ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ ഓഫിസുകൾ ഫെബ്രുവരി 15 മുതൽ ഇ-ഓഫിസിലേക്ക്

Share

ഭക്ഷ്യ-പൊതുവിതരണ വകുപ്പിനു കീഴിലുള്ള എല്ലാ ഓഫിസുകളും ഫെബ്രുവരി 15 മുതൽ പൂർണമായും ഇ-ഓഫിസ് സംവിധാനത്തിലേക്കു മാറുമെന്നു മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. 101 ഓഫിസുകളാണ് വകുപ്പിനു കീഴിൽ സംസ്ഥാനത്തുള്ളത്. ഇ-ഓഫിസിലേക്കു മാറുന്നതോടെ എൻഡ് ടു എൻഡ് കംപ്യൂട്ടറൈസേഷൻ പൂർണമായി നടപ്പാക്കുന്ന സംസ്ഥാനത്തെ ആദ്യ വകുപ്പായി പൊതുവിതരണ വകുപ്പ് മാറുമെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
റേഷൻ വിതരണം, ഭക്ഷ്യധാന്യങ്ങളുടെ അലോക്കേഷൻ, സപ്ലൈ ചെയിൻ മാനേജ്മെന്റ്, റേഷൻ കാർ്ഡ് അപേക്ഷ സ്വീകരണം, വിതരണം തുടങ്ങിയവ നിലവിൽ ഓൺലൈനായാണു നടക്കുന്നത്. ഇതു സംബന്ധിച്ച വിവരങ്ങൾ ട്രാൻസ്പെരൻസി പോർട്ടൽ വഴി പൊതുജനങ്ങൾക്കു പരിശോധിക്കാം. ഇതിനു പുറമേയാണ് എല്ലാ ഓഫിസുകളിലും ഇ-ഓഫിസ് സംവിധാനം നടപ്പാക്കുന്നത്.
ഇ-ഓഫിസ് സംവിധാനത്തിലൂടെ സി.ആർ.ഒ, ടി.എസ്.ഒ, ഡി.എസ്.ഒ, ഡിവൈ.സി.ആർ. എന്നിവർക്ക് കമ്മിഷണർ, ഡയറക്ടർ തുടങ്ങിയവർക്കു നേരിട്ടു ഫയലുകൾ അയക്കാനും വേഗത്തിൽ തീരുമാനമെടുക്കാനും കഴിയും. തപാലുകൾ കൈകാര്യം ചെയ്യുന്നതിനുള്ള കാലതാമസം കുറയ്ക്കാനാകും. ഓരോ ഫയലിന്റെയും നിലവിലെ സ്ഥിതി മനസിലാക്കാം. പേപ്പർ രഹിതമായി ഫയലുകൾ കൈകാര്യം ചെയ്യുന്നതുവഴി പേപ്പറിന്റെ അമിത ഉപയോഗം കുറയ്ക്കാനാകും. വിർച്വൽ പ്രൈവറ്റ് നെറ്റ്വർക്ക് മുഖേന എവിടെ ഇരുന്നും ഫയലുകൾ കൈകാര്യം ചെയ്യാൻ കഴിയുമെന്നതും ഇ-ഓഫിസ് സംവിധാനത്തിന്റെ ഗുണമാണെന്നു മന്ത്രി ചൂണ്ടിക്കാട്ടി.