കൊച്ചി: പുതുവത്സരാഘോഷത്തിന് എത്തിച്ച മൂന്ന് കോടിയുടെ എം.ഡി.എം.എ ആലുവയില്‍ എക്സൈസ് ഇന്റലിജന്‍സ് പിടികൂടി. കൊടുങ്ങല്ലൂര്‍ സ്വദേശികളായ സൈനുലാബുദീന്‍ (23), രാഹുല്‍ സുഭാഷ് (27) എന്നിവരെ കസ്റ്റഡിയിലെടുത്തു. ഏകദേശം മൂന്ന് കിലോ ലഹരിമരുന്നാണ് ആലുവ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ഇവരില്‍ നിന്നും പിടികൂടിയത്.
മംഗള- ലക്ഷദ്വീപ് എക്സ്പ്രസ് ട്രെയിനില്‍ ഡല്‍ഹിയില്‍നിന്നും വരികയായിരുന്നു ഇവര്‍. പാനിപ്പൂരി, ഫ്രൂട്ട് ജ്യൂസ് പാക്കറ്റുകളിലാക്കിയായിരുന്നു എം.ഡി.എം.എ കൊണ്ടുവന്നിരുന്നത്. ലഹരിയുമായി ഇവര്‍ ട്രെയിനില്‍ യാത്ര ചെയ്യുന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇന്നു രാവിലെ അയ്യപ്പ ഭക്തരുടെ വേഷത്തില്‍ ഉദ്യോഗസ്ഥര്‍ ട്രെയിനില്‍ കയറുകയായിരുന്നു.
ആലുവ ആര്.പി.എഫിന്റയും എക്സൈസിന്റെയും സഹായത്തോടെ തൃശൂര്‍ എക്സൈസ് ഇന്റലിജന്‍സ് ഇന്‍സ്പെക്ടര്‍ മനോജ് കുമാറും സംഘവുമാണ് പരിശോധന നടത്തിയത്. പുതുവര്‍ഷ ഡി.ജെ പാര്‍ട്ടികളെ ലക്ഷ്യമിട്ടാണ് ലഹരിക്കടത്തെന്ന് എക്സൈസ് പറഞ്ഞു.