മഴക്കെടുതി: റോഡും പാലങ്ങളും തകര്‍ന്ന് 37.43 കോടിയുടെ നഷ്ടം: മന്ത്രി വി.എന്‍ വാസവന്‍

Share

കോട്ടയം: മഴക്കെടുതിയില്‍ ജില്ലയില്‍ 59 റോഡുകള്‍ നശിച്ചതായും 31.08 കോടി രൂപയുടെ നഷ്ടമുണ്ടായതായും സഹകരണ രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. ദുരിതബാധിതമേഖലകളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും തുടര്‍ നടപടികളും വിലയിരുത്തുന്നതിനായി മുണ്ടക്കയം ഗ്രാമപഞ്ചായത്ത് ഹാളില്‍ കൂടിയ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. റോഡുകള്‍ നന്നാക്കുന്നതിനായി 48.69 കോടി രൂപ വേണ്ടി വരുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.  പാലങ്ങള്‍ക്ക് 6.35 കോടി രൂപയുടെ നാശനഷ്ടമുണ്ടായതാണ് പ്രാഥമിക വിലയിരുത്തല്‍. പൊതുമരാമത്ത് പാലം വിഭാഗത്തിന് കീഴിലുള്ള 16 പാലങ്ങള്‍ക്ക് നാശനഷ്ടമുണ്ടായിട്ടുണ്ട്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ കീഴിലുള്ള റോഡുകള്‍ക്കും വ്യാപക നാശനഷ്ടമുണ്ടായതായാണ് വിലയിരുത്തല്‍.  പൊതുമരാമത്ത്- റോഡ്, പാലം വിഭാഗങ്ങള്‍ നഷ്ടം കണക്കാക്കി പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. വീടുകളുടെ നാശം, മറ്റു നാശനഷ്ടങ്ങള്‍ എന്നിവ തിട്ടപ്പെടുത്തി നാളെ റവന്യു വകുപ്പ് റിപ്പോര്‍ട്ട് നല്‍കും. കൃഷി വകുപ്പ് പ്രാഥമിക നഷ്ടം വിലിയിരുത്തിയെങ്കിലും കണക്കെടുപ്പ് തുടരുകയാണ്. ഒരാഴ്ചയ്ക്കകം കണക്കെടുപ്പ് പൂര്‍ത്തീകരിക്കും. ഉരുള്‍പൊട്ടലിലും മലവെള്ളപ്പാച്ചിലിലും ഒറ്റപ്പെട്ടുപോയ പ്രദേശങ്ങളിലേക്കുള്ള ഗതാഗതവും വൈദ്യുതി ബന്ധവും പുനസ്ഥാപിക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തികള്‍ നടക്കുകയാണ്. കുടിവെള്ള പ്രശ്നം അടിയന്തരമായി പരിഹരിക്കുന്നതിനും പ്രളയത്തില്‍ മുങ്ങിയ കിണറുകളിലെ ജലം ഉപയോഗയോഗ്യമാണോയെന്ന് പരിശോധിക്കുന്നതിനും സത്വര നടപടി സ്വീകരിക്കാന്‍ ജല അതോറിറ്റിയെ ചുമതലപ്പെടുത്തി. വ്യാപാരസ്ഥാപനങ്ങള്‍ക്കും കച്ചവടക്കാര്‍ക്കും ഉണ്ടായ നഷ്ടം വിലയിരുത്താന്‍ റവന്യു വകുപ്പ് മുഖേന നടപടി സ്വീകരിക്കും. മലവെള്ളപ്പാച്ചിലില്‍ റേഷന്‍ കാര്‍ഡടക്കം നഷ്ടപ്പെട്ട രേഖകള്‍ വേഗത്തില്‍ ലഭ്യമാക്കുന്നതിന് കളക്ടറേറ്റില്‍ സംവിധാനമൊരുക്കും. എല്ലാ വകുപ്പുകളും നഷ്ടങ്ങള്‍ വിലയിരുത്തി യുദ്ധകാലാടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദ്ദേശിച്ചു. വകുപ്പുകള്‍ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ക്ക് പുറമെ തദ്ദേശസ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള റോഡുകള്‍ അടക്കം വിവിധ മേഖലകളിലുണ്ടായ നഷ്ടം വിലയിരുത്തി തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കണം. ദുരന്തബാധിതരെ സഹായിക്കാന്‍ എല്ലാ സംവിധാനവുമൊരുക്കുമെന്ന് മന്ത്രി പറഞ്ഞു. മീനച്ചില്‍ താലൂക്കിലെ മഴക്കെടുതിയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങലും വിലയിരുത്താന്‍ ഇന്ന് ഉച്ചയ്ക്ക് 12ന് മന്ത്രിയുടെ  അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ യോഗം ചേരും. സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, അഡ്വ.സെബാസ്റ്റിയന്‍ കുളത്തുങ്കല്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  നിര്‍മ്മലാ ജിമ്മി, ജില്ലാ കളക്ടര്‍ ഡോ. പി.കെ ജയശ്രീ, ജില്ലാ പോലീസ് മേധാവി ഡി. ശില്‍പ്പ, പൊതുമരാമത്ത് ചീഫ് എഞ്ചിനീയര്‍മാരായ അജിത്ത് രാമചന്ദ്രന്‍, എം. മനോ മോഹന്‍, എ. ഡി.എം ജിനു പുന്നൂസ്, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.