റവന്യു വകുപ്പ് നടപ്പിലാക്കുന്ന നടപടികള്‍ സുതാര്യത ഉറപ്പാക്കുന്നതെന്ന് കേരള നിയമസഭാ സ്പീക്കര്‍ ശ്രീ എം.ബി.രാജേഷ് പറഞ്ഞു. റവന്യു വകുപ്പ് തയ്യാറാക്കിയ റവന്യു ഡാഷ് ബോര്‍ഡിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് വശങ്ങള്‍ ഉത്തരവാദിത്വവും സുതാര്യതയും ആണ്. അത് ഉറപ്പു വരുത്തുന്നതിനുള്ള നിര്‍ണ്ണായകമായ ചുവടുവയ്പാണ് റവന്യു ഡാഷ് ബോര്‍ഡിലൂടെ റവന്യു വകുപ്പ് നിര്‍വ്വഹിച്ചിരിക്കുന്നത്.
റവന്യു വകുപ്പ് മന്ത്രിയും മറ്റു ഉദ്യോഗസ്ഥരും നല്ല ഗൃഹപാഠം ചെയ്തതിന്റെ ഉത്പന്നമാണ് റവന്യു ഡാഷ് ബോര്‍ഡെന്നും സ്പീക്കര്‍ അഭിപ്രായപ്പെട്ടു. റവന്യു വകുപ്പ് മന്ത്രി കെ.രാജന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കേരള സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ്, ലാന്റ് റവന്യു കമ്മീഷണര്‍ കെ.ബിജു ഐഎഎസ്, ജോയിന്റ് കമ്മീഷണര്‍ ജെറോമിക് ജോര്‍ജ്ജ്, തിരുവനന്തപുരം ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ ഐഎഎസ് എന്നിവര്‍ സംസാരിച്ചു.
എംഎല്‍എ മാര്‍ ഓണ്‍ലൈനിലും ഉദ്ഘാടന പരിപാടിയില്‍ പങ്കാളികളായി.
റവന്യു ഡാഷ് ബോര്‍ഡിലൂടെ എംഎല്‍എ മാര്‍ക്ക് അവര്‍ നല്‍കിയ പരാതികളിലും ആവശ്യങ്ങളിലും റവന്യു വകുപ്പ് സ്വീകരിച്ച നടപടികള്‍ അറിയാനായി സാധിക്കും. ഓരോ എംഎല്‍എ മാര്‍ക്കും യൂസര്‍ ഐഡിയും പാസ് വേഡും നല്‍കും.
കമ്പ്യൂട്ടറിലോ മൊബൈലിലോ ലോഗിന്‍ ചെയ്യാം. ലോഗിന്‍ ചെയ്ത് കഴിഞ്ഞാല്‍ ഓരോ പരാതികളും അതില്‍ സ്വീകരിച്ച നടപടികളും കാണാനായി സാധിക്കും. റവന്യു വകുപ്പിന്റെ വിഷന്‍ & മിഷന്‍ 2021-26 പദ്ധതിയുടെ ഭാഗമായാണ് റവന്യു ഡാഷ് ബോര്‍ഡ് തയ്യാറാക്കിയത്.
ഭൂരഹിതരില്ലാത്ത കേരളമാണ്
ഈ സര്‍ക്കാരിന്റെ ലക്ഷ്യം – കെ.രാജന്‍
രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ മുഖ്യ ലക്ഷ്യം ഭൂരഹിതരില്ലാത്ത കേരളം സൃഷ്ടിക്കലാണെന്ന് റവന്യു വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. റവന്യു വകുപ്പ് എംഎല്‍എ മാര്‍ക്കായി തയ്യാറാക്കിയ റവന്യു ഡാഷ് ബോര്‍ഡിന്റെ ഉദ്ഘാടന പരിപാടിയില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്നതാണ് റവന്യു വകുപ്പിന്റെ ഈ 5 വര്‍ഷക്കാലത്തെ കേന്ദ്രീകൃത മുദ്രാവാക്യം.
അതോടൊപ്പം തന്നെ കേരളം ഡിജിറ്റലായി അളക്കാനായി പോവുകയാണ്. ഡിജിറ്റല്‍ സര്‍വ്വേ പൂര്‍ത്തീകരിക്കുന്നതോടെ എല്ലാ ഭൂമിക്കും രേഖ എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യാമാക്കുവാന്‍ കഴിയും. ഒക്ടോബര്‍ 1 ന് റവന്യു കോള്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കുകയാണ്.
റവന്യു സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. വില്ലേജ് ഓഫീസര്‍മാര്‍ മുതലുള്ള റവന്യു ഉദ്യോഗസ്ഥരുടെ യോഗം നിശ്ചിത കാലയളവില്‍ ചേര്‍ന്നു കൊണ്ടിരിക്കുകയാണ്. ജനസൗഹൃദ കേന്ദ്രങ്ങളായി റവന്യു ഓഫീസുകളെ മാറ്റിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.