കൊച്ചി: ലൈംഗിക പീഡന പരാതിയിൽ പടവെട്ട് ചിത്രത്തിൻറെ സംവിധായകൻ ലിജു കൃഷ്ണ അറസ്റ്റില്‍. മഞ്ജു വാര്യരും നിവിൻ പോളിയും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് പടവെട്ട്. ഈ ചിത്രവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന യുവതിയാണ് പരാതി നൽകിയത്.
കഴിഞ്ഞ ദിവസം ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കാക്കനാട് ഇൻഫോപാർക് പൊലീസാണ് കണ്ണൂരിൽ നിന്നു മട്ടന്നൂർ കാഞ്ചിലേരി വലിയവീട്ടിൽ ലിജു കൃഷ്ണ (30) യെ കസ്റ്റഡിയിൽ എടുത്തത്. സണ്ണി വെയിൻ ആദ്യമായി നിർമിക്കുന്ന ചിത്രമാണ് പടവെട്ട്. സിനിമയുടെ പ്രധാന ലൊക്കേഷൻ കണ്ണൂരാണ്.
മലബാറിന്റെ പശ്ചാത്തലത്തിൽ മാലൂർ എന്ന ഗ്രാമത്തിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ 90 ശതമാനം ചിത്രീകരണം പൂർത്തീകരിച്ചു. കോവിഡ് മൂലം ഏറെ നാൾ ചിത്രീകരണം നിർത്തി വച്ചിരിക്കുകയായിരുന്നു.
അതിഥി ബാലൻ, സണ്ണി വെയ്ൻ, ഷമ്മി തിലകൻ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ്, സുധീഷ്, വിജയരാഘവൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
രണ്ടു വർഷമായി കാക്കനാട്, എടത്തല എന്നിവിടങ്ങളിലും കണ്ണൂരിലെ പ്രതിയുടെ വീട്ടിലും പീഡിപ്പിച്ചുവെന്നാണ് പരാതി. മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിയിൽ യുവതി നൽകിയ പരാതി സിറ്റി പൊലീസ് കമീഷണർക്ക് കൈമാറുകയായിരുന്നു. കമീഷണറുടെ നിർദേശപ്രകാരം ഇൻഫോപാർക്ക് പൊലീസ് കേസെടുത്തു. ശനിയാഴ്ച നടിമാരായ പാർവതി തിരുവോത്ത്, ഗീതു മോഹൻദാസ് എന്നിവർക്കൊപ്പം യുവതി പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകി.