മുല്ലപ്പെരിയാര്‍ അണക്കെട്ട് ഇന്ന് ( 29 ) രാവിലെ ഏഴിന് തുറക്കുമെന്ന് തമിഴ്‌നാട് അറിയിച്ചിട്ടുണ്ട്. ജലനിരപ്പ് 138 അടി ഒക്ടോബര്‍ 31 വരെ നിലനിര്‍ത്തുന്നതിനാണ് ജലം തുറന്നു വിടുന്നത്. മുല്ലപ്പെരിയാര്‍ ഡാമിന്റ സംഭരണ ശേഷി 12.758 ടി എം സി ജലമാണ്. ഇടുക്കിയുടേത് 70.5 ടി എം സി യും. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 138 അടിയില്‍ നിലനിര്‍ത്തുന്നതിന് ആവശ്യമായ ജലം തുറന്നു വിട്ടാല്‍ ഇടുക്കി ഡാമില്‍ നാലിലൊന്നു അടി മാത്രമേ ജലനിരപ്പ് ഉയരുകയുളളു. 2398.3l അടി വെളളം സംഭരിക്കാന്‍ ശേഷിയുള്ളപ്പോഴാണ് 2398.08 അടി ജലനിരപ്പെത്തിയപ്പോള്‍ ഇടുക്കി ഡാം തുറന്നത്. അതിനാല്‍ മുല്ലപ്പെരിയാറില്‍ നിന്ന് തുറന്നു വിടുന്ന ജലം ഉള്‍ക്കൊള്ളാന്‍ ഇടുക്കിക്ക് കഴിയുമെന്നും കണക്കുകള്‍ ഉദ്ധരിച്ച് മന്ത്രി വ്യക്തമാക്കി.
മുല്ലപ്പെരിയാര്‍ മുതല്‍ ഇടുക്കി വരെയുള്ള 24 കിലോമീറ്റര്‍ മുല്ലയാറില്‍ ഏകദേശം 60 സെ.മീ താഴെ മാത്രമാണ് ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളൂ. പുഴയില്‍ രണ്ടടി വെള്ളമുയര്‍ന്നാല്‍ ബാധിക്കുന്ന 350 കുടുംബങ്ങളിലെ 1079 പേരെയും സുരക്ഷിതമായി മാറ്റിയിട്ടുണ്ട്. 11 കുടുബത്തിലെ 35 പേരെ വണ്ടിപ്പെരിയാര്‍ മോഹന ഓഡിറ്റോറിയത്തിലേക്കും നാല് കുടുബത്തിലെ 19 പേരെ വണ്ടിപ്പെരിയാര്‍ സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലും സജ്ജമാക്കിയ ക്യാമ്പിലേക്കും മാറ്റി. മറ്റുള്ളവര്‍ ബന്ധു ഭവനങ്ങളിലേക്കാണ് മാറിയിട്ടുള്ളത്.
മൂന്ന് താലൂക്കിലെ ഏഴ് വില്ലേജിലെ മാറ്റി പാര്‍പ്പിക്കേണ്ട വരെ മുഴുവനും കണ്ടെത്തിയിട്ടുണ്ട്. ഇടുക്കി ഡാം തുറന്നപ്പോള്‍ കൈക്കൊണ്ട മുന്നൊരുക്കങ്ങളെല്ലാം മുല്ലപ്പെരിയാര്‍ ഡാം തുറക്കുന്നതിന് മുന്നോടിയായി കൈക്കൊണ്ടിട്ടുണ്ട്. റവന്യു, ആരോഗ്യം, ഫയര്‍ഫോഴ്‌സ്, വനം, പോലീസ് തുടങ്ങീ എല്ലാ വകുപ്പുകളും പ്രത്യേക സംഘങ്ങളെ രൂപീകരിച്ച് സുരക്ഷാ ക്രമീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ആളുകളെ ഒഴിപ്പിച്ച വീടുകളുള്ള മേഖലയില്‍ പോലീസ് പട്രോളിങ് ഏര്‍പ്പെടുത്തി. കട്ടപ്പന, പീരുമേട് താലൂക്ക് ആശുപത്രിയിലും വണ്ടിപ്പെരിയാര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലും അടിയന്തര ചികിത്സാ സംവിധാനമൊരുക്കിയിട്ടുണ്ട്. വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നതിന് മുല്ലയാറിലെ തടസങ്ങള്‍ നീക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി എസ്റ്റേറ്റുകളുടെ ഗേറ്റുകള്‍ എല്ലാം തുറന്നിടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വില്ലേജ്, താലുക്ക്, കലക്ട്രേറ്റില്‍ ജില്ലാതലത്തിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. എല്ലവിധ സുരക്ഷാ ഉപകരണങ്ങളോടുകൂടി ഫയര്‍ഫോഴ്‌സും സജ്ജമാണെന്നും മന്ത്രി അറിയിച്ചു. തേക്കടി പെരിയാര്‍ ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ വാഴൂര്‍ സോമന്‍ എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്, ജലസേചന വകുപ്പ് ചീഫ് എന്‍ജിനീയര്‍ അലക്‌സ് വര്‍ഗീസ്, കുമളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോന്‍ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.