രണ്ട് ദിവസത്തെ രാജസ്ഥാൻ സന്ദർശനത്തിനായി ജയ്‌സാൽമീറിലെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ത്യ-പാക് അതിർത്തിയിലെ സുരക്ഷാ സ്ഥിതിഗതികൾ അവലോകനം ചെയ്തു.
അന്താരാഷ്ട്ര അതിർത്തിയിൽ ബിഎസ്എഫ് ജവാന്മാർ നടത്തുന്ന പട്രോളിംഗും അദ്ദേഹം വീക്ഷിച്ചു.
രോഹിതാഷ് പോസ്റ്റിലെ ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അവരോടൊപ്പം രാത്രി ചെലവഴിച്ചു.
ഇന്നലെ ജയ്‌സാൽമീറിലെത്തിയ കേന്ദ്രമന്ത്രിക്ക് അതിർത്തി രക്ഷാ സേന ഗാർഡ് ഓഫ് ഓണർ നൽകി.
തുടർന്ന് അമിത് ഷാ തനോട്ട് മാതേശ്വരി ക്ഷേത്രത്തിൽ ദർശനം നടത്തി.
വിജയ സ്തംഭത്തിൽ പുഷ്പചക്രം അർപ്പിച്ച് അദ്ദേഹം രക്തസാക്ഷികൾക്ക് ആദരാഞ്ജലിയർപ്പിച്ചു.
ഇന്ന് രാവിലെ ജയ്‌സാൽമീറിലെ ഷഹീദ് പൂനം സിംഗ് സ്റ്റേഡിയത്തിൽ നടക്കുന്ന അതിർത്തി സുരക്ഷാ സേനയുടെ 57-ാമത് സ്ഥാപക ദിന പരേഡിൽ ആഭ്യന്തരമന്ത്രി മുഖ്യാതിഥിയായി പങ്കെടുക്കും.
ഡൽഹിക്ക് പുറത്ത് ജയ്‌സാൽമീറിലാണ് ആദ്യമായി പരേഡ് സംഘടിപ്പിക്കുന്നത്.
പരേഡിന് ശേഷം ആഭ്യന്തരമന്ത്രി ജയ്പൂരിലേക്ക് പോകും.
അവിടെ ബിജെപി സംഘടിപ്പിക്കുന്ന 2 പരിപാടികളെ അമിത് ഷാ അഭിസംബോധന ചെയ്യും.