പ്രകൃതിക്ഷോഭം: മത്സ്യത്തൊഴിലാളികൾക്ക് 47.84 കോടിയുടെ സഹായ പാക്കേജ്

Share

*1,59,481 മത്സ്യത്തൊഴിലാളി, അനുബന്ധ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ആശ്വാസം
ഒക്ടോബർ, നവംബർ മാസങ്ങളിൽ സംസ്ഥാനത്തുണ്ടായ കനത്ത മഴയെത്തുടർന്നു കടലിൽ പോകാൻ കഴിയാതെ ദുരിതത്തിലായ മത്സ്യത്തൊഴിലാളി, അനുബന്ധ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് 3,000 രൂപ വീതം ധനസഹായം നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഇതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് 47.84 കോടി രൂപ അനുവദിക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാനത്തെ 1,59,481 മത്സ്യത്തൊഴിലാളി, അനുബന്ധ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ഇതുപ്രകാരമുള്ള ധനസഹായം ലഭിക്കും. ഒക്ടോബറിലും നവംബറിലുമുണ്ടായ ശക്തമായ പ്രകൃതിക്ഷോഭത്തെത്തുടർന്നു കടലിൽ പോകുന്നതിന് ദുരന്ത നിവാരണ അതോറിറ്റി ദിവസങ്ങളോളം വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതുമൂലം വറുതിയിലായ കുടുംബങ്ങളെ സഹായിക്കാനാണു പ്രത്യേക പാക്കേജായി തുക അനുവദിക്കുന്നത്. കോവിഡിന്റെ പ്രത്യേക സാഹചര്യംകൂടി കണക്കിലെടുത്ത് എടുത്ത തീരുമാനം മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കു വലിയ സഹായമാണെന്നും മന്ത്രി പറഞ്ഞു.
ഉൾനാടൻ, തീര മേഖലയിലെ മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കും ധനസഹായം ലഭിക്കുമെന്നു ഫിഷറീസ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതും ദുരിതമനുഭവിക്കുന്നവരുമായ കുടുംബങ്ങൾക്കാകും ധനസഹായം. സർക്കാർ തീരുമാനം തീരദേശത്തിനു വലിയ ആശ്വാസമാണെന്നും മന്ത്രി പറഞ്ഞു.