തിരുവനന്തപുരം; മലയാളിയായ ജയദേവന്‍ നായര്‍ക്ക് ഹോളിവുഡ് നോര്‍ത്ത് ഫിലിം അവാര്‍ഡ്. ഏറ്റവും മികച്ച സംഗീത സംവിധായകനു നല്കുന്ന ‘ബെസ്റ്റ് ഒറിജിനല്‍ സ്‌കോര്‍’ വിഭാഗത്തിലെ അവാര്‍ഡാണ് ജയദേവനു ലഭിച്ചത്.
മാനി ബെയ്ന്‍സും സെര്‍ഗി വെല്‍ബൊവെറ്റ്‌സും ചേര്‍ന്നു സംവിധാനം ചെയ്ത F. E. A. R. (ഫേസ് എവരിതിംഗ് ആന്റ് റൈസ്) എന്ന ആനീ കോശിയുടെ ചിത്രത്തിനാണ് അവാര്‍ഡ്. കനേഡിയന്‍ ചലച്ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അംഗീകൃത അക്കാഡമിയാണ് ഹോളിവുഡ് നോര്‍ത്ത് ഫിലിം അവാര്‍ഡ്‌സ് നല്കുന്നത്.
ഈ അവാര്‍ഡു കിട്ടുന്ന ആദ്യത്തെ ദക്ഷിണേന്ത്യക്കാരന്‍ ആയ ജയദേവന്‍ ഗാന രചയിതാവും സാഹിത്യകാരനുമായിരുന്ന അഭയദേവിന്റെ കൊച്ചു മകനാണ്. വയലിനിസ്റ്റ് ആയ ജയദേവന്‍ ഡോ. ബാലമുരളീകൃഷ്ണ, യേശുദാസ്, ടി.എം. കൃഷ്ണ, അരുണ, സായിറാം, പി. ഉണ്ണികൃഷ്ണന്‍ തുടങ്ങി ഒട്ടേറെ പ്രഗത്ഭരായ സംഗീതജ്ഞര്‍ക്കൊപ്പം അന്താരാഷ്ട്ര വേദികളില്‍ കച്ചേരികളില്‍ വയലിന്‍ വായിച്ചിട്ടുണ്ട്.
ഇദ്ദേഹത്തിന്റെ കര്‍ണ്ണാടക സംഗീതത്തിലും ഹിന്ദുസ്ഥാനി സംഗീതത്തിലുള്ള പത്തോളം ആല്‍ബങ്ങള്‍ ഇന്‍വിസ് മള്‍ട്ടി മീഡിയ ഇന്ത്യയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാനഡയിലെ ടൊറന്റോ സംഗീതോത്സവത്തിന്റെ മുഖ്യ സംഘാടകനായ ജയദേവന്‍ കാല്‍ നൂറ്റാണ്ടായി കാനഡയില്‍ സ്ഥിര താമസമാണ്.