പുന്നപ്ര-വയലാര്‍ സ്മാരകത്തില്‍ അഭിവാദ്യമര്‍പ്പിച്ച് പിണറായിയും നിയുക്ത മന്ത്രിമാരും

Share

ആലപ്പുഴ : മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം, സിപിഐ നിയുക്ത മന്ത്രിമാരും ആലപ്പുഴയില്‍ എത്തി രക്തസാക്ഷി മണ്ഡപത്തില്‍ അഭിവാദ്യം അര്‍പ്പിച്ചു. പുന്നപ്ര-വയലാര്‍ സ്മാരകത്തില്‍ പിണറായി വിജയനും നിയുക്ത മന്ത്രിമാരും പുഷ്പചക്രം സമര്‍പ്പിച്ചു.

നിയുക്ത സ്പീക്കര്‍ എം.ബി.രാജേഷവും എല്‍ഡിഎഫ് കണ്‍വീനറും സി.പി.എം താല്‍ക്കാലിക സെക്രട്ടറിയുമായ എ.വിജയരാഘവനും ചടങ്ങില്‍ പങ്കെടുത്തു. പൊതുസമ്മേളനം ഒഴിവാക്കി പത്തുമിനിറ്റില്‍ പുഷ്പാര്‍ച്ചന പൂര്‍ത്തിയാക്കി ഇടതുനേതാക്കള്‍ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രവര്‍ത്തകരുടെ വരവ് ഒഴിവാക്കിയിട്ടുണ്ടായിരുന്നു. മാധ്യമപ്രവര്‍ത്തകരും നിശ്ചയിച്ച എല്‍.ഡി.എഫ്. നേതാക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ പന്തലില്‍ മൂന്നരയ്ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. പിന്നാലെ ചേരുന്ന ആദ്യ മന്ത്രിസഭാ യോഗത്തില്‍ നിര്‍ണായക തീരുമാനങ്ങളും പ്രതീക്ഷിക്കുന്നുണ്ട്.