കൊച്ചി: കൊച്ചിൻ ദേവസ്വം ബോർഡിനു കീഴിലെ തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിൽ നൂറ്റാണ്ടുകളായി നടന്നുവന്ന ആചാരച്ചടങ്ങായ കാല് കഴുകിച്ചൂട്ട് പാരമ്പര്യ രീതിയിൽ തുടരണമെന്നു ഹൈക്കോടതി ഉത്തരവ്.
ഭക്തര്‍ ബ്രാഹ്മണരുടെ കാല് കഴുകുന്നു എന്ന രീതിയില്‍ കഴിഞ്ഞ മാസം വന്ന വാര്‍ത്തകൾ തീർത്തും തെറ്റാണെന്നു കണ്ടെത്തിയതായി കോടതി വ്യക്തമാക്കി. കൃത്യമായ പരിശോധന നടത്താതെ വസ്തുതാ വിരുദ്ധ വാർത്തകൾ നൽകുന്ന മാധ്യമങ്ങളെ ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ച് വിമർശിച്ചു.
അച്ചടി, ദൃശ്യ മാധ്യമങ്ങൾ തെറ്റായതും പരിശോധിച്ചു ബോധ്യപ്പെടാത്തതുമായ വിവരങ്ങൾ പൊതുമധ്യത്തിലേക്കു നൽകുന്നതു ന്യായീകരിക്കാനാവില്ല. കാര്യങ്ങളെപ്പറ്റി വ്യക്തമായി അറിയാൻ കഴിയുന്ന ധാരാളം രേഖകൾ ലഭ്യമാണെന്നിരിക്കെ അതൊന്നും പരിഗണിക്കുകയോ പരിശോധിക്കുകയോ ചെയ്യാതെ അവാസ്തവമായ വിവരങ്ങൾ ജനങ്ങൾക്കു നൽകുന്നതു ഭൂഷണമല്ല.
ക്ഷേത്രം തന്ത്രി 12 ശാന്തിമാരുടെ കാലുകള്‍ കഴുകുന്ന ചടങ്ങ് പന്ത്രണ്ടു നമസ്കാരമെന്ന ആചാരമാണെന്നു കോടതിക്കു ബോധ്യപ്പെട്ടു. മതാചാരങ്ങള്‍ക്ക് ഭരണഘടനാ സംരക്ഷണമുണ്ട്. അതിനു വിഘാതമാകുന്ന ഒന്നും സർക്കാരോ ബോർഡോ ചെയ്യരുത്. ക്ഷേത്രാചാരങ്ങളിൽ ഇടപെടുകയുമരുത്. പന്ത്രണ്ടുനമസ്കാരത്തെ സമാരാധന എന്നു പുനര്‍നാമകരണം ചെയ്ത ദേവസ്വം ബോര്‍ഡ് നടപടി നിയമപരമായി നിലനില്‍ക്കില്ല- കോടതി ചൂണ്ടിക്കാട്ടി.
ഭക്തരെക്കൊണ്ട് ബ്രാഹ്മണരുടെ കാലുകൾ കഴുകിക്കുന്നു എന്ന വാർത്ത വലിയ വിവാദമായതിനു പിന്നാലെ, സർക്കാരും ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനും ഇടപെട്ട് ബോർഡിനു കീഴിലെ എല്ലാ ക്ഷേത്രങ്ങളിലും ഈ ചടങ്ങുകൾ നിർത്തലാക്കിയിരുന്നു.