രാജ്യത്തിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിൽ കേരളത്തിന്റെ പങ്ക് കരുത്തുറ്റത്: ഗവർണർ

Share

രാജ്യത്തിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിൽ കേരളത്തിന്റെ പങ്ക് കരുത്തുറ്റതാണെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അടിസ്ഥാന സൗകര്യ വികസനത്തിലും കണക്റ്റിവിറ്റിയിലും കേരളം വലിയ പുരോഗതി കൈവരിച്ചതായും ഗവർണർ ചൂണ്ടിക്കാട്ടി. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാനതല റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ റിപ്പബ്ലിക് ദിന സന്ദേശം നൽകുകയായിരുന്നു ഗവർണർ.
ആരോഗ്യ രംഗത്തും സദ്ഭരണ സൂചികയിലും രാജ്യത്തെ മുൻനിര സംസ്ഥാനമാകാൻ കേരളത്തിനു കഴിഞ്ഞതായി ഗവർണർ പറഞ്ഞു. നീതി ആയോഗിന്റെ ആരോഗ്യ സൂചകങ്ങളിൽ തുടർച്ചയായ നാലാം വർഷവും കേരളം ഒന്നാമതെത്തി. സദ്ഭരണ സൂചികയിൽ രാജ്യത്തെ അഞ്ചാം സ്ഥാനവും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഒന്നാമതെത്തിയതും മികച്ച നേട്ടമാണ്. ഭരണത്തിൽ സുതാര്യത ഉറപ്പാക്കാൻ സർക്കാർ സേവനങ്ങൾ ഒറ്റ ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെയാക്കിയതും കൂടുതൽ മേഖലകളിലേക്ക് ഇ-സേവനങ്ങൾ വ്യാപിപ്പിക്കുന്നതും ശ്രദ്ധേയമാണ്. ദേശീയ പാതകളും ജലപാതകളും ഗ്യാസ് പൈപ്പ് ലൈനുകളും കമ്മിഷൻ ചെയ്തതിലൂടെ അടിസ്ഥാന സൗകര്യ, കണക്റ്റിവിറ്റി മേഖലകളിൽ വലിയ പുരോഗതി നേടാനായി.
സാക്ഷരതയിലും ആരോഗ്യ മേഖലയിലും സ്‌കൂൾ വിദ്യാഭ്യാസ രംഗത്തും കേരളം കൈവരിച്ച പുരോഗതിയും മാതൃകകളും ഉന്നത വിദ്യാഭ്യാസ മേഖലയിലും നേടേണ്ടതുണ്ടെന്നു ഗവർണർ പറഞ്ഞു. മികച്ച നിലവാരമുള്ള ഉന്നത വിദ്യാഭ്യാസ, ഗവേഷണ സ്ഥാപനങ്ങളുടെ ശക്തമായ ശൃംഘല കെട്ടിപ്പടുക്കാൻ കഴിയണം. ഇതുവഴി ദേശീയ വിദ്യാഭ്യാസ നയത്തിൽ രാജ്യം വിഭാവനം ചെയ്യുന്ന രീതിയിൽ, ലോകത്തിന്റെ വിജ്ഞാന കേന്ദ്രമാക്കി ഇന്ത്യയെ മാറ്റുകയെന്ന സ്വപ്ന സാക്ഷാത്കാരത്തിനു നമുക്കും വലിയ പിന്തുണ നൽകാൻ കഴിയും.
സ്ത്രീധന പീഡനം, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കേസുകൾ വിചാരണ ചെയ്യാൻ പ്രത്യേക കോടതികൾ സ്ഥാപിക്കാനുള്ള കേരളത്തിന്റെ തീരുമാനം സ്ത്രീധനം പോലുള്ള ദുരാചാരങ്ങൾ തുടച്ചുനീക്കി ലിംഗനീതി ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ പ്രത്യക്ഷ ഉദാഹരണമാണെന്നു ഗവർണർ പറഞ്ഞു. കോവിഡിന്റെ മൂന്നാം തരംഗം പ്രതിരോധിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. ജനസംഖ്യയുടെ 80 ശതമാനം പേർക്കു വാക്സിൻ നൽകി ഫലപ്രദമായ വാക്സിനേഷൻ ഡ്രൈവിനു നേതൃത്വം നൽകാൻ കഴിഞ്ഞു. ശിശുമരണ നിരക്ക് ആറിലേക്ക് കുറയ്ക്കാനായതും ക്ഷയരോഗ ബാധിതരുടെ എണ്ണത്തിൽ 7.5 ശതമാനം വാർഷിക കുറവ് രേഖപ്പെടുത്താൻ കഴിഞ്ഞതും കേരളത്തിന്റെ നേട്ടമാണെന്നു ഗവർണർ ചൂണ്ടിക്കാട്ടി.
സെൻട്രൽ സ്റ്റേഡിയത്തിലെ പ്രൗഢമായ ചടങ്ങിൽ രാവിലെ ഒമ്പതിന് ഗവർണർ ദേശീയ പതാക ഉയർത്തി. വായൂ സേന ഹെലികോപ്റ്റർ പുഷ്പവൃഷ്ടി നടത്തി. തുടർന്ന് അദ്ദേഹം പരേഡ് പരിശോധിച്ചു. കരസേന, വായൂ സേന, സ്പെഷ്യൽ ആംഡ് പൊലീസ്, തിരുവനന്തപുരം സിറ്റി പൊലീസ് എന്നീ സേനാ വിഭാഗങ്ങളും എൻ.സി.സി. സീനിയർ ഡിവിഷൻ(ബോയ്സ്), എൻ.സി.സി. സീനിയർ വിങ്(ഗേൾസ്) എന്നിവരും പരേഡിൽ അണിനിരന്നു. തിരുവനന്തപുരം സിറ്റി പൊലീസിന്റെയും കേരള സായുധ പൊലീസിന്റെയും ബാൻഡ് സംഘവുമുണ്ടായിരുന്നു. വായൂ സേന സ്‌ക്വാഡ്രൺ ലീഡർ ആർ. രാഹുലായിരുന്നു പരേഡ് കമാൻഡർ. കരസേനാ മേജർ സച്ചിൻ കുമാർ സെക്കൻഡ് ഇൻ കമാൻഡ് ആയി. ധനമന്ത്രി കെ.എൻ. ബാലഗോപാൽ ചടങ്ങിൽ സന്നിഹിതനായിരുന്നു. ജില്ലയിൽനിന്നുള്ള എം.എൽ.എമാർ, ജനപ്രതിനിധികൾ, ഉന്നത ഉദ്യോഗസ്ഥർ, സൈനിക ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പചക്രം അർപ്പിച്ചശേഷമാണു സെൻട്രൽ സ്റ്റേഡിയത്തിലെ സംസ്ഥാനതല റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കാൻ ഗവർണർ എത്തിയത്.