മതപരമായ പരിഗണനയോ വ്യക്തി സ്വാതന്ത്ര്യ ലംഘനമോ? അയോധ്യയിലെ പുതിയ ഉത്തരവ് വിവാദത്തിൽ

Share

ന്യൂഡൽഹി / അയോധ്യ:
ഉത്തർപ്രദേശിലെ അയോധ്യയിൽ രാമമന്ദിരത്തിന് ചുറ്റുമുള്ള 15 കിലോമീറ്റർ പരിധിയിൽ നോൺ-വെജിറ്റേറിയൻ ഭക്ഷണ ഡെലിവറി നിരോധിച്ച് ജില്ലാ ഭരണകൂടം കർശന ഉത്തരവ് പുറപ്പെടുവിച്ചു. ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകൾ ഉൾപ്പെടെ എല്ലാ തരത്തിലുള്ള മാംസാഹാര വിതരണം ഈ പരിധിയിൽ അനുവദനീയമല്ലെന്ന് അധികൃതർ വ്യക്തമാക്കി.

പാഞ്ച് കോസി പരിക്രമ പ്രദേശത്ത് മാംസാഹാര വിതരണമുണ്ടെന്ന പരാതികൾ ഉയർന്നതിനെ തുടർന്നാണ് നടപടി. ചില ഹോട്ടലുകളും ഹോംസ്റ്റേയുകളും അതിഥികൾക്ക് നോൺ-വെജ് ഭക്ഷണവും മദ്യവും നൽകുന്നതായി കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയതായും, ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഭരണകൂടം അറിയിച്ചു.

2025 മെയ് മാസത്തിൽ സമാനമായ ഒരു വിലക്ക് പ്രഖ്യാപിച്ചിരുന്നെങ്കിലും അത് കൃത്യമായി നടപ്പിലായില്ലെന്ന പരാതികളും ഉയർന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ കൂടുതൽ കർശനമായ നടപടി സ്വീകരിച്ചതെന്ന് അധികൃതർ വിശദീകരിക്കുന്നു.

ഈ തീരുമാനം മതവിശ്വാസികളെ തൃപ്തിപ്പെടുത്തുന്ന നടപടിയായി ചിലർ സ്വാഗതം ചെയ്യുമ്പോൾ,ചെറിയ ഹോട്ടലുകൾ,ഫുഡ് ഡെലിവറി തൊഴിലാളികൾ,ടൂറിസം മേഖലയിലെ സംരംഭകർ,എന്നിവർക്കു ഇത് സാമ്പത്തികമായി തിരിച്ചടിയാകുമെന്ന ആശങ്ക ഉയരുന്നുണ്ട്. അയോധ്യയിൽ എത്തുന്ന വിവിധ സംസ്ഥാനങ്ങളിലെ സന്ദർശകർക്ക് ഭക്ഷണ സ്വാതന്ത്ര്യം പരിമിതമാകുമെന്നും വിമർശനമുണ്ട്.

അയോധ്യയിലെ പുതിയ ഭക്ഷണ നിയന്ത്രണം മതവിശ്വാസവും വ്യക്തി സ്വാതന്ത്ര്യവും തമ്മിലുള്ള തർക്കം വീണ്ടും ചർച്ചയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. ഈ ഉത്തരവ് ദീർഘകാലത്തിൽ സമൂഹത്തെ എങ്ങനെ ബാധിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *