ആവേശമായി സൈക്കിൾ റൈഡ്
ഉരുപ്പെരുമയുടെ നാട്ടിൽ ജല സാഹസിക മേള. ബേപ്പൂർ വാട്ടർഫെസ്റ്റിനു തുടക്കം കുറിച്ച് നഗരത്തെ ആവേശത്തിലാഴ്ത്തി സൈക്കിൾ റൈഡ്. കോഴിക്കോട് ബീച്ചിൽ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഫ്ലാഗ് ഓഫ് ചെയ്ത റൈഡ് നഗരത്തിലെ വിവിധ കേന്ദ്രങ്ങൾ ചുറ്റി ബേപ്പൂർ മറീനയിൽ സമാപിച്ചു.
മന്ത്രിയിൽ നിന്ന് സൈക്ലിംഗ് കമ്മിറ്റി ലീഡർ സാഹിർ ബാബു സ്വീകരിച്ച ഫെസ്റ്റിന്റെ പതാക ബേപ്പൂരിൽ ജില്ലാ കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി ഉയർത്തിയത്തോടെ ജലോത്സവത്തിന്റെ നാലു പകലിരവുകൾക്ക് തുടക്കമായി
കോഴിക്കോടിനിത് ആഘോഷ നാളുകളാണ്. ബേപ്പൂർ ഫെസ്റ്റ് ചരിത്രത്തിൽ ഇടംനേടുമെന്ന കാര്യത്തിൽ സംശയമില്ലായെന്ന് മന്ത്രി പറഞ്ഞു. ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
കാലിക്കറ്റ് സൈക്ലിങ് കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ കാലിക്കറ്റ് പെഡലെഴ്സ്, ടീം മലബാർ റൈഡേഴ്സ്, മലബാർ സൈക്കിൾ റൈഡഴ്സ് എന്നീ മൂന്നു സൈക്ലിങ് ക്ലബ്ബുകളിലെ നൂറോളം പേരാണ് റൈഡിൽ പങ്കെടുത്തത്. കോഴിക്കോട് ബീച്ച് കോർപറേഷൻ ഓഫീസിനു മുൻപിൽ നിന്നാരംഭിച്ച യാത്ര മാനാഞ്ചിറ, കല്ലായി, മാത്തോട്ടം, നടുവട്ടം ചുറ്റി ബേപ്പൂരിൽ സമാപിക്കുകയായിരുന്നു.
ചടങ്ങിൽ സബ് കലക്ടർ വി ചെൽസസിനി, വിനോദസഞ്ചാര വകുപ്പ് മേഖല ജോയിന്റ് ഡയറക്ടർ സിഎൻ അനിതകുമാരി,കോർപറേഷൻ വാർഡ് കൗൺസിലർ കെ റംലത്ത്, പോർട്ട് ഓഫീസർ അശ്വനി പ്രതാപ്, ക്യാപ്റ്റൻ കെ.കെ ഹരിദാസ്, സേഫ്റ്റി ആൻഡ് റെസ്ക്യൂ കമ്മിറ്റി ചെയർമാൻ ടി.കെ അബ്ദുൽ ഗഫൂർ, കോസ്റ്റ് ഗാർഡ് കമാണ്ടന്റ് ഫ്രാൻസിസ് പോൾ,ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റി ചെയർമാൻ എം.ഗിരീഷ്, കൺവീനർ ജയദീപ് എന്നിവർ പങ്കെടുത്തു. സൈക്കിൾ റൈഡിൽ പങ്കെടുത്തവർക്കുള്ള മൊമെന്റോയും സർട്ടിഫിക്കറ്റ് വിതരണവും നടന്നു.