യംഗ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം സംസ്ഥാനാത്തിന്റെ സമഗ്ര വികസനത്തിന് മുതല്‍ക്കൂട്ട്: മുഖ്യമന്ത്രി

Share

ജില്ലാതല സെമിനാര്‍ എച്ച്. സലാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: സുസ്ഥിരതയിലും തുല്യതയിലും ഊന്നിയുള്ള സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ യംഗ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാമിന് (വൈ.ഐ.പി) സാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. 

ശാസ്ത്രത്തെയും സാങ്കേതിക വിദ്യയയെും മനുഷ്യ നന്മയ്ക്കും സാമൂഹ്യ പുരോഗതിക്കുമായി ഉപയോഗിക്കണമെന്നതാണ് സര്‍ക്കാരിന്റെ കാഴ്ച്ചപ്പാട്. ശാസ്ത്ര-സാങ്കേതിക മേഖലകളിലെ മുന്നേറ്റങ്ങളെ സ്വാംശീകരിക്കാനും  ദൈനംദിന ജീവിതത്തിലെ പ്രശ്‌നങ്ങള്‍ക്ക് പരിഗഹാരം കാണുന്നതിന് അവയെ പ്രയോജനപ്പെടുത്താനും വൈ.ഐ.പിക്ക് കഴിയും. 

നൈപുണ്യ വികസനം, വ്യവസായ പുനസംഘടന, കാര്‍ഷിക നവീകരണം തുടങ്ങിയവയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ട് നാല്‍പ്പതു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള സര്‍ക്കാരിന്റെ പരിശ്രമങ്ങളില്‍ കൃത്യമായ ഇടപെടല്‍ നടത്താനും ഈ പദ്ധതിക്ക് കഴിയണം. 2018ല്‍ തുടക്കം കുറിച്ച യംഗ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാമില്‍ ഈ വര്‍ഷം മുപ്പതിനായിരം ടീമുകളിലായി  ഒരു ലക്ഷം വിദ്യാര്‍ഥികളെ പങ്കടെുപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഒമ്പതിനായിരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇതിന്റെ ഭാഗമാകും. 5500 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍  രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.

തിരഞ്ഞെടുത്ത 20 മേഖലയില്‍ പ്രായോഗിക ജീവല്‍ പ്രശ്‌നങ്ങളുടെ പരിഹാരത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടാണ് 2021ലെ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഈ പരിപാടിയെ നിരന്തരം നവീകരിച്ചുകൊണ്ടേയിരിക്കണം. അപ്പോള്‍ മാത്രമേ ഇന്നോവേഷന്‍ എന്ന ആശയയം അര്‍ത്ഥവത്താക്കാന്‍ കഴിയും-മുഖ്യമന്ത്രി പറഞ്ഞു.

പരിപാടിയോടനുബന്ധിച്ച് ആലപ്പുഴ പറവൂര്‍ കേപ് കാമ്പസില്‍ ആധുനിക മെഡിസിനും ബയോമെഡിക്കല്‍ സാങ്കേതികവിദ്യകളും എന്ന വിഷയത്തില്‍ നടന്ന ജില്ലാതല ആശയരൂപീകരണ സെമിനാര്‍  എച്ച്. സലാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സര്‍ക്കാരിന്റെ പിന്തുണയോടെ നൂതന ആശയങ്ങളും സാങ്കേതിക വിദ്യകളും പ്രയോജനപ്പെടുത്തി സമൂഹത്തിലെ നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ യുവ തലമുറയ്ക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. 

ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍ അധ്യക്ഷത വഹിച്ചു. പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജിത സതീശന്‍, കേപ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊ. റൂബിന്‍ വി വര്‍ഗീസ്, കെ ഡിസ്‌ക് പ്രോഗ്രാം എക്‌സിക്യൂട്ടീവ് ആര്‍. അബ്ദുള്ള ആസാദ് വിവിധ കോളേജ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.