കഴക്കൂട്ടം മാജിക് പ്‌ളാനറ്റിലെ ഡിഫറന്റ് ആർട്ട് സെന്റർ തദ്ദേശസ്വയംഭരണ മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു. ഒക്‌ടോബറിൽ ഇവിടെ സംഘടിപ്പിക്കുന്ന സഹയാത്ര പദ്ധതിയുടെ ലോഗോ മന്ത്രി പ്രകാശനം ചെയ്തു. വിവിധ ശേഷിയുള്ള കുട്ടികളാണ് ഇവിടെയുള്ളതെന്ന് മന്ത്രി പറഞ്ഞു. ഓരോരുത്തർക്കും വ്യത്യസ്തമായ കഴിവുകളാണുള്ളത്. ഇത് കൃത്യമായി കണ്ടെത്തി പ്രോത്‌സാഹിപ്പിക്കാനാകണം. കഴിവുകൾ കണ്ടെത്തി പ്രോത്‌സാഹിപ്പിച്ചാൽ മറ്റുള്ളവരെപ്പോലെയോ അതിനു മുകളിലോ എത്താൻ കഴിവുള്ള കുട്ടികളാണെന്ന് മന്ത്രി പറഞ്ഞു.
കുട്ടികൾ പാട്ടും നൃത്തവും മാജിക്കും അവതരിപ്പിച്ചു. കുട്ടികൾ ചിത്രം വരയ്ക്കുന്നതും മന്ത്രി നേരിട്ട് കണ്ടു. മാജിക് അക്കാഡമി സ്ഥാപകൻ ഗോപിനാഥ് മുതുകാട് സന്നിഹിതനായിരുന്നു.