മിഷനുകള്‍ ജനപങ്കാളിത്തത്തോടുകൂടി മുന്നോട്ടുകൊണ്ട് പോകും: മുഖ്യമന്ത്രി

Share

നവകേരളം കര്‍മ്മ പദ്ധതിയിലൂടെ നിലവിലുള്ള നാല് മിഷനുകള്‍ ജനപങ്കാളിത്തത്തോടെ കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കഴിഞ്ഞ കാലനേട്ടങ്ങള്‍ നിലനിര്‍ത്തി പുതിയ നേട്ടങ്ങളിലേക്ക് പ്രവേശിക്കണം. നവകേരളം കര്‍മ്മ പദ്ധതി സംസ്ഥാന കര്‍മ്മ സമിതിയോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ ദേശീയശ്രദ്ധ പിടിച്ച്പറ്റാന്‍ നമുക്കായി. ഇനിയും ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനുണ്ട്. ഓരോ മേഖലയിലും ഉണ്ടായ നേട്ടങ്ങളെ കാലനുസൃതമാക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കണം. കഴിയുന്നത്ര അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണം.

സമൂഹത്തില്‍ ഏതെങ്കിലും മേഖല പുറകോട്ട് പോയാല്‍ അത് നവകേരള സൃഷ്ടി എന്ന ആശയത്തെ പ്രതികൂലമായി ബാധിക്കും. നദികള്‍ മലിനമാകുന്നതും മാലിന്യം കെട്ടികിടക്കുന്നതും പുരോഗമന സമൂഹത്തിന് യോജിച്ചതല്ല. സ്വന്തം വീട്ടിലെ മാലിന്യം മറ്റുള്ളവരുടെ സ്ഥലത്തേക്ക് വലിച്ചെറിയുന്ന മനോഭാഗത്തിന് ഹരിത കേരളം മിഷന്‍ പ്രവര്‍ത്തനങ്ങളോടെ നല്ല മാറ്റങ്ങള്‍ ഉണ്ടായെങ്കിലും പൂര്‍ണ്ണമായും ഇല്ലാതാക്കാനായിട്ടില്ല. വീട് സ്വപ്നം കണ്ട് മണ്ണടിയുന്ന പാവങ്ങള്‍ക്ക് വേണ്ടിയുള്ള ലൈഫ് പദ്ധതി പൂര്‍ത്തിയാക്കും. പരമ ദരിദ്ര വിഭാഗത്തിനുള്ള ഭവനസമുച്ചയത്തില്‍ കുട്ടികളുടെ പഠനം, പ്രിപ്രൈമറി സംവിധാനം, കിടപ്പിലായവര്‍ക്കുള്ള ചികിത്സാസൗകര്യം ഉള്‍പ്പെടെയുള്ള സമഗ്ര പദ്ധതിയാണ് ഉദ്ദേശിക്കുന്നത്.

വിവിധ വകുപ്പുകള്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ വകുപ്പ് തലത്തില്‍ നിര്‍വഹിക്കണം. നവകേരള കര്‍മ്മ പദ്ധതി സെല്‍ അവ ഏകോപിപ്പിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കേവിഡ് പ്രതിരോധവുമായി ബന്ധപെട്ട് പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവായ തുക സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രളയത്തില്‍ ഭാഗികമായി വീടുകള്‍ തകര്‍ന്നവര്‍ക്ക് ലൈഫ് മാനദണ്ഡപ്രകാരം അര്‍ഹതയുണ്ടെങ്കില്‍ വീട് നല്‍കും. നവകേരള കര്‍മ്മ പദ്ധതി പ്രവര്‍ത്തനങ്ങളുടെ വിശദമായ മാര്‍ഗരേഖ സെപ്തംബര്‍ 25നകം വികസിപ്പിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

വികസന പ്രവര്‍ത്തനങ്ങള്‍ സമയ ബന്ധിതമായി പൂര്‍ത്തീകരിക്കണമെന്നും സര്‍ക്കാരിന്‍റെ നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു.

യോഗത്തില്‍ മന്ത്രിമാര്‍, പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍, ചീഫ് സെക്രട്ടറി, സെക്രട്ടറിമാര്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, നവകേരളം കര്‍മ്മ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.