പൊലീസ് പരിശീലനത്തിന്റെ സിലബസ് കാലാനുസൃതമായി പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്ത് പരീശീലനം പൂര്‍ത്തിയാക്കിയിറങ്ങുന്ന പുതിയ ബാച്ചിന്റെ പാസിങ്ങ് ഔട്ട് പരേഡില്‍ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊലീസിന് പതിവ് ജോലിക്ക് പുറമെ കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രകൃതിദുരന്തങ്ങളെയും അഭിമുഖീകരിക്കേണ്ടതായിട്ടുണ്ട്. അതിനാലാണ് പരിശീലന രീതിയിലും മാറ്റം കൊണ്ടുവരേണ്ടതുണ്ടെന്ന് തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
2362 പേരാണ് വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കിയത്. കൊവിഡ് മഹാമാരിക്കിടയില്‍ ഇത്രയും പേര്‍ക്ക് പരിശീലനം നല്‍കിയത് പൊലീസ് ചരിത്രത്തിന്റെ ഭാഗമാകും. കൊവിഡ് ഒന്നാം ഘട്ടം കാരണം ഡിസംബര്‍ രണ്ടിനാണ് പരിശീലനം ആരംഭിച്ചത്. നിരവധി പ്രത്യേകതകളുള്ള ബാച്ചാണ് ഇത്തവണത്തേത്. പരിശീലന ഘട്ടത്തില്‍ തന്നെ പൊലീസ് സേനയുടെ ഭാഗമാകാന്‍ ഇവര്‍ക്ക് സാധിച്ചു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ മാതൃ പൊലീസ് സ്റ്റേഷന്റെ ഭാഗമായി ജോലി ചെയ്യാനായി. നിയമസഭ തെരഞ്ഞെടുപ്പിന് ഇവരെ ഡ്യൂട്ടിക്കായി നിയോഗിച്ചത് പൊലീസിന്റെ പ്രവര്‍ത്തനങ്ങള്‍ അടുത്തറിയാന്‍ സഹായകമായെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷമായി എല്ലാ പാസിങ്ങ് ഔട്ട് പരേഡിനും അഭിവാദ്യം സ്വീകരിക്കാന്‍ സാധിച്ചിട്ടുണ്ട്. അതില്‍ നിന്നും മനസിലാക്കിയത് പൊലീസ് സേനയിലെത്തുന്നവരുടെ ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതയാണ്. നിരവധി സര്‍ക്കാര്‍ ഉദ്യോഗങ്ങളിലേക്കും ഉന്നത വിദ്യാഭ്യാസമുള്ളവര്‍ കടന്നുവരുന്നു. ഇവരുടെ നൈപുണ്യം സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാകും. അദ്ദേഹം പറഞ്ഞു.
ആളുകളോട് കൂടുതലായി ഇടപഴകുന്നവരാണ് പൊലീസ് സേന. അതിനാല്‍ ജനപക്ഷത്ത് നിന്ന് പ്രവര്‍ത്തിക്കണം. സംസ്ഥാനം രണ്ടാം ഘട്ട വികസനത്തിലേക്ക് കടക്കുകയാണ്. സമാധാനപരവും മതനിരപേക്ഷവുമായ അന്തരീക്ഷത്തില്‍ മാത്രമേ നവകേരളം യാഥാര്‍ഥ്യമാവൂ. ഓരോ പൊലീസ് സേനാംഗത്തിന്റെയും ആത്മാര്‍ഥവും സമര്‍പ്പിതവുമായ പ്രവര്‍ത്തനം ഇതിന് ഉണ്ടാകണം. സാമാധാനവും സുരക്ഷിതത്വവും എന്നും കേരളം നിലനിര്‍ത്തണം. നിയമം അനുശാസിക്കുന്ന അവകാശങ്ങള്‍ ഓരോ പൗരനും ലഭിക്കുന്നുണ്ടെന്ന് പൊലീസ് ഉറപ്പുവരുത്തണം. മുഖ്യമന്ത്രി പറഞ്ഞു.
മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയന്‍ ഗ്രൗണ്ടില്‍ നടന്ന പരേഡില്‍ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് ഓണ്‍ലൈനായി അഭിവാദ്യം സ്വീകരിച്ചു. എഡിജിപി കെ പത്മകുമാര്‍, ഡി ഐ ജി പി പ്രകാശന്‍, ട്രയിനിങ്ങ് ആന്‍ഡ് ഡയറക്ടര്‍ ഐജിപി പി വിജയന്‍, കെ എ പി നാലാം ബറ്റാലിയന്‍ കമാണ്ടന്റും ജില്ലാ പൊലീസ് മേധാവിയുമായ (റൂറല്‍) നവനീത് ശര്‍മ എന്നിവരും അഭിവാദ്യം സ്വീകരിച്ചു. ഡെപ്യൂട്ടി കമാണ്ടന്റ് പി പി ശ്യാംസുന്ദര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.