പൊതുമരാമത്ത്- ജലവിഭവ വകുപ്പുകളിലെ പ്രവൃത്തികളുടെ ഏകോപനത്തിന് ഉന്നതതല സമിതിയെ നിയോഗിച്ചതായി പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും പറഞ്ഞു. ഇരുമന്ത്രിമാരുടേയും നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് ഉദ്യോഗസ്ഥ സമിതിയെ നിയോഗിക്കാൻ തീരുമാനിച്ചത്. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കൺവീനറായ സമിതിയിൽ ജലവിഭവ വകുപ്പ് സെക്രട്ടറി, പൊതുമരാമത്ത് ജോയിന്റ് സെക്രട്ടറി, വാട്ടർ അതോറിറ്റി എം ഡി, വാട്ടർ അതോറിറ്റി ടെക്നിക്കൽ മെമ്പർ, പൊതുമരാമത്ത് നിരത്ത്, നിരത്ത് പരിപാലനം- പാലം, ദേശീയപാതാ വിഭാഗം, കെ ആർ എഫ് ബി ചീഫ് എൻജിനിയർമാർ, വാട്ടർ അതോറിറ്റി പ്രൊജക്ട്, ദക്ഷിണ, മധ്യ, ഉത്തരമേഖലാ ചീഫ് എൻജിനിയർമാർ എന്നിവരടങ്ങിയതാണ് സമിതി. ഈ സമിതി പ്രവർത്തന ഏകോപനത്തിനുള്ള പ്രത്യേക റിപ്പോർട്ട് തയ്യാറാക്കും. ജനുവരി പതിനഞ്ചിനകം റിപ്പോർട്ട് തയ്യാറാക്കാനാണ് ഉന്നതതല യോഗം തീരുമാനിച്ചത്. ജില്ലാ തലത്തിലും പ്രാദേശിക തലങ്ങളിലും ഇരു വകുപ്പുകളും യോജിച്ച് പ്രവർത്തിക്കും. ജില്ലാ തലങ്ങളിൽ ഏകോപനം സാധ്യമാക്കുന്നതിന് ഡിഐസിസിയെ ഫലപ്രദമായി ഉപയോഗിക്കാനും തീരുമാനിച്ചു.
ഇപ്പോൾ രൂപീകരിച്ചിരിക്കുന്ന സമിതിയെ സ്ഥിരം സംവിധാനം ആക്കുമെന്നും മന്ത്രിമാർ അറിയിച്ചു. പ്രവൃത്തികൾ ആരംഭിക്കും മുമ്പു തന്നെ ഇരു വകുപ്പുകളും തമ്മിൽ കൂടിയാലോചന നടത്തും. സാങ്കേതികവിദ്യയുടെ സഹായത്തോടെ ഏകോപനം കുറേക്കൂടി സാധ്യമാക്കും. പ്രവൃത്തികളിൽ ടൈംഷെഡ്യൂൾ പരമാവധി പാലിച്ചു കൊണ്ട് മുന്നോട്ടു പോകാനും യോഗത്തിൽ തീരുമാനിച്ചു. പൊതുമരാമത്ത് പ്രവൃത്തികൾ ആരംഭിക്കും മുമ്പെ തന്നെ മറ്റ് പ്രവൃത്തികൾ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. പരിപാലന കാലാവധി ഉള്ള റോഡുകളിൽ പ്രവൃത്തി ആവശ്യമായി വന്നാൽ അതിന്റെ ഉത്തരവാദിത്തം ബന്ധപ്പെട്ട വകുപ്പുകൾ തന്നെ നിർവ്വഹിക്കാനും ധാരണയായി. ഉന്നതതല സമിതിയുടെ റിപ്പോർട്ട് കൂടി പരിശോധിച്ച് ഇക്കാര്യത്തിൽ വിശദമായ ഉത്തരവ് പുറപ്പെടുവിക്കാനും മന്ത്രിതല യോഗം തീരുമാനിച്ചു. മന്ത്രിമാർക്കു പുറമെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.