റോഡുകളുടെ പരിപാലന കാലാവധി പ്രദർശിപ്പിക്കുന്നത് പൊതുമരാമത്ത് പ്രവർത്തനങ്ങളിൽ വലിയ മാറ്റമുണ്ടാക്കും: മന്ത്രി പി.എ മുഹമ്മദ് റിയാസ്

Share

പൊതുമരാമത്ത് പ്രവൃത്തികളുടെ പരിപാലന കാലാവധി (ഡിഫെക്ട് ലൈബിലിറ്റി പിരീഡ് – ഡി.എൽ.പി) ബോർഡുകൾ പൊതുജനങ്ങളുടെ അറിവിലേക്കായി സംസ്ഥാനത്ത് ഉടനീളം സ്ഥാപിക്കുന്നത്  വകുപ്പിന്റെ പ്രവർത്തനങ്ങളിൽ ഭാവിയിൽ വലിയ മാറ്റങ്ങൾ വരുത്തുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ബോർഡുകൾ സ്ഥാപിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം മാസ്‌കറ്റ് ഹോട്ടലിൽ നടൻ ജയസൂര്യയുമായി ചേർന്നു നിർവഹിക്കുകയായിരുന്നു മന്ത്രി.
പി.ഡബ്ല്യു.ഡി മാനുവൽ പ്രകാരമാണു പരിപാലന കാലാവധി നിലവിൽ വന്നിട്ടുള്ളത്. പൊതുമരാമത്ത് ഉത്തരവുപ്രകാരം പുതിയ ബി.എം.ബി.സി റോഡുകൾക്ക് മൂന്ന് വർഷവും, അതല്ലാത്ത റോഡുകൾക്ക് രണ്ടു വർഷവും, ഉപരിതലത്തിൽ മാത്രം ബി.എം.ബി.സി ഉപയോഗിച്ച റോഡുകൾക്ക് രണ്ടു വർഷവും, അറ്റകുറ്റപ്പണികൾക്ക് ആറ് മാസവും പരിപാലന കാലാവധി ഉണ്ടാകും. ഈ കാലയളവിനുള്ളിൽ റോഡുകൾക്ക് തകരാർ സംഭവിച്ചാൽ റോഡുകളിൽ സ്ഥാപിക്കുന്ന പരിപാലന കാലാവധി സംബന്ധിച്ച് ബോർഡുകളിൽ രേഖപ്പെടുത്തിയിട്ടുള്ള കരാറുകാരന്റേയും അറ്റകുറ്റപ്പണികൾ നടത്താൻ ബാധ്യസ്ഥനായ എൻജിനീയറുടെയും ഫോൺ നമ്പറുകളിൽ ബന്ധപ്പെട്ട് ജനങ്ങൾക്ക് റോഡ് പരിപാലനം ഉറപ്പാക്കാം. പൊതുമരാമത്ത് വകുപ്പിന്റെ ടോൾഫ്രീ നമ്പറിൽ വിളിച്ചും പരിപാലന കാലാവധി സംബന്ധിച്ച കാര്യങ്ങൾ ജനങ്ങൾക്ക് ശ്രദ്ധയിൽപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു.
പൊതുമരാമത്ത് വകുപ്പിന്റെ പ്രവർത്തനങ്ങളിൽ ജനങ്ങൾക്ക് പങ്കാളിത്തം നല്കുന്ന നടപടിയാണിത്. പൊതുജനം ഈ ഉത്തരവാദിത്തം ഏറ്റെടുക്കണം. വകുപ്പിന്റെ പ്രവർത്തനങ്ങൾ സുതാര്യമായും സമയബന്ധിതമായും കാര്യക്ഷമമായും  നടപ്പാക്കാൻ മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും എൻജിനീയർമാരുമടങ്ങുന്ന മിഷൻ ടീം രണ്ടാഴ്ച കൂടുമ്പോൾ യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തുന്നുണ്ടെന്നും ജില്ലാതലത്തിൽ കളക്ടർ ചെയർമാനും റോഡ്‌സ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ കൺവീനറുമായ ഡിസ്ട്രിക്ട് ഇൻഫ്രാസ്ട്രക്ചർ കോർഡിനേഷൻ കമ്മിറ്റി (സി.ഐ.സി.സി) കഴിഞ്ഞ നാലുമാസമായി പ്രവർത്തിച്ചുവരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
മഴക്കാലത്തും നല്ല രീതിയിൽ റോഡുകൾ പരിപാലിക്കപ്പെടണമെന്ന് നടൻ ജയസൂര്യ പറഞ്ഞു. പൊതുമരാമത്ത് വകുപ്പ് കൈക്കൊള്ളുന്ന നടപടികളിൽ വലിയ പ്രതീക്ഷയുണ്ടെന്നും തകരാറിലായ റോഡുകളെ സംബന്ധിച്ച് ജനങ്ങൾക്ക് ഇടപെടൽ നടത്താൻ ഡി.എൽ.പി. ബോർഡുകളിലൂടെ സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
വി.കെ പ്രശാന്ത്  എം.എൽ.എ അധ്യക്ഷത വഹിച്ചു.  മേയർ ആര്യ രാജേന്ദ്രൻ  മുഖ്യാതിഥിയായി പങ്കെടുത്തു. വകുപ്പ് സെക്രട്ടറി ആനന്ദ് സിംഗ്, ജോയിന്റ് സെക്രട്ടറി സാംബശിവ റാവു, കൗൺസിലർ ഡോ. റീന കെ.എസ്,  ചീഫ് എൻജിനീയർ അജിത് രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.