തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടരുമ്പോള്‍ ഇത്തവണ എല്‍ഡിഎഫിനൊപ്പം മത്സരിച്ച മന്ത്രിമാരില്‍ എംഎം മണിയും കെ.കെ.ശൈലജയും വന്‍ ലീഡിലേക്ക് കുതിക്കുമ്പോള്‍ കെ.ടി. ജലീലും ജെ മെഴ്‌സിക്കുട്ടിയമ്മയും പിന്നില്‍. എട്ടു മന്ത്രിമാരില്‍ ആറു പേരും മുന്നേറ്റം തുടരുകയാണ്.
കഴിഞ്ഞ തവണയും വന്‍ ഭൂരിപക്ഷം നേടി വിജയിച്ച വൈദ്യുതി മന്ത്രി എംഎം മണി ഇടുക്കിയില്‍ വന്‍ മുന്നേറ്റം തുടരുകയാണ്. എംഎം മണിയുടെ ലീഡ് 13000 കടന്നിരിക്കുകയാണ്. മട്ടന്നൂരില്‍ മത്സരിക്കുന്ന കെ.കെ.ഷൈലജയുടെ ലീഡ് 8000 കടന്നിരിക്കുകയാണ്. ധര്‍മ്മടത്ത് പിണറായി വിജയന്‍ മുന്നേറ്റം തുടരുകയാണ്. 3300 വോട്ടുകള്‍ക്ക് മുന്നിലാണ് മുഖ്യമന്ത്രി. കഴക്കൂട്ടത്ത് മത്സരിക്കുന്ന ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ലീഡ് 4000 ലേക്ക് കടക്കുകയാണ്.
കോഴിക്കോട് ഏലത്തൂരില്‍ മത്സരിക്കുന്ന എല്‍ഡിഎഫിന്റെ എന്‍സിപി സ്ഥാനാര്‍ത്ഥി എ.കെ. ശശീന്ദ്രന്‍ 4000 വോട്ടുകള്‍ക്ക് മുന്നിലാണ്. കുന്നംകുളത്ത് എ.സി. മൊയ്തീനും 1000 വോട്ടുകള്‍ക്ക് മുന്നിലാണ്. പേരാമ്പ്രയില്‍ മത്സരിക്കുന്ന ടി.പി. രാമകൃഷ്ണനും മുന്നിട്ടു നില്‍ക്കുന്നു. കാഞ്ഞങ്ങാട് മത്സരിക്കുന്ന ഇ ചന്ദ്രശേഖരനും മുന്നേറ്റം തുടരുകയാണ്. 2000 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്.
അതേസമയം തവനൂരില്‍ കെ.ടി. ജലീല്‍ 1600 വോട്ടുകള്‍ക്ക് പിന്നിലാണ്. യുഡിഎഫിന്റെ ഫിറോസ് കുന്നുംപുറം വന്‍ മുന്നേറ്റം തുടരുകയാണ്. കുണ്ടറയില്‍ പിസി. വിഷ്ണുനാഥ് ജെ. മെഴ്‌സിക്കുട്ടിയമ്മ നേരിയ വോട്ടുകള്‍ക്ക് പിന്നിലാണ്.