പ്രതിരോധം നിർബന്ധമാക്കണം!!

Share

പകർച്ചവ്യാധികളിൽ പ്രതിരോധത്തിനുതന്നെയാണ് പ്രാധാന്യമുള്ളത്. ഇന്നുവരെയുള്ള കോവിഡിന്റെ രീതികൾ മനസ്സിലാക്കുന്നവർ അത് സമ്മതിക്കേണ്ടിവരും. ‘അസുഖം വരട്ടെ ചികിത്സിക്കാം’ എന്ന സമീപനത്തിന് അല്പംപോലും വിലയില്ലെന്ന് നന്നായി മനസ്സിലാക്കിയ കാലമാണിത്. ആരോഗ്യത്തോടെ ജീവിക്കാൻ ആവശ്യമായ സാഹചര്യങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് മനസ്സിലാക്കിയതും ഇതോടൊപ്പം തന്നെയാണ്. എന്നാൽ ആരോഗ്യത്തോടെ ജീവിക്കുവാനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കപ്പെടുന്നുണ്ടോ എന്ന ചോദ്യംകൂടി വളരെ പ്രസക്തമായിരിക്കുന്നു.

വാക്സിനേഷൻ എടുക്കുന്നവർക്ക് കോവിഡ് ബാധിക്കില്ലെന്ന് ആരും പറഞ്ഞിട്ടില്ല. വാക്സിനേഷൻ നിർമ്മിക്കുന്ന കമ്പനികൾ പോലും. വാക്സിനേഷൻ എടുത്തവരും കോവിഡ് ബാധിക്കാതിരിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ടെന്ന് സർക്കാർ ആവർത്തിച്ചു പറയുന്നുണ്ട്. വാക്സിനേഷൻ സ്വീകരിച്ചവരിൽ കോവിഡ് ബാധിച്ചാലും രോഗതീവ്രത കുറവായിരിക്കുമെന്ന നിഗമനം ശരിയാണെന്നുള്ള റിപ്പോർട്ടുകളാണുള്ളത്. എന്നാൽ രണ്ട് വാക്സിനേഷനും സ്വീകരിച്ചതിനാൽ കോവിഡ് വരില്ലെന്നുള്ള രീതിയിലാണ് പലരും പെരുമാറുന്നത്. ‘കോവിഡ് വന്നിട്ടുണ്ടോ?’ എന്ന് ചികിത്സയുടെ ഭാഗമായി ഡോക്ടർ ചോദിക്കുമ്പോൾ “വാക്സിനേഷനുകൾ എടുത്തു” എന്ന മറുപടിയാണ് പല രോഗികളും പ്രകടിപ്പിക്കുന്നത്. ഇത് അവരുടെ അമിത വിശ്വാസത്തെ സൂചിപ്പിക്കുന്നതു കൂടിയാണ്.

കോവിഡാണോ എന്ന് സംശയിക്കാവുന്ന പല ലക്ഷണങ്ങളും ഉള്ളവരിൽ നിർബന്ധിച്ചിട്ട് പോലും കോവിഡ്പരിശോധന നടത്തുവാൻ തയ്യാറാകാത്തവരുടെ എണ്ണം കൂടിവരുന്നു. ബുദ്ധിമുട്ടുകൾ കാണിക്കുന്നവരോട് മറ്റുള്ളവരിലേക്ക് രോഗം പകർത്താതിരിക്കുവാനെങ്കിലും ഐസൊലേഷനിൽ കഴിയണമെന്ന് പറഞ്ഞാൽ അതും അനുസരിക്കുന്നില്ല. അത്തരത്തിൽ പോസിറ്റീവായ ആൾക്കാരുമായി പ്രാഥമിക സമ്പർക്കത്തിൽ വരുവാൻ ഏറെ സാദ്ധ്യതയുണ്ടെന്ന് മറ്റുള്ളവരോട് പറഞ്ഞിട്ടും കാര്യമാക്കുന്നില്ലെന്ന് വന്നിരിക്കുന്നു. ചുരുക്കത്തിൽ കോവിഡ് പോസിറ്റീവായ നിരവധി ആളുകൾ അവർ അറിഞ്ഞും അറിയാതെയും മറ്റുള്ളവരുമായി സമ്പർക്കത്തിൽ വരുന്നുണ്ട്. രണ്ടു വാക്സിനേഷനും എടുത്തിട്ടുണ്ടെന്ന ഒറ്റക്കാരണത്താൽ പോസിറ്റീവായിട്ടും അത് പരിശോധിക്കാതെയും സമ്മതിക്കാതെയും സമൂഹത്തിൽ അവർ രോഗം പരത്തുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം. ഇത്രയേറെ കോവിഡ് രോഗികൾ വർദ്ധിക്കാനുള്ള സാദ്ധ്യതയും ഇതുകൊണ്ട് കൂടിയാണെന്ന് വിലയിരുത്തേണ്ടിവരും.

ബ്രേക്ക് ദ ചെയിൻ പോളിസി എല്ലാവരും അനുസരിക്കേണ്ടതാണ്. വാക്സിൻ എടുത്താലും ഇല്ലെങ്കിലും ബ്രേക്ക് ദ ചെയിൻ പോളിസി അനുസരിക്കുന്നവരും വാക്സിനേഷൻ എടുത്തവരും അതോടൊപ്പംതന്നെ ആയുർവേദത്തിലെ പ്രതിരോധ ഔഷധങ്ങൾകൂടി ഉൾപ്പെടുത്തണമെന്ന് ആയുർവേദവകുപ്പ് ഉപദേശിച്ചുകൊണ്ടിരിക്കുന്നു. അതിനായുള്ള സംവിധാനങ്ങൾ 1206 ആയുർരക്ഷാ ക്ലിനിക്കുകൾ വഴി സർക്കാർ ഒരുക്കിയിട്ടുണ്ട്. വളരെയേറെ ആൾക്കാർ പലവിധ സേവനങ്ങൾ ഇത്തരം ക്ലിനിക്കുകളിൽ നിന്നും സ്വീകരിച്ചു കൊണ്ടിരിക്കുന്നു.

60 വയസ്സിനു താഴെയുള്ളവർ മരുന്നിനേക്കാൾ ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നൽകേണ്ടത് അവരുടെ ജീവിതരീതികൾ മെച്ചപ്പെടുത്തിയാണ്. ദിനചര്യ, കൃത്യനിഷ്ഠ, യോഗ, ഭക്ഷണം, ലഘു വ്യായാമം, ഉറക്കം, വിശ്രമം എന്നിവയ്ക്ക് വലിയ പ്രാധാന്യം നൽകണം. എന്നാൽ അത്യാവശ്യമുള്ള പ്രതിരോധ മരുന്നുകൾകൂടി ഉപയോഗിക്കുകയും വേണം.

60 വയസ്സിന് മുകളിൽ പ്രായമുള്ളവരിൽ നിലവിലെ അവരുടെ ചികിത്സകളൊന്നും മുടക്കാതെയും എല്ലാ അസുഖങ്ങളും നിയന്ത്രണത്തിലാണെന്ന് ഉറപ്പുവരുത്തിയും രോഗപ്രതിരോധ ഔഷധങ്ങൾകൂടി ഉൾപ്പെടുത്തണം. വാർദ്ധക്യാവസ്ഥയിൽ ഉണ്ടാകുന്ന പകർച്ചവ്യാധികൾ കൂടുതൽ ഗുരുതരമാകുവാൻ സാദ്ധ്യതയുണ്ടെന്ന കാര്യവും കേരളത്തിൽ 60 വയസ്സിന് മുകളിലുള്ളവരുടെ എണ്ണം കൂടുതലാണെന്ന വസ്തുതയും തിങ്ങിനിറഞ്ഞ രീതിയിലാണ് ജനങ്ങൾ പലയിടത്തും പാർക്കുന്നതുമെന്ന കാര്യങ്ങൾ ഇവർക്ക് പ്രത്യേക ശ്രദ്ധയും പരിഗണനയും കൂടി നൽകുവാൻ കാരണമാകുന്നുണ്ട്.

അത്യാവശ്യയാത്രകൾ, ഒത്തുചേരലുകൾ, ആശുപത്രിവാസം തുടങ്ങിയവ ചെയ്യുന്നവർ സ്വയംനിരീക്ഷണത്തിന് വിധേയരാകേണ്ടതാണെന്ന ബോധം അവരവർക്ക് ഉണ്ടായിരിക്കണം. പലകാരണങ്ങളാൽ ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ കർശനമായിതുടരുവാൻ അധികാരികൾക്ക് സാധിക്കണമെന്നില്ല. എന്നാൽ രോഗത്തിന് അടിമപ്പെടാതെയിരിക്കണമെങ്കിൽ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടി വരുമെന്നകാര്യം അവരവർതന്നെ മനസ്സിലാക്കണം. ഇത്തരം സാഹചര്യങ്ങളിലും ആയുർവേദ രോഗപ്രതിരോധ ഔഷധങ്ങൾകൂടി ഉപയോഗിക്കുകതന്നെ വേണം.

കൊവിഡ് പോസിറ്റീവായവരിൽ വലിയ ബുദ്ധിമുട്ടുകളില്ലാത്ത കാറ്റഗറി എ വിഭാഗത്തിൽപ്പെട്ടവർക്കും കോവിഡാനന്തരമുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കും ചികിത്സാർത്ഥം ആയുർവേദ ഔഷധങ്ങൾ നല്ല പ്രയോജനം ചെയ്യുന്നുണ്ടെന്ന കാര്യം അറിവുള്ളതാണല്ലോ?

ഇവിടെപ്പറഞ്ഞ എല്ലാ വിഭാഗത്തിലുമുള്ളവർക്ക് പ്രത്യേക നിർദ്ദേശങ്ങളും പ്രതിരോധഔഷധങ്ങളും സർക്കാർ ആയുർവേദ സ്ഥാപനങ്ങളിൽ നിന്നും സൗജന്യമായി ലഭിക്കും. രോഗികൾക്കും പ്രതിരോധഔഷധങ്ങൾ ആവശ്യമുള്ളവർക്കും സർക്കാർ ആയുർവേദ ഡിസ്പെൻസറികളെ രാവിലെ 9 മണി മുതൽ 2 മണി വരെ സമീപിക്കാവുന്നതാണ്. ആയുർവേദ ഔഷധങ്ങൾ കൂടി ഉപയോഗിച്ചു മാത്രമേ കോവിഡ് എന്നല്ല ഏതു പകർച്ചവ്യാധി ആയാലും രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താൻ സാധിക്കുകയുള്ളു. രോഗപ്രതിരോധശേഷിയുള്ള ഒരാളിന് രോഗത്തെ ഉണ്ടാക്കുന്ന സൂക്ഷ്മാണുക്കളിൽ നിന്നും കൂടുതൽ സംരക്ഷണം ലഭിക്കുകയും ചെയ്യും.

സർക്കാർ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുവാൻ സൗകര്യം ലഭിക്കാത്തവർ അംഗീകാരമുള്ള ആയുർവേദ ചികിത്സകരുടെ സേവനം തേടേണ്ടതാണ്. പരസ്യം മാത്രം വിശ്വസിച്ച് എന്തെങ്കിലും വാങ്ങിക്കഴിക്കുന്ന ശീലങ്ങൾ മാറ്റണം. നിർബന്ധമായും നിങ്ങൾ ചെയ്യുന്ന ഔഷധപ്രയോഗം ഒരു ശരിയായ ചികിത്സകന്റെ നിർദ്ദേശമനുസരിച്ചുള്ളത് തന്നെയായിരിക്കണം.

കോവിഡിനെ പ്രതിരോധിക്കുവാനുള്ള മറ്റു സർക്കാർ നിർദ്ദേശങ്ങൾക്കൊപ്പം ആയുർവേദപ്രതിരോധ മരുന്നുകൾകൂടി നിർബന്ധമായും ഉൾപ്പെടുത്തണമെന്നും അപ്രകാരം ചെയ്താൽ എല്ലാ പകർച്ചവ്യാധികൾക്കു മെതിരെ പ്രവർത്തിക്കുവാനുള്ള ശരീരബലം മെച്ചപ്പെടുമെന്നും മനസ്സിലായല്ലോ?