പരിപാടി കെ വി സുമേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ചിറക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രുതി അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, വൈസ് പ്രസിഡണ്ട് പി അനില്‍കുമാര്‍, സ്ഥിരം സമിതി അധ്യക്ഷരായ ടി കെ മോളി, എന്‍ ശശീന്ദ്രന്‍, കെ വല്‍സല, അംഗം കെ സുരിജ, ലൈഫ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ എന്‍ അനില്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി ഷിബു കരുണ്‍, അസി. സെക്രട്ടറി വി എ ജോര്‍ജ്ജ്, വിഇഒ വി സി സന്ധ്യ തുടങ്ങിയവര്‍ പങ്കെടുത്തു.
മുണ്ടേരി ഗ്രാമപഞ്ചായത്തില്‍ നടന്ന പരിപാടി രാമചന്ദ്രന്‍ കടന്നള്ളി എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് എ അനിഷ അധ്യക്ഷയായി. വൈസ് പ്രസിഡണ്ട് കെ പങ്കജാക്ഷന്‍, സ്ഥിരം സമിതി അധ്യക്ഷ ഗീത ടീച്ചര്‍, സെക്രട്ടറി കെ രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പയ്യന്നൂര്‍ നഗരസഭാ ഹാളില്‍ നടന്ന പരിപാടി ടി ഐ മധുസൂദനന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭ അധ്യക്ഷ കെ വി ലളിത അധ്യക്ഷയായി. സ്ഥിരം സമിതി അധ്യക്ഷരായ സി ജയ, ടി പി സമീറ ടീച്ചര്‍, വി വി സജിത, വി ബാലന്‍, കൗണ്‍സിലര്‍ കെ കെ ഫല്‍ഗുനന്‍, പിഎംഎവൈ സോഷ്യല്‍ ഡെവലപ്‌മെന്റ് സ്‌പെഷ്യലിസ്റ്റ് നൈമിമോള്‍ തോമസ്, നഗരസഭാ സൂപ്രണ്ട് (സെക്രട്ടറി ഇന്‍ ചാര്‍ജ്) എ ആന്റണി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുബൈര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കൂത്തുപറമ്പ് നഗരസഭാ വി കെ സി ഹാളില്‍ നടന്ന പരിപാടി കെ പി മോഹനന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നഗരസഭ അധ്യക്ഷ വി സുജാത അധ്യക്ഷയായി. വൈസ് ചെയര്‍മാര്‍ വി രാമകൃഷ്ണന്‍, സ്ഥിരം സമിതി അധ്യക്ഷരായ കെ തങ്കമണി, നോഡല്‍ ഓഫീസര്‍ അനീഷ് കുമാര്‍, കെ വി രജീഷ്, സെക്രട്ടറി കെ കെ സജിത്ത് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്തില്‍ നടന്ന പരിപാടി കെ കെ ശൈലജ ടീച്ചര്‍ എംഎല്‍എ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ യു പി ശോഭ താക്കോല്‍ദാനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് വി ബാലന്‍ അധ്യക്ഷനായി.
കണ്ണപുരം ഗ്രാമപഞ്ചായത്തില്‍ നടന്ന പരിപാടി എം വിജിന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രഡിഡണ്ട് കെ രതി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രേമ സുരേന്ദ്രന്‍, രേഷ്മ പരാഗന്‍, കണ്ണപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം ഗണേശന്‍, സ്ഥിരംസമിതി അധ്യക്ഷരായ എ വി പ്രഭാകരന്‍, പി വിദ്യ, വി വീനീത, അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തലശ്ശേരി നഗരസഭയില്‍ നടന്ന പരിപാടി നഗരസഭ അധ്യക്ഷ കെ എം ജമുനാറാണി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷന്‍ ടി സി അബ്ദുള്‍ ഖിലാബ് അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ എന്‍ രേഷ്മ, ടി കെ സാഹിറ, ഷബാന ഷാനവാസ്, നഗരസാഭാംഗം സി സോമന്‍, അഡ്വ. കെ എം ശ്രീശന്‍, എഫ് പ്രദീപ്, സെക്രട്ടറി ഇന്‍ ചാര്‍ജ് കെ ഹരിദാസന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.