മടവൂർ അനിൽ കോഴ വാങ്ങി, പാർട്ടി അന്വേഷിക്കും

Share

തിരുവനന്തപുരം : സിപിഎം  തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവും മൈനിംഗ് കോർപ്പറേഷൻ ചെയർമാനുമായ മടവൂർ അനിലിനെതിരെ പാർട്ടി അന്വേഷണം പ്രഖ്യാപിച്ചു. 

വിഴിഞ്ഞം തുറമുഖത്തേക്ക് പാറ എത്തിക്കുന്ന ലോറി ഉടമകളിൽ  നിന്നു കൈക്കൂലി വാങ്ങിയെന്ന പാർട്ടി അംഗത്തിൻറെ  പരാതിയിലാണ് നടപടി. അനിൽകൈക്കൂലി വാങ്ങിയെന്ന്  കിളിമാനൂർ ഏരിയ കമ്മിറ്റിക്കാണ് പരാതി ലഭിച്ചത്. സാധാരണക്കാരായ ലോറിക്കാരിൽ നിന്ന് കൂടുതൽ പണം ഈടാക്കി അനിൽ ഉൾപ്പെടെയുള്ളവർ പങ്കിടുന്നുവെന്ന് പരാതിയിൽ പറയുന്നു. 

വിഴിഞ്ഞം തുറമുഖത്തിന് പാറ കൊടുക്കുന്ന ഒരു ക്വാറി നഗരൂരിലെ കടവിളയിൽ പ്രവർത്തിക്കുന്നു. ഇവിടന്നാണ്, ലോറി കരാറുകാരൻ  രഞ്ജിത് ഭാസിക്ക് കല്ല് കൊടുക്കാൻ കരാർ. ലോഡിന് മണിക്കൂറിന് നാലര രൂപയാണ് ഒരു തൊഴിലാളിക്ക് നിശ്ചയിച്ച തുക. എന്നാൽ, ചില ലോറിക്കാർ അഞ്ചേകാൽ രൂപ കൊടുക്കണമെന്ന് അനിൽ നിശ്ചയിച്ചെന്നും അധിക തുക കോഴയാണെന്നും പരാതിയിൽ പറയുന്നു.

ഇതിൻറെ  അടിസ്ഥാനത്തിലാണ് സിപിഎം അന്വേഷണ കമ്മീഷനെ നിയോഗിച്ചത്.

ജില്ലാ സെക്രട്ടേറിയറ്റ് അംഗം ബി പി മുരളി അധ്യക്ഷനായ കമ്മീഷനിൽ , സംസ്ഥാനകമ്മിറ്റി അംഗം വി ജോയ്, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആർ രാമു എന്നിവരാണ് അംഗങ്ങൾ.

ആനത്തലവട്ടം ആനന്ദൻറെ ഭാര്യാ സഹോദരി പുത്രൻ രഞ്ജിത് ഭാസിയാണ് പരാതി നൽകിയ കരാറുകാരൻ. ആനന്ദൻറെ തണലിൽ വളർന്ന അനിൽ പിന്നീട് അദ്ദേഹവുമായി അകന്നു.

പാർട്ടി സംസ്ഥാന സമ്മേളനത്തിനിടെയാണ് ഈ ആരോപണം ഉയർന്നതും കമ്മീഷനെ വച്ചതും. തെളിവെടുപ്പിൽ നിർണായക വിവരങ്ങൾ കിട്ടിയെന്നാണ് സൂചന

പരാതി കള്ളമാണെന്നും യൂണിയൻ ഉണ്ടാക്കിയതിലെ വിരോധമാണെന്നും അനിൽ പറഞ്ഞു. കല്ലറ പാങ്ങോട് സ്വദേശിയാണ് അനിൽ.