സ്ത്രീപീഡന പരാതി അറിയിക്കാനായി വിളിച്ച യുവതിയോട് ക്ഷുഭിതയായി പെരുമാറിയ വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈനെതിരെ വ്യാപക പ്രതിഷേധം. നിസ്സഹായയായ ഒരു പെൺകുട്ടിയോട് സ്വന്തം പ്രിവിലേജിന്‍റെ ധാർഷ്ട്യത്തിൽ മറുപടി പറയുന്ന നിങ്ങളെ എന്തിന് കേരളത്തിലെ സ്ത്രീകൾ സഹിക്കണം? മനുഷ്യപ്പറ്റുള്ള ഏതെങ്കിലും സ്ത്രീയെ തൽസ്ഥാനത്തിരുത്താൻ ഉത്തരവാദിത്തപ്പെട്ടവർ ശ്രദ്ധിക്കണമെന്ന് അധ്യാപിക ദീപാ നിഷാന്ത് പ്രതികരിച്ചു.
“ഭർതൃഗൃഹമോ വനിതാ കമ്മീഷനോ ഭേദം? സർക്കാരിനോട് ഒരഭ്യർഥന. പെൺപിള്ളേരെ പേടിപ്പിക്കുന്ന ഒരുത്തരേം വെറുതെ വിടരുത്”- എന്ന് എഴുത്തുകാരി ശാരദക്കുട്ടി പ്രതികരിച്ചു.
ഇത്ര സെൻസും സെൻസിറ്റീവിറ്റിയും വെളിവും കഴിവും ഇല്ലാത്ത വനിതാ കമ്മീഷൻ അധ്യക്ഷയെ ഇനിയും സഹിക്കേണ്ട ഒരു കാര്യവും മലയാളിക്ക് ഇല്ല എന്നാണ് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍റെ പ്രതികരിച്ചത്. ഇടത് വലത് വ്യത്യാസമില്ലാതെ രൂക്ഷവിമര്‍ശനമാണ് എം സി ജോസഫൈനെതിരെ ഉയരുന്നത്.