നാല് സംസ്ഥാനങ്ങളില്‍ നടന്ന ലോക്‌സഭാ, നിയമസഭാ ഉപ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വന്‍ തിരിച്ചടി. തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാള്‍ തൂത്തുവാരിയാണ് മിന്നും ജയമുറപ്പിച്ചത്. അസന്‍സോള്‍ ലോക്‌സഭാ മണ്ഡലത്തില്‍ തൃണമൂല്‍ സ്ഥാനാര്‍ത്ഥി ശത്രുഘന്‍ സിന്‍ഹ വിജയിച്ചു. ബാലിഗഞ്ച് നിയമസഭ മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ബാബുല്‍ സുപ്രിയോ ജയം നേടി. ഇവിടെ സിപിഐഎം സ്ഥാനാര്‍ഥി സൈറ ഷാ ഹലീം രണ്ടാം സ്ഥാനത്തെത്തിയത് ശ്രദ്ധേയമായി. ബിഹാറില്‍ ആര്‍.ജെ.ഡിയും, ഛത്തിസ്ഗഡ് മഹാരാഷ്ട്ര ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും വിജയിച്ചു.
ബിജെപിയുടെ സിറ്റിംഗ് സീറ്റായ അസന്‍സോള്‍, മൂന്ന് ലക്ഷത്തിനടുത്ത് വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് ടിഎംസിയിലെ ശത്രുഘന്‍ സിന്‍ഹ പിടിച്ചെടുത്തത്. അസന്‍സോള്‍ ലോക്‌സഭാ മണ്ഡലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആദ്യ ജയം. അഗ്‌നിമിത്ര പോളിന് ടിഎംസിയുടെ അടുത്തെത്താന്‍ ആകാത്തത് ബിജെപിക്ക് വലിയ ക്ഷീണമാണ്. നരേന്ദ്രമോദി സര്‍ക്കാരിലെ മന്ത്രിയായിരുന്ന ബാബുല്‍ സുപ്രിയോ രാജിവച്ച് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണ് അസന്‍സോളില്‍ ഉപതെരഞ്ഞെടുപ്പ് വന്നത്.
ബാലിഗഞ്ച് നിയമസഭ മണ്ഡലത്തില്‍ മത്സരിച്ച ബാബുല്‍ സുപ്രിയോ മികച്ച വിജയം നേടി. ഇവിടെ സിപിഐഎം സ്ഥാനാര്‍ഥി സൈറ ഷാ ഹലീം രണ്ടാം സ്ഥാനത്തെത്തിയത് ശ്രദ്ധേയമായി. ബിജെപി ഇവിടെ മൂന്നാം സ്ഥാനത്താണ്. ബിജെപിയുടെ അഹങ്കാരം ജനങ്ങള്‍ തകര്‍ത്തു എന്നായിരുന്നു ബാബുല്‍ സുപ്രിയോയുടെ പ്രതികരണം. തൃണമൂല്‍ കോണ്‍ഗ്രസിനെ പിന്തുണച്ച ബംഗാള്‍ ജനതക്ക് നന്ദിയെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ട്വിറ്ററില്‍ കുറിച്ചു.
ബിഹാറിലെ ബോച്ചാഹന്‍ നിയമസഭ മണ്ഡലത്തില്‍ ആര്‍ജെഡിയുടെ അമര്‍ പാസ്വാന്‍ ബിജെപിയെ പിന്തള്ളി വിജയം തേടി. ഛത്തിസ്ഗഡിലെ ഖൈരാഗഡ് നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ യശോദ വര്‍മയും, മഹാരാഷ്ട്രയിലെ കോലാപുര്‍ നോര്‍ത്ത് നിയമസഭ സീറ്റില്‍ കോണ്‍ഗ്രസിലെ തന്നെ ജയശ്രീ ജാദവും വിജയിച്ചു.