ഇരിങ്ങാലക്കുട: ഹിന്ദു മതവിശ്വാസി അല്ലാത്തത് കൊണ്ട് കൂടല്‍മാണിക്യം ഉത്സവത്തോട് അനുബന്ധിച്ചുള്ള നൃത്തോല്‍സവത്തില്‍ നിന്നു ഒഴിവാക്കിയതായി പ്രശസ്ത നര്‍ത്തകി മന്‍സിയ വിപി. ഏപ്രിൽ 21 വൈകീട്ട് നടക്കേണ്ട പരിപാടിയുടെ നോട്ടീസില്‍ അടക്കം മന്‍സിയയുടെ പേര് ഉണ്ടെങ്കിലും പരിപാടി നടത്താന്‍ സാധിക്കില്ലെന്നാണ് ക്ഷേത്രഭാരവാഹികളില്‍ ഒരാള്‍ വിളിച്ച് പറഞ്ഞത് എന്ന് മന്‍സിയ.
ഗുരുവായൂർ ഉത്സവത്തിനോടനുബന്ധിച്ച് തനിക്ക് തന്ന അവസരവും ഇതേ കാരണത്താൽ ഒഴിവായി പോയിരുന്നു എന്നു മന്‍സിയ പറയുന്നു.
എന്നാൽ, അഹിന്ദുക്കൾക്ക് ക്ഷേത്ര മതിൽക്കെട്ടിനകത്തേക്ക് പ്രവേശനമില്ലെന്ന് ദേവസ്വം പ്രസിഡൻറ് പ്രദീപ് മേനോൻ വിശദീകരിച്ചു. പരിപാടികൾ അവതരിപ്പിക്കാൻ അപേക്ഷ ക്ഷണിച്ച പത്ര പരസ്യത്തിൽ ഹൈന്ദവാചാരം പിന്തുടരുന്നവർ അപേക്ഷിക്കാനാണ് പറഞ്ഞിരുന്നത്.
മൻസിയയുടെ ഫേസ്ബുക് പോസ്റ്റ്
കൂടൽമാണിക്യം ഉത്സവത്തോടനുബന്ധിച്ചുള്ള “നൃത്തോൽസവത്തിൽ” ഏപ്രിൽ 21 വൈകീട്ട് 4 to 5 വരെ ചാർട്ട് ചെയ്ത എൻറെ പരിപാടി നടത്താൻ സാധിക്കില്ല എന്ന വിവരം പറഞ്ഞുകൊണ്ട് ക്ഷേത്രഭാരവാഹികളിൽ ഒരാൾ എന്നെ വിളിച്ചു. അഹിന്ദു ആയതു കാരണം അവിടെ കളിക്കാൻ സാധിക്കില്ലത്രേ.
നല്ല നർത്തകി ആണോ എന്നല്ല മതത്തിൻ്റെ അടിസ്ഥാനത്തിൽ ആണ് എല്ലാ വേദികളും. വിവാഹം കഴിഞ്ഞതോടെ ഹിന്ദു മതത്തിലേക്ക് convert ആയോ എന്നൊരു ചോദ്യവും വന്നു കേട്ടോ. ഒരു മതവുമില്ലാത്ത ഞാൻ എങ്ങോട്ട് convert ആവാൻ.. ഇത് പുതിയ അനുഭവം ഒന്നുമല്ല.
വർഷങ്ങൾക്ക് മുൻപ് ഗുരുവായൂർ ഉത്സവത്തിനോടനുബന്ധിച്ച് എനിക്ക് തന്ന അവസരവും ഇതേ കാരണത്താൽ ക്യാൻസൽ ആയി പോയിരുന്നു. കലകളും കലാകാരരും മതവും ജാതിയുമായി കെട്ടിമറഞ്ഞു കൊണ്ടേയിരിക്കും. അതൊരു മതത്തിനു നിഷിദ്ധമാകുമ്പോൾ മറ്റൊരു മതത്തിന്റെ കുത്തക ആവുന്നു.
#മതേതര കേരളം.
Nb: ഇതിലും വലിയ മാറ്റിനിർത്തൽ അനുഭവിച്ചു വന്നതാണ്. ഇതെന്നെ സംബന്ധിച്ച് ഒന്നുമല്ല. ഇവിടെ കുറിക്കുന്നത് കാലം ഇനിയും മാറിയില്ല എന്നു മാത്രമല്ല വീണ്ടും വീണ്ടും കുഴിയിലേക്കാണ് പോക്കെന്ന് സ്വയം ഓർക്കാൻ വേണ്ടി മാത്രം..