ന്യൂഡല്‍ഹി: ജമ്മുകാശ്മീര്‍ മുന്ഗവര്ണര് സത്യപാല്‍ മാലിക് ടാഷ്ട്രീയ ലോക്ദളില്‍ ചേര്‍ന്നേക്കും. ഗവര്ണ്ണര്പദവിയില് നിന്ന് വിരമിച്ചപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികളില്‍ ചേരില്ലെന്നും കര്‍ഷകരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞിരുന്നത്. എന്നാല്‍ പുല്‍വാമ ആക്രമണവുമായി ബന്ധപ്പെട്ട വിവാദ പ്രസ്താവന രാഷ്ട്രീയ പ്രവേശനത്തിനുള്ള അരങ്ങൊരുക്കമായാണ് നിരീക്ഷകര്‍ കാണുന്നത്. ബി.ജെ.പി. ദേശീയ ഉപാദ്ധ്യക്ഷനും കേന്ദ്രമന്ത്രിയും വിവിധസംസ്ഥാനങ്ങളില്‍ ഗവര്‍ണ്ണറുമൊക്കെ ആയിരുന്ന മാലിക് , വിവാദ നിലപാടുകള്‍ വഴി കുറേക്കാലമായി ബി.ജെ.പി നേതൃത്വത്തിന്റെ കണ്ണിലെ കരടാണ്. ആ നിലയ്ക്ക് ബി.ജെ.പിയില്‍ സജീവമാവുക എളുപ്പമല്ല. അതുകൊണ്ടാണ് പ്രതിപക്ഷത്ത് ചേക്കേറാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്.
ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയില്‍ ആര്.എല്‍.ഡി തലവന്‍ ജയന്ത് ചൗധരിയോടൊപ്പം ‘കിസാന്‍ സമ്മേളന’ത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയതിന് ശേഷം മാലിക് ആര്.എല്‍.ഡിയില്‍ ചേരുമെന്ന് ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു.