ബജറ്റ് സമ്മേളനം: തയ്യാറെടുപ്പുകൾ വിലയിരുത്തി രാജ്യസഭാ അധ്യക്ഷൻ എം വെങ്കയ്യനായിഡുവും ലോക്സഭാ സ്പീക്കർ ഓം ബിർലയും

Share

പാർലമെൻറിൻറെ ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി രാജ്യസഭാ അധ്യക്ഷൻ എം വെങ്കയ്യനായിഡുവും ലോക്സഭാ സ്പീക്കർ ഓം ബിർലയും തയ്യാറെടുപ്പുകൾ വിലയിരുത്തി.

ലോക് സഭാ സ്പീക്കർ , രാജ്യസഭാധ്യക്ഷനെ സന്ദർശിച്ച് വിവിധ വിഷയങ്ങളിൽ 40 മിനിറ്റോളം ചർച്ച നടത്തി.

കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഇരുസഭകളിലും തിരക്ക് ഒഴിവാക്കാൻ അംഗങ്ങളെ അക്ഷരമാലാ ക്രമത്തിൽ വിവിധ സ്ഥലങ്ങളിൽ മാറ്റിയിരുത്തുന്നത് സംബന്ധിച്ച ഓം ബിർലയുടെ നിർദ്ദേശം വെങ്കയ്യനായിഡു സ്വാഗതം ചെയ്തു.

ഇത് സംബന്ധിച്ച് തങ്ങളുടെ പാർട്ടി അംഗങ്ങളുടെ വിശദാംശങ്ങൾ അതത് പാർട്ടി നേതാക്കളിൽ നിന്ന് ശേഖരിക്കാൻ ഇരു സഭകളുടേയും സെക്രട്ടറി ജനറൽമാർക്ക് നിർദ്ദേശവും നൽകിയിട്ടുണ്ട്.

ഇരുസഭകളുടേയും പ്രതിദിന സമ്മേളന സമയം ഒരു മണിക്കൂർ കുറച്ചതിനാൽ ലഭ്യമായ സമയത്തിന്റെ ഫലപ്രദമായ വിനിയോഗത്തിന് വിവിധ രാഷ്ട്രീയ പാർട്ടികളുടെ സഹകരണവും ഇരു നേതാക്കളും ചർച്ച ചെയ്തു.

പാർലമെന്റ് മന്ദിരം അണുവിമുക്തമാക്കിയതായും കൊറോണ വ്യാപനത്തിനെതിരെ എല്ലാ നടപടികളും ഉറപ്പുവരുത്തിയതായും ഇരു സഭകളുടെയും സെക്രട്ടറി ജനറൽമാർ അറിയിച്ചു.

സമ്മേളനം ആരംഭിക്കുന്നതിന് 48 മണിക്കൂർ മുമ്പായി ആർ റ്റി പി സി ആർ പരിശോധന നടത്താൻ എല്ലാ എം പി മാരോടും അഭ്യർത്ഥിച്ചിട്ടുണ്ട്.

സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിന് സഹകരണം തേടി രാജ്യസഭാ അധ്യക്ഷൻ എം വെങ്കയ്യനായിഡുവും കേന്ദ്ര ഗവൺമെന്റും ഇന്ന് സർവ്വകക്ഷി യോഗം വളിച്ചിട്ടുണ്ട്.

കോവിഡ് സാഹചര്യത്തിൽ വിർച്വലായാണ് യോഗം ചേരുന്നത്.

ബജറ്റിന് മുന്നോടിയായി 2021-22 ലെ സാമ്പത്തിക സർവ്വേ റിപ്പോർട്ട്, ഇന്ന് പാർലമെന്റിന്റെ മേശപ്പുറത്തു വയ്ക്കും.