ബഡായി നിര്‍ത്തി പിണറായി യോഗി ആദിത്യനാഥിനെ മാതൃകയാക്കണം: പി.കെ. കൃഷ്ണദാസ്

Share

തിരുവനന്തപുരം: പിണറായി വിജയന്‍ ബഡായി നിര്‍ത്തി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ മാതൃകയാക്കമമെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് പ്രസ്താവിച്ചു.

വാക്‌സീന്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് വീമ്പിളക്കിയ മുഖ്യമന്ത്രി സൗജന്യ വാക്‌സിന് വേണ്ടി പ്രധാനമന്ത്രിക്ക് കത്തെഴുതിയത് അപഹാസ്യമാണ്. തദ്ദേശ തെരഞ്ഞെടുപ്പു കാലത്ത് മുഖ്യമന്ത്രിയും സിപിഎം നേതൃത്വവും അതിന് ശേഷം ബജറ്റില്‍ ധനമന്ത്രിയും സൗജന്യ വാക്‌സീന്‍ പ്രഖ്യാപനം നടത്തിയത് പൊതുജനം മറന്നിട്ടില്ല.

ജനങ്ങളെ കബിളിപ്പിച്ച് വോട്ടുതട്ടാന്‍ മുഖ്യമന്ത്രി പറഞ്ഞ 900 നുണകളില്‍ ഒന്നായിരുന്നു സൗജന്യ കോവിഡ് വാക്‌സീന്‍ എന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു. പിണറായി വിജയന്‍ ബഡായി വിജയനായി അധപതിച്ചിരിക്കുകയാണ്. ഇക്കാര്യത്തില്‍ യുപിയാണ് കേരളത്തിന് ഉത്തമ മാതൃകയെന്നും അദ്ദേഹം വ്യക്തമാക്കി.


ഉത്തര്‍പ്രദേശില്‍ 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ വിതരണം സൗജന്യമാക്കാന്‍ മുഖ്യമന്ത്രി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചിരിക്കുകയാണ്.

മേയ് ഒന്ന് മുതല്‍ രാജ്യത്തെ 18 വയസിന് മേല്‍ പ്രായമുള്ള എല്ലാവര്‍ക്കും കോവിഡ്-19 വാക്‌സിന്‍ നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് പിന്നാലെയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടത്.

20 കോടിയോളം ജനങ്ങളുള്ള, ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. വാക്‌സിന്‍ വിതരണം ഊര്‍ജ്ജിതപ്പെടുത്താനുള്ള നടപടികള്‍ സംസ്ഥാന ആരോഗ്യവകുപ്പ് ആരംഭിച്ചു കഴിഞ്ഞു.

വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനും 18 വയസിന് മുകളില്‍ പ്രായമുള്ളവരുടെ കൃത്യമായ പട്ടിക തയ്യാറാക്കാനും മുഖ്യമന്തി യോഗി ആദ്യത്യനാഥ് നിര്‍ദേശം നല്‍കി കഴിഞ്ഞു, നമ്പര്‍ വണ്‍ കേരളത്തിന്റെ മുഖ്യ മന്ത്രി ഇപ്പോഴും പ്രധാനമന്ത്രിക്ക് കത്തെഴുതി കാത്തിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടികാട്ടി.