പൊതുവിദ്യാഭ്യാസ മേഖലയിലെ ഏകീകരണം: അധ്യാപക-അനധ്യാപക സംഘടനകളുടെയും മാനേജ്‌മെന്റുകളുടെയും പിന്തുണയോടെ നടപ്പാക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

Share

പൊതുവിദ്യാഭ്യാസ മേഖലയിലെ ഏകീകരണം സംബന്ധിച്ച ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിന് അധ്യാപക-അനധ്യാപക സംഘടനകളുടെയും മാനേജ്‌മെന്റുകളുടെയും പിന്തുണ. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന അധ്യാപക-അനധ്യാപക സംഘടനകളുടെയും മാനേജ്‌മെന്റുകളുടെയും യോഗത്തിലാണ് പിന്തുണ അറിയിച്ചത്.

ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ ഘടനാപരമായ മാറ്റനിർദേശങ്ങൾ സമയബന്ധിതമായി നടപ്പാക്കുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി യോഗത്തിൽ അറിയിച്ചു.

ഇപ്പോഴുള്ള ഘടനയിലുള്ള പ്രധാന പോരായ്മയായി വിദഗ്ധസമിതി ചൂണ്ടിക്കാട്ടിയത് പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്കൂൾ വിദ്യാഭ്യാസം വിവിധങ്ങളായ ഡയറക്ടർമാരുടെ കീഴിലാണ് എന്നതാണ്. ഇതിന്റെ തുടർച്ചയായി ഒരേ ക്യാംപസിൽ തന്നെ വിവിധ ഡയറക്ടർമാരുടെ കീഴിലുള്ള വിവിധ സ്ഥാപന മേധാവികൾ നിലനിൽക്കുന്നു. ഇവർ തമ്മിലുണ്ടാകുന്ന തർക്കം ഗുണമേന്മാ വിദ്യാഭ്യാസം പ്രദാനം ചെയ്യുന്നതിന് പ്രധാനപ്പെട്ട ഒരു തടസ്സമാണ്.

ഒരു ക്യാമ്പസിൽ തന്നെ വ്യത്യസ്ത സ്ഥാപനങ്ങൾ എന്ന നിലയിൽ പ്രവർത്തിക്കുന്നത് വിഭവങ്ങൾ പങ്കുവയ്ക്കുന്നതിനും വിഭവങ്ങളുടെ മികച്ച നിലയിലുള്ള വിനിയോഗത്തിലും തടസ്സമായി പലപ്പോഴും മാറുന്നു. വിവിധ ഡയറക്ടർമാർ നൽകുന്ന നിർദ്ദേശങ്ങളിലും പലപ്പോഴും വൈരുദ്ധ്യങ്ങളും ഉണ്ടാകുന്നു. ഇതും ബാധിക്കുന്നത് സ്കൂളുകളെയാണ്.

ഇത് ഒഴിവാക്കാൻ വിദഗ്ധ സമിതി മുന്നോട്ടുവച്ച നിർദേശങ്ങൾ ആണ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ ഡയറക്ടറേറ്റുകളെ ഏകോപിച്ച് ഒരു ഡയറക്ടറുടെ കീഴിൽ കൊണ്ടുവരണമെന്നത്. അതുപോലെ ഒരു സ്കൂൾ ക്യാമ്പസിൽ ഒരു സ്ഥാപനമേധാവിയും ഉണ്ടാകണം. സംസ്ഥാന തലത്തിലും സ്കൂൾ തലത്തിലും ഏകോപനം നടക്കുന്നതോട് കൂടി ഇവയ്ക്കെല്ലാം ആവശ്യമായ സഹായ സംവിധാനങ്ങൾ ആയി പ്രവർത്തിക്കേണ്ട വിവിധ തലങ്ങളിലുള്ള ഓഫീസുകളും ഏകീകരിക്കപ്പെടണം.

വിദഗ്ധ സമിതി റിപ്പോർട്ട് തത്വത്തിൽ അംഗീകരിച്ചതിന്റെ തുടർച്ചയായി സർക്കാർ ഉത്തരവിലൂടെ ഡിപിഐ, ഹയർസെക്കൻഡറി ഡയറക്ടറേറ്റ്, വോക്കേഷണൽ ഹയർസെക്കൻഡറി ഡയറക്ടറേറ്റ് എന്നീ മൂന്ന് ഡയറക്ടറേറ്റുകളെയും സംയോജിപ്പിച്ച് ഡയറക്ടർ ഓഫ് ജനറൽ എജുക്കേഷൻ എന്ന പുതിയ പൊതുസംവിധാനം രൂപീകരിക്കുകയും ഡയറക്ടർ ഓഫ് ജനറൽ എഡ്യൂക്കേഷൻ എന്ന അധികാര സ്ഥാപനം സ്ഥാപിച്ച് അതിൽ നിക്ഷിപ്തമാക്കുകയും ചെയ്തു.

അതോടൊപ്പം സ്കൂൾ തലത്തിലും ഏകോപനം നടത്തുന്നതിന്റെ ഭാഗമായി സ്ഥാപന മേധാവിയായി പ്രിൻസിപ്പാളിനെ ചുമതലപ്പെടുത്തി ഹൈസ്കൂൾ മേധാവിയായ ഹെഡ്മാസ്റ്റർ എന്നത് ഹയർ സെക്കൻഡറി സ്കൂൾ ഉള്ളയിടങ്ങളിൽ വൈസ് പ്രിൻസിപ്പാൾ എന്ന് നാമകരണം ചെയ്തു. ഈ സർക്കാർ ഉത്തരവിന് നിയമപ്രാബല്യം നൽകുന്നതിനായി കേരള നിയമസഭ കേരള വിദ്യാഭ്യാസ നിയമങ്ങളിലും ചട്ടങ്ങളിലും ഭേദഗതി വരുത്തിയിട്ടുണ്ട്.

ഏകീകരണം വരുന്ന ഘട്ടത്തിൽ ഇപ്പോൾ നിലവിലുള്ള അധ്യാപകരുടെ വേതന വ്യവസ്ഥയിലോ സ്ഥാനക്കയറ്റ കാര്യങ്ങളിലോ യാതൊരുവിധ കുറവും ഉണ്ടാവില്ല. സ്ഥാനക്കയറ്റത്തിനുള്ള സാധ്യതകൾ വർദ്ധിക്കാനും ഇടയുണ്ട്. ഏകോപനം സ്കൂൾ വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും യാഥാർഥ്യമാക്കാൻ സമയബന്ധിതമായ നടപടികൾ കൈക്കൊള്ളുമെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.