തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൽ ഏറവും ആകാംഷയോടെ നോക്കിയിരുന്ന ആരോഗ്യ വകുപ്പിന് വനിതാ മന്ത്രി തന്നെ. ഏറെ വിവാദമായിരുന്ന ആരോഗ്യമന്ത്രി സ്ഥാനം പത്തനംതിട്ട ആറന്മുളയിൽ നിന്നുള്ള എം.എൽ.എ വീണാ ജോർജിനാണ് ഇപ്പോൾ പാർട്ടി സമ്മാതിക്കുന്നത്. കെ.കെ ഷൈലജയുടെ പിൻഗാമിയായി വീണാ ജോർജ് എത്തുമെന്നും ഏതാണ്ട് ഉറപ്പായി.
ഷൈലജ ടീച്ചറുടെ പിൻഗാമിയാകുന്നതോടെ കേരളം ഉറ്റ് നോക്കുന്ന മന്ത്രിയായി വീണയും മാറും. കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ നിന്നുള്ള എം.എൽ.എയായ കെ.എൻ ബാലഗോപാലിനാവും ധനവകുപ്പെന്നാണ് ലഭിക്കുന്ന സൂചന. നേമത്ത് ബി.ജെപിയുടെ അക്കൗണ്ട് പൂട്ടിച്ചെത്തിയ വി.ശിവൻകുട്ടിയ്ക്കാണ് വിദ്യാഭ്യാസ വകുപ്പ്. കഴിഞ്ഞ തവണ കെ.ടി ജലീൽ ഭരിച്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് കോളേജ് വിദ്യാഭ്യാസത്തിൽ മുൻ പരിചയമുള്ള മുൻ തൃശൂർ മേയർകൂടിയായ ആർ ബിന്ദുവിനു ലഭിക്കും. സാമൂഹിക ക്ഷേമവകുപ്പ് കൂടി ആർ.ബിന്ദു നയിക്കും.
കളമേശരിയിൽ നിന്നുള്ള എം.എൽ.എയും സി.പി.എമ്മിന്റെ മുതിർന്ന നേതാവുമായ പി രാജീവിനെയാണ് വ്യവസായ വകുപ്പിലേയ്ക്കു പരിഗണിക്കുന്നത്. സി.പി.എമ്മിന്റെ ഏറ്റവും തല മുതിർന്ന നേതാവും കേന്ദ്ര കമ്മിറ്റി അംഗവുമായ എം.വി ഗോവിന്ദൻമാസ്റ്റരെയാണ് തദ്ദേശസ്വയംഭരണ വകുപ്പിലേയ്ക്കു പരിഗണിക്കുന്നത്.