തിരുവനന്തപുരം: പാര്‍ട്ടി വിരുദ്ധ പ്രസ്താവന നടത്തിയ ഇ.പിക്കെതിരെ നടപടി എടുക്കണമെന്ന ആവശ്യം സി പി എമ്മില്‍ സജീവമാകുന്നു. അങ്ങനെ ഒടുവിൽ ഇ.പി. ജയരാജനെയും പിണറായി ഒതുക്കുന്നു.
പി. ജയരാജന് എങ്ങനെ പണി കൊടുക്കുമെന്ന ഗവേഷണവും ഇപിക്ക് നല്കാന് പോകുന്ന പണിക്കൊപ്പം നടക്കുന്നുണ്ട്. കോടിയേരി ബാലകൃഷ്ണന് ഉള്‍പ്പെടെയുള്ള സി പി എം നേതാക്കളാണ് ഇ.പി. ക്കെതിരെ നടപടി വേണമെന്ന ആവശ്യം പാര്‍ട്ടി കേന്ദ്ര നേത്യത്വത്തില്‍ മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്.
മുമ്പും ഇ പിയുടെ മന്ത്രിപ്പണി കളഞ്ഞത് കോടിയേരിയുടെ രഹസ്യ നീക്കങ്ങളായിരുന്നു. കണ്ണൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട് നടന്ന ചില അഴിമതികള്‍ സംബന്ധിച്ച് പാര്‍ട്ടിയില്‍ ഉണ്ടായ തര്‍ക്കങ്ങളാണ് ഇ പി ജയരാജന്റെ മന്ത്രിസ്ഥാനം തെറിപ്പിച്ചതെന്ന് അക്കാലത്ത് കേട്ടിരുന്നു.
അതാണ് ബന്ധുജന നിയമനത്തിന്റെ രൂപത്തില്‍ അവതരിച്ചത്.പാര്‍ട്ടി പറഞ്ഞാലും ഇനി മത്സരിക്കാനില്ലെന്ന് പറഞ്ഞ മുതിര്‍ന്ന സിപിഎം നേതാവ് ഇപി ജയരാജനെ കമ്മ്യൂണിസ്റ്റ് സംഘടനാ തത്വങ്ങള്‍ ഓര്‍മ്മിപ്പിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ടത്.
നേതാക്കള്‍ക്ക് വ്യക്തിപരമായ അഭിപ്രായങ്ങളുണ്ടാകും. ആ അഭിപ്രായങ്ങള്‍ മാനിക്കാറുമുണ്ട്. പക്ഷേ അവസാന തീരുമാനമെടുക്കുക പാര്‍ട്ടിയാണെന്ന് പിണറായി പറഞ്ഞു. നിര്‍ണ്ണായക തെരഞ്ഞെടുപ്പ് സമയത്തെ പ്രഖ്യാപനത്തില്‍ ഇപി ജയരാജനെ സംഘടനാ തത്വങ്ങള്‍ ഓര്‍മ്മിപ്പിക്കുകയാണ് പിണറായി വിജയന്. ഇത് പിണറായി വിജയന് ഇ പി ജയരാജനോടുള്ള സ്നേഹമാണെന്ന് ആരും തെറ്റിദ്ധരിക്കരുത്.
ഇ.പി. ജയരാജന്റെ ആദ്യ പ്രസ്താവനയെ പിണറായി ഭക്തിയായി രാജ്യത്ത് ഏറ്റവുമധികം കോപ്പികള്‍ വില്‍ക്കുന്ന പത്രം പോലും തെറ്റിദ്ധരിച്ചിരുന്നു. എന്നാല്‍ തനിക്ക് സീറ്റ് നിഷേധിച്ച പിണറായിയോടുള്ള വിരോധമാണ് ഇ.പി. കഴിഞ്ഞ ദിവസം നടത്തിയ പത്ര സമ്മേളനത്തില്‍ തീര്‍ത്തത്.
ഇ പി തനിക്ക് പാര്‍ട്ടി സെക്രട്ടറി സ്ഥാനം ലഭിക്കുമെന്ന് കരുതിയാണ് സീറ്റ് നിഷേധിച്ചപ്പോള്‍ മിണ്ടാതിരുന്നത്. തന്റെ സുശക്തമായ മട്ടന്നൂര്‍ സീറ്റ് ആരോഗ്യ മന്ത്രി കെ.കെ. ഷൈലജക്ക് നല്കിയപ്പോള് ഇ.പി. മിണ്ടാതിരുന്നത് തനിക്ക് ലഭിക്കേണ്ട പാര്‍ട്ടി സെക്രട്ടറി സ്ഥാനം ലഭിക്കുമെന്ന് കരുതിയാണ്. എന്നാല്‍ എന്താണ് സംഭവിച്ചത്?
ഇ പി യെ പിണറായി വെട്ടിയത് പി. ജയരാജനെ വെട്ടാന്‍ വേണ്ടിയാണ്. പി. ജയരാജന് സീറ്റിന് വേണ്ടി നിര്‍ബന്ധം പിടിച്ചിരുന്നു. പി. ജയരാജന്റെ വളര്‍ച്ച തടയാന്‍ ഏറെക്കാലമായി പിണറായി ശ്രമിക്കുന്നുണ്ട്. കാരണം പി.ജയരാജന് ഭാവിയില്‍ തനിക്ക് ഭീഷണിയാവുമെന്ന് പിണറായി കരുതുന്നു. ഇ പിയെ വെട്ടിയ ശേഷം പാര്‍ട്ടി സെക്രട്ടറി സ്ഥാനം കോടിയേരിക്ക് നല്കാന് പിണറായി തീരുമാനിച്ചു.
ഇതിനു വേണ്ടി അദ്ദേഹം സി പി എമ്മിന്റെ കേന്ദ്ര നേതാക്കള്‍ക്കിടയില്‍ ചരടുവലി നടത്തി. ഇ പി ക്കാകട്ടെ കോടി യേരിയെ കണ്ണെടുത്താല്‍ കണ്ടു കൂടാ.ചില കേന്ദ്ര നേതാക്കളില്‍ നിന്നും ഇക്കാര്യം ഇ.പി. ഇക്കാര്യം മനസ്സിലാക്കി. അതോടെയാണ് പിണറായിക്കെതിരെ തുറന്നടിച്ചു കൊണ്ട് ഇ.പി. രംഗത്തെത്തിയത്.
അക്കാര്യം പത്രങ്ങള്‍ മനസിലാക്കിയില്ലെങ്കിലും പിണറായി മനസിലാക്കി. അതുകൊണ്ടാണ് അദ്ദേഹം മുനവച്ച മറുപടി തിരികെ നല്‍കിയത്. പാര്‍ട്ടിയാണ് എല്ലാം തീരുമാനിക്കേണ്ടതെന്ന പറഞ്ഞ ഇപി ജയരാജന് പെട്ടെന്ന് വ്യക്തിപരമായി കാര്യങ്ങളെടുത്തോടെയാണ് നേതൃത്വത്തോടുള്ള നീരസം മറനീക്കി പുറത്ത് വന്നത്. താന്‍ ഒരു മത്സരത്തിനുണ്ടാകില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം ഇപി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രഖ്യാപിച്ചത്.
ഇപിയുടെ പ്രഖ്യാപനം പാര്‍ട്ടി അണികളെയും നേതാക്കളെയും ഞെട്ടിച്ചു. കെകെ ശൈലജക്ക് മട്ടന്നൂര്‍ വിട്ടുനല്‍കേണ്ടി വരുമെന്ന നിര്‍ദ്ദേശം വന്നതോടെയാണ് മത്സരിക്കാനില്ലെന്ന് ആദ്യം ഇപി ജയരാജന് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റില്‍ വ്യക്തമാക്കുന്നത്. മട്ടന്നൂരില്‍ ഷൈലജ ടീച്ചറുടെ ഭൂരിപക്ഷം പോലും ഇ പിയുടെ തീരുമാനം അനുസരിച്ചിരിക്കും.
ഇപിയുടെ പ്രതിഷേധത്തിന് പിന്നാലെ രണ്ട് ടേം വ്യവസ്ഥയും സിപിഎം നടപ്പിലാക്കി. ഇപിയെ പോലെ മുതിര്‍ന്ന കേന്ദ്രകമ്മിറ്റിയംഗം പാര്‍ട്ടി അച്ചടക്കം മറികടന്ന് വ്യക്തിപരമായ തീരുമാനങ്ങള്‍ പരസ്യമായി പറയുന്നത് തെറ്റായ കീഴ് നേതൃത്വമമായി വിലയിരുത്തുന്നു. ഇപി പ്രചാരണത്തിനിറങ്ങാത്തതും പാര്‍ട്ടി അണികള്‍ക്കിടയില്‍ ചര്‍ച്ചയാണ്.