കഴിഞ്ഞ ഒരാഴ്ടയ്ക്കിടെ രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനയാണ് രേഖപ്പെടുത്തുന്നതെന്ന് ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
രണ്ട് ലക്ഷത്തി 14 ആയിരം കേസുകളാണ് നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
രാജ്യത്തെ രോഗ സ്ഥിരീകരണ നിരക്ക് 5 ശതമാനത്തിൽ കൂടുതലാണ്.
6 സംസ്ഥാനങ്ങളിൽ പതിനായിരത്തിന് മുകളിലാണ് കോവിഡ് കേസുകളെന്നും ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ അറിയിച്ചു.
2 സംസ്ഥാനങ്ങളിൽ 5,000-ത്തിനും 10,000-ത്തിനുമിടയിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മഹാരാഷ്ട്രയിൽ 11 ശതമാനവും ഡൽഹിയിൽ 6 ശതമാനവുമാണ് രോഗസ്ഥിരീകരണ നിരക്ക്.
പശ്ചിമ ബംഗാൾ, കേരളം, ജാർഖണ്ഡ്, ഗുജറാത്ത്, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ അതിവേഗം വർദ്ധിക്കുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി.
ഒമിക്രോൺ മൂലമാണ് കൂടുതൽ കേസുകൾ ഉണ്ടാകുന്നത്.
രാജ്യത്ത് രണ്ടായിരത്തിന് മുകളിൽ ഒമിക്രോൺ കേസുകൾ റിപ്പോട്ട് ചെയ്തിട്ടുണ്ട്.
ആശുപത്രികളിൽ കൂടുതൽ സംവിധാനങ്ങളൊരുക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
കോവാക്സിനും, കോവിഷീൽഡും രണ്ട് ഡോസും എടുത്തവർ അതേ വാക്സിൻ തന്നെ മുൻകരുതൽ ഡോസായി എടുക്കണമെന്നും നിതി അയോഗ് അംഗം ഡോ. വി കെ പോൾ അറിയിച്ചു.
ഒമിക്രോൺ പരിശോധനകൾക്കായുള്ള ആർ.ടി.പി.സി.ആർ കിറ്റിന് 250 രൂപയാണ് നിശ്ചിത നിരക്ക്.
ഒമിക്രോണിനെ നിസ്സാരമായി കാണരുതെന്നും, മാസ്ക് ഉപയോഗം ഉറപ്പാക്കണമെന്നും ഐ.സി.എം.ആർ. ഡി.ജി ബൽറാം ഭാർഗ്ഗവ നിർദ്ദേശിച്ചു.
ലോകത്ത് കൊറോണ കേസുകൾ വർദ്ധിക്കുന്നതായും, കഴിഞ്ഞ 24 മണിക്കൂറിനിടെ 24 ലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്തതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.