മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍

Share

ഭൂമി തിരികെ ഏറ്റെടുക്കും

കിന്‍ഫ്ര പാലക്കാട് ജില്ലയില്‍ ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡിനു പാട്ടത്തിനു നല്‍കിയതില്‍ ഉപയോഗിക്കാതെ ശേഷിക്കുന്ന 226.21 ഏക്കര്‍ ഭൂമി തിരികെ ഏറ്റെടുക്കാന്‍ തീരുമാനിച്ചു.

സേവന നികുതിയായ 2.13 കോടി രൂപയും ഭൂമി അനുവദിച്ചതു മുതല്‍ ലീസ് പ്രീമിയം അടയ്ക്കുന്നതിന്റെ കാലതാമത്തിനുള്ള പലിശ ചേര്‍ത്തുള്ള 7.07 കോടി രൂപയും ഇളവു ചെയ്ത് ലീസ് പ്രീമിയം തുകയും 10 ശതമാനം വാര്‍ഷിക പലിശയും ഉള്‍പ്പെടെ 27.59 കോടി രൂപയ്ക്ക് ഏറ്റെടുക്കാന്‍ കിന്‍ഫ്ര മാനേജിംഗ് ഡയറക്ടര്‍ക്ക് അനുമതി നല്‍കി.

കാലാവധി ദീര്‍ഘിപ്പിച്ചു

കേരള സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്റെ കാലാവധി 28.09.2021 മുതല്‍ ആറു മാസത്തേക്കു കൂടി ദീര്‍ഘിപ്പിച്ചു നല്‍കും.

ദുരിതാശ്വാസ നിധിയില്‍ നിന്ന് 10 ലക്ഷം രൂപ

സെപ്റ്റിക്ക് ടാങ്ക് ക്ലീനിങ്ങിനിടെ അപകടമരണം സംഭവിച്ച എറണാകുളം, പെരുമ്പാവൂര്‍, കണ്ണമ്പിള്ളി സുന്ദരി അറുമുഖത്തിന്റെ മകന്‍ ജ്യോതിഷിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 10 ലക്ഷം രൂപ ധനസഹായം അനുവദിക്കും. സ്വീവറേജ് ജോലികളില്‍ ഏര്‍പ്പെടവെ മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണിത്.

ജില്ലകളില്‍ പ്രൊജക്ട് മാനേജ്‌മെന്റ് യൂണിറ്റുകള്‍

കേരളാ സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രൊജക്ടിന് 14 ജില്ലകളില്‍ ജില്ലാ പ്രൊജക്ട് മാനേജ്‌മെന്റ് യൂണിറ്റുകള്‍ രൂപീകരിക്കുന്നതിന് അനുമതി നല്‍കി. 93 നഗര തദ്ദേശ സ്ഥാപനങ്ങളില്‍ പ്രൊജക്ട് ഇംപ്ലിമെന്റേഷന്‍ യൂണിറ്റുകളും സ്റ്റേറ്റ് പ്രൊജക്ട് മാനേജ്‌മെന്റ് യൂണിറ്റില്‍ പ്രൊജക്ട് ഹെഡ് (ഐ ടി), പ്രൊജക്ട് ഹെഡ് (ഇന്‍ഫ്രാസ്ട്രക്ച്ചര്‍) എന്നീ തസ്തികകളും അനുവദിക്കും.

നിയമനം

കേരള സ്റ്റേറ്റ് ഐ ടി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായി തമിഴ്‌നാട് കേഡറില്‍ സേവനം അനുഷ്ഠിക്കവെ സ്വയം വിരമിച്ച സന്തോഷ് ബാബു ഐ എ എസിനെ നിയമിക്കാന്‍ തീരുമാനിച്ചു.

ബസ് സ്റ്റാന്റ് നിര്‍മ്മാണത്തിന് ഒരു ഹെക്ടര്‍ ഭൂമി

ഹോസ്ദുര്‍ഗ് താലൂക്കില്‍ ചീമേനി ഗ്രാമപഞ്ചായത്തിന് ബസ് സ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മിക്കുന്നതിന് ഒരു ഹെക്ടര്‍ ഭൂമി നല്‍കും. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കൈവശമുള്ള പ്ലാന്റിംഗ് ആവശ്യത്തിന് ഉപയോഗിക്കാത്ത ഭൂമി പാട്ടം റദ്ദാക്കി തിരിച്ചെടുത്ത് ആര്‍ ഒന്നിന് നൂറു രൂപ എന്ന സൗജന്യ നിരക്കില്‍ വാര്‍ഷിക പാട്ടത്തിന് 30 വര്‍ഷത്തേയ്ക്ക് നിബന്ധനകളോടെയാണ് നല്‍കുക.