മൻസിയ: കൂടൽമാണിക്യം തന്ത്രി രാജിവച്ചു

Share

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ നൃത്തോത്സവത്തില്‍ പരിപാടി അവതരിപ്പിക്കാന്‍ നര്‍ത്തകിയായ മന്‍സിയയെ വിലക്കിയതിന് പിന്നാലെ ക്ഷേത്ര ഭരണസമിതിയില്‍ നിന്ന് തന്ത്രി പ്രതിനിധി എന്‍.പി.പി നമ്പൂതിരിപ്പാട് രാജിവച്ചു.

ഇടതുപക്ഷം നേതൃത്വം നല്‍കുന്ന ഭരണസമിതിയാണ് കൂടല്‍മാണിക്യം ക്ഷേത്രത്തിലുള്ളത്. മന്‍സിയക്ക് നൃത്തം അവതരിപ്പിക്കാന്‍ അവസരം നിഷേധിച്ചതിനെ തുടര്‍ന്ന് സമിതിയില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. നോട്ടീസിലടക്കം പേര് അച്ചടിച്ചിറക്കിയതിന് ശേഷമാണ് മന്‍സിയക്ക് അവസരം നിഷേധിച്ചത്.

അഹിന്ദു ആയതിനാലാണ് ക്ഷേത്ര മതില്‍ക്കെട്ടിന് അകത്ത് നടക്കുന്ന പരിപാടിയില്‍ നിന്നും ഒഴിവാക്കേണ്ടി വന്നത് എന്നാണ് സംഘാടകരുടെ വിശദീകരണം.
ഹൈന്ദവരായ കലാകാരന്മാര്‍ക്കാണ് പരിപാടി അവതരിപ്പിക്കാന്‍ അവസരം എന്ന് പത്ര പരസ്യത്തില്‍ വ്യക്തമാക്കിയിരുന്നു എന്ന് ദേവസ്വം ചെയര്‍മാന്‍ യു പ്രദീപ് മേനോൻ   അറിയിച്ചു.

പരമേശ്വരന്‍ നമ്പൂതിരിപ്പാട് രാജി നല്‍കിയെന്നും എന്നാല്‍ ഭരണസമിതി രാജി സ്വീകരിച്ചിട്ടില്ലെന്നുമാണ് ദേവസ്വം ചെയര്‍മാന്‍ യു പ്രദീപ് മേനോൻറെ പ്രതികരണം. 

അതേ സമയം മന്‍സിയക്ക് പിന്തുണയറിയിച്ച് വിശ്വഹിന്ദു പരിഷത്തും ഹിന്ദു ഐക്യവേദിയും  രംഗത്തെത്തി. മതത്തിൻറെയും ജാതിയുടെയും പേരില്‍ കലാകാരിക്ക് അവസരം നിഷേധിക്കരുതെന്നും നിലപാട് തിരുത്തണമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി രമേശ് കൂട്ടാല പറഞ്ഞു. വിശ്വാസികളായ അഹിന്ദുക്കള്‍ക്കും ക്ഷേത്രങ്ങളില്‍ പ്രവേശിക്കാനുള്ള അവസരം നല്‍കണമെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ദേവസ്വം ചെയര്‍മാന്‍ പ്രദീപ് മേനോന് ഹിന്ദു ഐക്യവേദി നിവേദനം നല്‍കിയിട്ടുണ്ട്.

മലപ്പുറം വള്ളുവമ്പ്രം സ്വദേശിനിയാണ് മന്‍സിയ. മദ്രാസ് സര്‍വകലാശാലയില്‍ നിന്നു എം.എ ഭരതനാട്യം ഒന്നാം റാങ്കോടെയാണ് പാസായത്.

സി പി എം ഭരണസമിതിയുള്ള ക്ഷേത്രങ്ങളിൽ ഒന്നും അഹിന്ദുക്കളെ പ്രവേശിപ്പിക്കുന്നില്ല. കണ്ണൂരിൽ അടുത്തകാലത്ത് മകൻ മുസ്ലിമിനെ വിവാഹം ചെയ്തതിനാൽ പൂരക്കളി കലാകാരനെ വിലക്കിയ ക്ഷേത്രം സമിതിയും സി പി എം നേതൃത്വത്തിലാണ്. വർഷങ്ങൾക്ക് മുൻപ് പറവൂർ ശ്രീധരൻ തന്ത്രിയുടെ മകൻ രാജേഷിനെയും സി പി എം വിലക്കിയിരുന്നു.