- അടുത്ത 25 വര്‍ഷക്കാലം സംസ്ഥാനത്തെ ജനങ്ങളെ കൊള്ളയടിക്കുന്നതിന് അദാനിക്ക് സൗകര്യം ചെയ്തു കൊടുക്കുന്നതിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി ഉണ്ടാക്കിയ കരാറിനെക്കുറിച്ചുള്ള വിവരങ്ങള്‍ കഴിഞ്ഞ ദിവസം ഞാന്‍ പുറത്തു വിടുകയുണ്ടായി. അദാനിക്ക് ആയിരത്തോളം കോടി രൂപ ലാഭമുണ്ടാക്കിക്കൊടുക്കുന്ന കരാറാണിത്.
- പ്രതീക്ഷിച്ച തരത്തിലുള്ള പ്രതികരണം തന്നെയാണ് സര്‍ക്കാരില്‍നിന്നും ഉണ്ടായിരിക്കുന്നത്. അദാനിയുമായി സംസ്ഥാന സര്‍ക്കാര്‍ ഒരു കരാറും ഒപ്പു വച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാവിന് സമനില തെറ്റുയിരിക്കുകയുമാണെന്നാണ് വൈദ്യുതി മന്ത്രി എം.എം. മണി പറഞ്ഞത്.
- ആഴക്കടല്‍ കൊള്ളയ്ക്കായി ഇ.എം.സി.സി.യുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറിന്റെ വിവരം പുറത്തുവിട്ടപ്പോള്‍ ഷിഫറീസ് മന്ത്രി മെഴ്സിക്കൂട്ടിയമ്മയും പറഞ്ഞതും ഇതേ വാചകമായിരുന്നു. പ്രതിപക്ഷനേതാവിന് സമനില തെറ്റി എന്ന്. പീന്നീട് എന്തുണ്ടായി എന്ന് എല്ലാവരും കണ്ടതാണല്ലോ?
- ഏത് ഇ.എം.സി.സി, എന്ത് ഇ.എം.സി.സി എന്നൊക്കെയാണ് അന്ന് മന്ത്രി മേഴ്സിക്കൂട്ടിയമ്മ ചോദിച്ചത്. അതുപോലെ, ഏത് അദാനി, എന്ത് അദാനി, അദാനിയുമായി ഇതുവരെ ഒരു കരാറിലും ഒപ്പു വച്ചിട്ടില്ല എന്നൊക്കെയാണ് മന്ത്രി എം.എം. മണിയും പറയുന്നത്.
- ഈ കരാര്‍ സര്‍ക്കാര്‍ അറിഞ്ഞില്ലായെന്നത് ശുദ്ധനുണയാണ്. കരാറിന്റെ പൂര്‍ത്തികരണത്തിന് സര്‍ക്കാറിന്റെ ഗ്യാരണ്ടി ഉറപ്പാക്കണമെന്ന് കരാറില്‍ ഉണ്ട്. റിസര്‍വ് ബാങ്ക്, കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാര്‍ എന്നിവര്‍ അടങ്ങിയ ഒരു ട്രൈ പാര്‍ട്ടിയേറ്റ് എഗ്രിമെന്റ് പ്രകാരമായിരിക്കണം ഗ്യാരന്റി ഉറപ്പാക്കേണ്ടതെന്നും കരാറില്‍ പറയുന്നു.
- റഗുലേറ്ററി കമ്മീഷന്‍ നിശ്ചയിച്ച അളവില്‍ റിന്യൂവബിള്‍എനര്‍ജി ഉപയോഗിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അതിന് പകരം അത്രയും യൂണിറ്റിനുള്ള റിന്യൂവബിള്‍ എനര്‍ജി സര്‍ട്ടിഫിക്കറ്റ് ( RE)വാങ്ങിയാല്‍ മതിയാകുമെന്ന നിബന്ധനകാറ്റില്‍ പറത്തിക്കൊണ്ടാണ് അധിക വില നല്‍കി അദാനിയില്‍ നിന്നും വൈദ്യുതി വാങ്ങിയിരിക്കന്നത്.
- സംസഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ 5 വര്‍ഷമായി കേരളം വൈദ്യുതി മിച്ച സംസ്ഥാനമാണ്. 2021-22 വര്‍ഷം 811 മില്യണ്‍ യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ കൈവശം ഉണ്ടാകുക. ഈ സാഹചര്യത്തില്‍ RPO യുടെ പേരില്‍ അദാനിയില്‍ നിന്നും ഉയര്‍ന്ന നിലക്ക് അധികം വൈദ്യുതി വാങ്ങുന്നത് ആരുടെ താല്പര്യം സംരക്ഷിക്കാനാണ്?.
- RPO (Renewal Purchase Obligation) പാലിക്കുന്നതിന് യൂണിറ്റ് ഒന്നിന് 1 രൂപാ നിരക്കില്‍ റിന്യൂവബിള്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയാല്‍ മതിയാകുമെന്ന അവസരം ഉപയോഗിക്കാതിരുന്നത് എന്തിന് വേണ്ടി ആയിരുന്നു?
9. REസര്‍ട്ടിഫിക്കറ്റ് വാങ്ങുമ്പോള്‍ അത് ഒരു പിഴയാണ് എന്നും വൈദ്യുതി ലഭ്യമാകില്ലായെന്നു മാണ് ബോര്‍ഡിന്റെ വാദം. വൈദ്യുതി അധികമായി കൈവശമുള്ള സാഹചര്യത്തില്‍ എന്തിനാണ് കൂടുതല്‍ വൈദ്യുതി പുറത്ത് നിന്ന് ലഭ്യമാക്കുന്നത്.
- ഈ സാഹചര്യത്തില്‍ യഥാര്‍ത്ഥ വിലയുടെ മൂന്നിലൊന്നായ 1 രൂപാ നല്‍കി വൈദ്യുതി അധികമായി വാങ്ങുന്നതിലൂടെ ബോര്‍ഡിന് യൂണിറ്റിന് 2 രൂപാ ലാഭമാണ് ഉണ്ടാകുക.ഇത് ബോധപൂര്‍വം മറച്ച് വച്ച് ബോര്‍ഡിനും സംസ്ഥാന ഉപഭോക്താകള്‍ക്കും വന്‍ ബാധ്യത വരുത്തി വച്ചത് കോര്‍പ്പറേറ്റുകള്‍ക്ക് വന്‍ ലാഭമുണ്ടാക്കാനല്ലാതെ മറ്റെന്തിനാണ്.
- അദാനിയുമായി സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡോ സംസ്ഥാന സര്‍ക്കാരോ നേരിട്ട് ഈ ഇടപാടില്‍ കരാര്‍ ഒപ്പുവച്ചെന്ന് ഞാന്‍ പറഞ്ഞിട്ടില്ലല്ലോ? കേന്ദ്രത്തിന്റെ സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ലിമിറ്റഡ് (SECI) എന്ന കമ്പനിയുമായി സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡ് 2019 സെപതംബറിലും ജൂണിലും ഒപ്പുവച്ച കരാര്‍ സംസ്ഥാനത്തെ ജനങ്ങളെ പോക്കറ്റടിക്കാന്‍ അദാനിക്ക് വഴി തുറന്നിരിക്കുന്നു എന്നാണ് ഞാന്‍ ഇന്നലെ പറഞ്ഞത്. ഞാന്‍ ഇന്നലെ പുറത്തുവിട്ട കരാര്‍ രേഖയും അതും തന്നെയാണ്.
- ഇവിടെ ചോദ്യം അതല്ല. നിലവില്‍ യൂണിറ്റിന് 2 രൂപ നിരക്കില്‍ സോളാര്‍ വൈദ്യുതിയും ഒരു രൂപ നിരക്കില്‍ ചെറുകിട ജലവൈദ്യുത പദ്ധതിയില്‍ നിന്നുള്ള വൈദ്യുതിയും ലഭ്യമായിരിക്കെ എന്തിന് അദാനിയില്‍നിന്ന് 2.82 രൂപയ്ക്ക് കാറ്റില്‍നിന്നുള്ള വൈദ്യുതി വാങ്ങി? അതാണ് ചോദ്യം.
- അടുത്ത 25 വര്‍ഷം അദാനിയില്‍നിന്ന് ഇങ്ങനെ കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാനാണ് കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്. ഈ പണം കൊടുക്കേണ്ടത് ഇപ്പോള്‍ ‘പ പ്പ പ്പ’ എന്നു പറയുന്ന വൈദ്യുതി മന്ത്രി എം.എം.മണി അല്ല. സംസ്ഥാനത്തെ ജനങ്ങളാണ്.
- അതും ഒന്നും രണ്ടും കോടിയല്ല. ആയിരം കോടിരൂപയാണ് അദാനിക്ക് കേരളത്തിലെ ജനങ്ങള്‍ നല്‍കേണ്ടിവരുന്നത്.
- സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ എന്ന കേന്ദ്ര സ്ഥാപനം സംസ്ഥാനത്തിന് വൈദ്യുതി വാങ്ങിത്തരുന്ന ഏജന്‍സി മാത്രമാണ്. അതിനവര്‍ക്ക് കമ്മീഷമുണ്ട്. കിലോവാട്ടിന് 0.07 പൈസ. അതും വാങ്ങി അവര്‍ പോകും. കൂടിയ വിലയ്ക്കുള്ള കറന്റിന്റെ ഈ പണം അദാനിക്ക് നല്‍കേണ്ടത് സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡും അത് വഴി ജനങ്ങളുമാണ്.
- ഇത് സംസ്ഥാനത്തിന് ദ്രോഹകരമാണ്. അതിന് കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഒന്നിച്ചു നില്ക്കുകയാണ് ചെയ്തത്. ഈ കൂട്ടുകച്ചവടത്തെക്കുറിച്ചാണ് ഞാന്‍ ഇന്നലെ പറഞ്ഞത്.
- സംസ്ഥാനത്തിന് ആയിരം കോടിയുടെ നഷ്ടമുണ്ടാക്കിയ ഈ ഇടപാടില്‍ എത്ര കമ്മീഷന്‍ കിട്ടി എന്ന് മാത്രം വൈദ്യുതി മന്ത്രി ഇനി പറഞ്ഞാല്‍ മതി.
- പത്താം ക്ലാസ്സുകാരിയായ സ്വപ്ന സുരേഷിനെ മുഖ്യമന്ത്രിയ.ുടെ കീഴിലെ സ്പേസ് പാര്‍ക്കില്‍ ലക്ഷങ്ങളുടെ ശമ്പളത്തില്‍ ഉന്നത ജോലിയില്‍ നിയമിച്ച വിവരം പുറത്തു വന്നപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞത് സംസ്ഥാന സര്‍ക്കാരിന് ആ നിയമനവുമായി ഒരു ബന്ധവുമില്ലെന്നാണ്. ഏതോ ഏജന്‍സി നടത്തിയ നിയമനമാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതുപോലെയാണ് ഇവിടെയും സംസ്ഥാന സര്‍ക്കാരിന് ഈ കരാറില്‍ ഒരു ബന്ധവുമില്ല, വേറെ ഏജന്‍സി ഒപ്പു വച്ച കരാര്‍ എന്ന് പറയുന്നത്.
- വടക്കാഞ്ചേരി ലൈഫ് പദ്ധതിയിലെ കമ്മീഷന്‍ തട്ടിപ്പ് പുറത്തുവന്നപ്പോഴും സംസ്ഥാന സര്‍ക്കാരിന് ഒരു ബന്ധവുമില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. റെഡ് ക്രസന്റിന് ഭൂമി കൊടുത്തെന്നല്ലാതെ പദ്ധതി നടപ്പാക്കിയതില്‍ സംസ്ഥാന സര്‍ക്കാരിന് ഒരു ബന്ധവുമില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഒടുവില്‍ സംസ്ഥാന സര്‍ക്കാരിന് ബന്ധമുണ്ടെന്ന് തെളിഞ്ഞല്ലോ. സംസ്ഥാന വിജിലന്‍സ് എടുത്ത കേസില്‍ പോലും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രതിയായില്ലേ?
- അത്തരം ഒഴിഞ്ഞുമാറല്‍ തന്നെയാണ് സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തിലും ചെയ്തിരിക്കുന്നത്. എന്തിന് അദാനിയുമായി കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ സമ്മതിച്ചു? എന്തിന് 25 വര്‍ഷത്തെ ദീര്‍ഘകാല കരാറുണ്ടാക്കി? ആയിരം കോടിരൂപ നഷ്ടമുണ്ടാക്കുന്ന ഇടപാടില്‍ എത്ര കമ്മീഷന്‍ കിട്ടി. ഇക്കാര്യമാണ് പറയേണ്ടത്.
അദാനിയുമായി മറ്റൊരു കരാര്‍
- ഒരു കാര്യം കൂടി പറയാം. അദാനിയുമായി ഇതുവരെ സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡ് ഒരു കരാറും ഉണ്ടാക്കിയിട്ടില്ല എന്നാണല്ലോ മന്ത്രി എം.എം.മണി ഇന്നലെ പറഞ്ഞത്. എന്നാല്‍ അദാനിയില്‍നിന്ന് വൈദ്യുതി വാങ്ങുന്നതിന് സംസ്ഥാന ഇലക്ട്രിസിര്റി ബോര്‍ഡ് മറ്റൊരു കരാര്‍ നേരിട്ടു തന്നെ കഴിഞ്ഞമാസം ഉണ്ടാക്കിയിട്ടുണ്ട്. സംസ്ഥാന ഇലക്ട്രിസിര്റി ബോര്‍ഡിന്റെ 15.2.2021 ന് ചേര്‍ന്ന ഫുള്‍ടൈം ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന്റെ മിനിറ്റ്സില്‍ അജണ്ട 47.2.2021 ആയി അദാനിയില്‍നിന്ന് നേരിട്ടു കറന്റ് വാങ്ങുന്നതിനുള്ള തീരുമാനം രേഖപ്പെടുത്തിയിട്ടുണ്ട്. 2021 ഏപ്രില്‍ – മെയ് മാസങ്ങളില്‍ (അതായത് ഈ മാസങ്ങളില്‍) അദാനിയില്‍നിന്ന് കറന്റ് വാങ്ങാനാണ് കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്.
- അതിനാല്‍ അദാനിയെ കണ്ടിട്ടില്ല, കേട്ടിട്ടില്ല, എന്ന് പറയുന്നത് ശരിയല്ല, പക്ഷേ ഇത് നേരത്തെ പറഞ്ഞ കരാറല്ല, വേറെ കരാറാണ്.
- വല്ലഭന് പുല്ലും ആയുധം എന്ന് പറയുന്നത് പോലെ എന്തിലും അഴിമതി നടത്താനുള്ളസംസ്ഥാന സര്‍ക്കാരിന്റെ വൈഭവമാണ് ഈ ഇടപാടില്‍ തെളിഞ്ഞു കാണുന്നത്. Renewal Purchase Obligation (RPO) യുടെ മറവില്‍ സംസ്ഥാനത്തെ ജനങ്ങളുടെ പോക്കറ്റടിക്കാനുള്ള ഈ കരാറില്‍ നിന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പിന്മാറണമെന്ന് ഒരിക്കല്‍ കൂടി ആവശ്യപ്പെടുന്നു.
- പിണറായി വിജയന്‍ ഇടതുകൈകൊണ്ടും വലതുകൈകൊണ്ടും അദാനിയെ സഹായിക്കുന്ന കാഴ്ചയാണ് കെ.എസ്.ഇ.ബി. കരാറിലൂടെ പുറത്തുവന്നിരിക്കുന്നത്. ഇടതുകൈകൊണ്ട് തിരുവനന്തപുരം വിമാനത്താവള കാര്യത്തില്‍ രാഷ്ട്രീയ എതിര്‍പ്പ് ഉയര്‍ത്തി എന്ന് വരുത്തിത്തീര്‍ക്കുകയും വലതുകൈകൊണ്ട് അദാനിയെപ്പോലുള്ള കോര്‍പ്പറേറ്റുകളെ സ്വീകരിക്കുകയും ചെയ്യുന്ന പിണറായിയുടെ പുതിയ തന്ത്രമാണ് ഈ കരാറിലൂടെ പുറത്തുവന്നിരിക്കുന്നത്.
- ഈ അന്തര്‍ധാരയില്‍ പിണറായിയ്ക്ക് രാഷ്ട്രീയമായും സാമ്പത്തികമായും നേട്ടമാണുള്ളത്. പിണറായിക്കെതിരായ അന്വേഷണങ്ങള്‍ എവിടെയും എത്താത്തിന്റെ ഗുട്ടന്‍സ് ഇപ്പോഴാണ് മനസ്സിലായത്. മോദിക്കും പിണറായിയ്ക്കും ഇടയിലെ ഒരു പാലമാണ് അദാനിയെന്ന് ഇതോടെ വ്യക്തമാകുകയാണ്. ഈ ബന്ധം ഈ തിരഞ്ഞെടുപ്പില്‍ വോട്ടാക്കിമാറ്റുകയാണ് പിണറായിയുടെ ലക്ഷ്യം. പിണറായി നയിക്കുന്ന ഇടതുപക്ഷസര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് കീഴടങ്ങി എന്ന പൊതുചര്‍ച്ച ശരിയാണെന്നതാണ് ഇത്തരം ഇടപാടുകളെ പ്രോത്സാഹിപ്പിക്കുക വഴി പിണറായി ചെയ്തുകൊണ്ടിരിക്കുന്നത്. സ്വന്തം താത്പര്യത്തിനും സാമ്പത്തിക ലാഭത്തിനു വേണ്ടിയുള്ള ഇത്തരം ഇടപാടുകള്‍ മാര്‍ക്‌സിറ്റ് അണികളോട് കാട്ടുന്ന കടുത്ത വഞ്ചനയാണ്.
കേരളത്തെ കടക്കെണിയിലാക്കി
- മുഖ്യമന്ത്രി ബോംബ്, ബോംബ് എന്ന് പറഞ്ഞ് പേടിച്ച് നടക്കുകയാണ് കുറച്ചു ദിവസങ്ങളായി. കൊള്ളരുതായ്മകള്‍ ഒരുപാട് ചെയ്തുകൂട്ടിയിട്ടുണ്ട് അദ്ദേഹം. അതില്‍ ഇനിയും പുറത്തു വരാത്ത ഏതാണ് പുറത്തു വരാന്‍ പോകുന്നതെന്നറിയാത്ത പേടി കൊണ്ട് അദ്ദേഹം പറഞ്ഞു പോയതാണ് ബോംബിന്റെ കാര്യം.
- എന്നാല്‍, യഥാര്‍ത്ഥത്തില്‍ കേരളം ഒരു ബോംബിന്റെ പുറത്താണ് ഇപ്പോല്‍. കടബോംബാണ് അത്. ചുമക്കാന്‍ കഴിയാത്ത അതിഭീമമായ കടമാണ് കേരളത്തിന്മേല്‍ ഇടതുസര്‍ക്കാകര്‍ വലിച്ചുകയറ്റി വച്ചിരിക്കുന്നത്.
- കഴിഞ്ഞ ദിവസം ധനകാര്യമന്ത്രി തോമസ് ഐസക് ഒരു തമാശ പറഞ്ഞു. 5000 കോടി രൂപ മിച്ചം വച്ചിട്ടാണ് അദ്ദേഹം സ്ഥാനമൊഴിയുന്നതെന്ന്.
- മൂക്കറ്റം കടത്തില്‍ മുങ്ങിനില്‍കുകന്ന ഒരു സംസ്ഥാനമെങ്ങനെ 5000 കോടി മിച്ചം വയ്ക്കും?
- അന്വേഷിച്ചപ്പോഴാണ് അതിന്റെ തമാശ മനസ്സിലായത്. ഈ മാര്‍ച്ച് 30 ന് 4000 കോടിരൂപ കടമെടുത്തു. അത് ട്രഷറിയിലിട്ടശേഷമാണ് മിച്ചമിരുപ്പുണ്ട് എന്ന് പറഞ്ഞത്. കടം വാങ്ങി വച്ചിട്ട് ഇതാ മിച്ചം ഇരിക്കുക്കുന്നത് കണ്ടില്ലേ എന്ന് ചോദിക്കുന്ന ധനകാര്യവൈദഗ്ധ്യം അല്പം കടന്നതാണ്.
- തമാശ അവിടെയും തീരുന്നില്ല. രണ്ടായിരം കോടി കൂടി സംസ്ഥാനത്തിന് ഇനിയും കടമെടുക്കാന്‍ കഴിയുമെന്നാണ് ധന മന്ത്രി പറയുന്നത്. അതും കൂടി ചേര്‍ത്താണ് 5000 കോടി മിച്ചമിരിക്കുകയാണെന്ന് തോമസ് ഐസക്ക് പറഞ്ഞത്. അതായത് കടം വാങ്ങാനുള്ളതും കൂടി ചേര്‍ത്ത് മിച്ചമുണ്ടെന്ന് പറയുക. ജനങ്ങളെ ഇങ്ങനെ വിഡ്ഡികളാക്കാനുള്ള വൈഭവം തോമസ് ഐസക്കിന് മാത്രമേ ഉണ്ടാകൂ.
- കേരളത്തിന്റെ സാമ്പത്തിക നില കുട്ടിച്ചോറാക്കിയത് തോമസ് ഐസക്കിന്റെ ഈ തലതിരഞ്ഞ വൈഭവം കാരണമാണ്.
- ഈ സര്‍ക്കാരിന്റെ മൊത്തം ബാലന്‍സ് ഷീറ്റ് നമുക്ക് ഒന്നു നോക്കാം. കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ സംസ്ഥാത്തിന്റെ കടബാധ്യത 1,57,370 കോടി രൂപയായിരുന്നു. ഇപ്പോഴത്തെ കടബാധ്യതയാകട്ടെ 3,21,000 കോടി കവിഞ്ഞിരിക്കുന്നു.
- ഈ സര്‍ക്കാര്‍ മാത്രം വാങ്ങി കൂട്ടിയ കടം 1,63,630 കോടിരൂപയാണ്.
- അതായത് കേരളം രൂപപ്പെട്ടശേഷം ഇതുവരെ ഉണ്ടായ സര്‍ക്കാരുകളെല്ലാം കൂടി വാങ്ങിക്കൂട്ടിയ കടത്തേക്കാള്‍ കൂടുതലാണ് അഞ്ചുവര്‍ഷം കൊണ്ട് ഈ സര്‍ക്കാര്‍ മാത്രം വരുത്തിവച്ച കടം. കൊള്ളപ്പലിശയ്ക്ക് കിഫ്ബി വാങ്ങിക്കൂട്ടിയ കടം ഇതിനു പുറമേയാണ്.
- ഓരോ കേരളീയന്റേയും ആളോഹരി കടം നോക്കാം. 2016 ല്‍ ഇടതുസര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ ആളോഹരി കടം 46,078 രൂപയായിരുന്നു. ഇപ്പോഴത് 90,000 രൂപ കഴിഞ്ഞിരിക്കുന്നു. അതായത് ഓരോ കുഞ്ഞും 90,000 രൂപ കടക്കാരനായാണ് ജനിച്ചുവീഴുന്നത്. ആ അവസ്ഥയിലാണ് ഇടതു സര്‍ക്കാര്‍ കേരളത്തെ കൊണ്ടു ചെന്നെത്തിച്ചിരിക്കുന്നത്.
- കടം വാങ്ങല്‍ ഹരമാക്കിയിരിക്കുകയാണ് ഈ സര്‍ക്കാര്‍. കഴിഞ്ഞ നാല് മാസത്തിനിടയില്‍ മാത്രം വാങ്ങിയത് 22000 കോടി രൂപയാണ്.
- കടം വാങ്ങിക്കൂട്ടയ ഈ പണമെല്ലാം എവിടെപ്പോയി? വികസനപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ചു എന്ന് പറയാന്‍ കഴിയില്ല. വികസനരംഗത്ത് കഴിഞ്ഞ അഞ്ചുവര്‍ഷവും വട്ടപൂജ്യമായിരുന്നു.
- പുതുതായി ഒരൊറ്റ വന്‍കിട പദ്ധതി ആരംഭിച്ചു പൂര്‍ത്തിയാക്കാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. കുറേ റോഡുകള്‍ ടാര്‍ ചെയ്യുകയും സ്‌കൂള്‍ കെട്ടിടങ്ങളും ആശുപത്രി കെട്ടിടങ്ങളും അറ്റകുറ്റപ്പണി നടത്തുകയുമാണ് ആകെ ചെയ്തത്. അത് എല്ലാ സര്‍ക്കാരുകളുടെ കാലത്തും റുട്ടീന്‍ ആയി നടന്നു പോകുന്ന കാര്യമാണ്.
- ഇത്തവണയാകട്ടെ, ഈ പണികള്‍ കിഫ്ബി വഴിയാണ് നടത്തിയത്. അത് വേറെ അക്കൗണ്ടിലാണ്. അത് ഈ കണക്കില്‍ വരുന്നില്ല.
- അപ്പോള്‍ കടം വാങ്ങിയ പണമെല്ലാം ധൂര്‍ത്തടിച്ചു കളയുകയാണ് ചെയ്തത്.
- ധനകാര്യ മിസ്മാനേജ്മെന്റ്, ധൂര്‍ത്ത്, അഴിമതി, എന്നിവകൊണ്ട് കേരളത്തിന്റെ സാമ്പത്തിക രംഗത്തെ കുട്ടിച്ചോറാക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ലക്കും ലഗാനുമില്ലാതെയാണ് പണം ധൂര്‍ത്തടിച്ചത്.
- നിയമസഭയില്‍ നടന്ന അമ്പരിപ്പിക്കുന്ന അനാവശ്യചിലവുകള്‍ പോലെ കോടികള്‍ വെള്ളം പോലെ പല വഴിക്ക് ഒഴുകിപ്പോയി. സ്പ്രിംഗ്ളര്‍ പോലുള്ള സര്‍ക്കാരിന്റെ വഴിവിട്ട പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കാന്‍ വന്‍തോതില്‍ പണം മുടക്കി വക്കീലന്മാരെ പുറത്തു നിന്ന് കൊണ്ടുവന്നു.
- സി.പി.എമ്മിന്റെ കൊലയാളി സംഘങ്ങളെ സി.ബി.ഐ.യില്‍നിന്ന് രക്ഷിക്കാനും ഒഴിക്കി കോടികള്‍. പരസ്യത്തിനും, പ്രതിഛായ നിര്‍മ്മാണത്തിനും ആഘോഷങ്ങള്‍ക്കും ഒഴുക്കിയ പണത്തിന് കണക്കില്ല. പുറമെയാണ് അഴിമതിയും കയ്യിട്ടു വാരലും.
- അതേസമയം ആവശ്യകാര്യങ്ങള്‍ക്ക് ചിലവാക്കിയുമില്ല. 2018 ല്‍ ഈ സര്‍ക്കാരിന്റെ തന്നെ തെറ്റുകള്‍കൊണ്ട് ഉണ്ടായ മഹാപ്രളയത്തില്‍ എല്ലാം നശിച്ചവര്‍ക്കായി ആവിഷ്‌ക്കരിച്ച റീ ബില്‍ഡ് കേരള പദ്ധതിയില്‍ ഒന്നും നടന്നില്ല. കഴിഞ്ഞ വര്‍ഷം 1000 കോടി രൂപ നീക്കി വെച്ചെങ്കിലും ചില്ലിക്കാശ് ചിലവഴിച്ചില്ല. ഈ വര്‍ഷവും 1000 കോടി വക വച്ചിട്ട് ആകെ ചിലവാക്കിയത് 229 കോടി മാത്രം.
- കടം വാങ്ങി ധൂര്‍ത്തടിച്ച് കേരളത്തെ വലിയ കടക്കെണിയാക്കുകയാണ് ഈ സര്‍ക്കാര്‍ ചെയ്തത്.
- അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ആഭ്യന്തര വായ്പയായി സര്‍ക്കാര്‍ വാങ്ങിക്കൂട്ടിയ തുകയില്‍ 64,500 കോടിരൂപ തിരിച്ചടയ്ക്കുണമെന്നാണ് ഈ സര്‍ക്കാര്‍ തന്നെ നിയമസഭയില്‍ നല്‍കിയ കണക്ക്. വിദേശ വായ്പയായി തിരിച്ചടയ്ക്കേണ്ടിവരുന്നത് 2862 കോടി രൂപ.
- 9.72 ശതമാനം കൊള്ളപ്പലിശയ്ക്ക് വാങ്ങിയ മസാല ബോണ്ടിന്റെ 2150 കോടിയും അടുത്ത വര്‍ഷങ്ങളില്‍ തിരികെ നല്‍കണം. ഇതിന്റെ പലിശ നല്‍കി തുടങ്ങിയിട്ടുണ്ട്. ഇതിനകം നല്‍കിയത് 313.77 കോടി രൂപ
- കഴിഞ്ഞ 5 വര്‍ഷവും ചിലവ് വര്‍ദ്ധിക്കുകയും ധൂര്‍ത്തടിക്കുകയും ചെയ്തു എന്നതല്ലാതെ ഉല്പാദനം വര്‍ദ്ധിപ്പിക്കാനുള്ള ഒന്നും ഈ സര്‍ക്കാര്‍ ചെയ്തില്ല.
- ഇത്രയും പിടിപ്പുകെട്ട മറ്റൊരു സര്‍ക്കാര്‍ ഉണ്ടായിട്ടില്ല. പി.ആര്‍.ഏജന്‍സികള്‍ കോടികള്‍ വാരി ഒഴുക്കി ഊതിപ്പെരുക്കിയ ഇമ്മേജേ ഈ സര്‍ക്കാരിനുള്ളൂ. ഇനിയും ഒരിക്കല്‍കൂടി ഈ സര്‍ക്കാര്‍ അധാരത്തില്‍ വന്നാല്‍ കേരളത്തിന്റെ സമ്പദ്ഘടന ഒരിക്കലും കരകയറാനാവാത്ത വിധം പൂര്‍ണ്ണമായും തകരും.
- ഇത്രയും മോശമായി ധനകാര്യം കൈകാര്യം ചെയ്ത് കേരളത്തെ കുട്ടിച്ചോറാക്കിയതു കൊണ്ടാകണം പിണറായി വിജയന്‍ തോമസ് ഐസക്കിന് ഇത്തവണ സീറ്റ് നിഷേധിച്ചത്.