സംസ്ഥാനത്ത് നോക്കുകൂലി വാങ്ങില്ലെന്ന് ചുമട്ട് തൊഴിലാളി യൂണിയനുകളുടെ സംയുക്ത യോഗത്തിൽ തീരുമാനം. നിയമനുസൃതമായി സർക്കാർ നിശ്ചയിച്ച കൂലി മാത്രമേ വാങ്ങൂ എന്നും തൊഴിലാളി യൂണിയനുകൾ വ്യക്തമാക്കി. തീരുമാനം സ്വാഗതാർഹമെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി യോഗത്തിൽ പറഞ്ഞു.
ജോലി ചെയ്യാതെ കൂലി വാങ്ങുന്ന സമ്പ്രദായം തൊഴിലാളി വർഗ്ഗത്തിന് തന്നെ അപമാനം ഉണ്ടാക്കുന്നതാണ്.
ആകെ ചുമട്ടുതൊഴിലാളികളുടെ വളരെ ചെറിയ ഒരു വിഭാഗത്തിൽ നിന്ന് മാത്രം വല്ലപ്പോഴും ഉണ്ടാകുന്ന ഒരു പ്രവണതയാണിത്. പക്ഷേ ഇതിനെ ഉയർത്തിക്കാണിച്ചു കൊണ്ട് ചുമട്ടുതൊഴിലാളികളെയാകെ വികൃതമാക്കി ചിത്രീകരിക്കാനുള്ള പ്രചാരവേലകളാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്.
തൊഴിലാളികൾ അവരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഉറച്ച നിലപാട് സ്വീകരിക്കുമ്പോൾ തന്നെ സമൂഹത്തിലെ മറ്റെല്ലാ ജനവിഭാഗങ്ങങ്ങളോടുമുള്ള അവരുടെ ഉത്തരവാദിത്വവും വിസ്മരിക്കാൻ പാടില്ല. ചുമട്ട് തൊഴിലാളി നിയമത്തിൻ്റെ അടിസ്ഥാനത്തിൽ
ജോലികൾ ക്രമീകരിക്കുകയും തെറ്റായ സമ്പ്രദായങ്ങൾ അവസാനിപ്പിക്കുവാൻ ചുമട്ട് തൊഴിലാളി ക്ഷേമനിധി ബോർഡ് മുഖേനയും, കിലെയുടെ നേതൃത്വത്തിലും ജില്ലാ – പ്രാദേശിക തലങ്ങളിലും സ്ഥാപന അടിസ്ഥാനത്തിലും തൊഴിലാളികൾ ചെയ്യേണ്ട ജോലികളെ സംബന്ധിച്ച് തൊഴിലാളികളെ ബോധവൽക്കരിക്കാനുള്ള പരിപാടികൾ കോവിഡ് മാനദണ്ഡം പാലിച്ച് നടപ്പിലാക്കും.
തിരുവനന്തപുരത്ത് വിക്രം സാരാഭായ് സ്പേസ് സെന്ററിലേക്ക് എത്തിച്ച ഉപകരണങ്ങൾ വാഹനത്തിൽ നിന്നും ഇറക്കുന്നതിന് നോക്കുകൂലിയും അമിതകൂലിയും ചോദിച്ചു എന്നൊരു ആക്ഷേപം ഉയർന്നു വരികയുണ്ടായി . ഒരു തൊഴിലാളി സംഘടനയും ഈ കാര്യത്തിൽ ഉത്തരവാദികളല്ല . ട്രേഡ് യൂണിയനുകളിൽ അംഗങ്ങളായവരല്ല ഈ തെറ്റായ നിലപാട് സ്വീകരിച്ചത്. പ്രാദേശികമായി ഒരു സംഘം ആളുകൾ ചെയ്ത കുറ്റത്തിന് ചുമട്ടുതൊഴിലാളികളെ മൊത്തത്തിൽ ആക്ഷേപിക്കുന്ന വിധത്തിലാണ് പരാമർശങ്ങൾ ഉണ്ടായത് . ഇത്തരം സംഭവങ്ങൾ ഒറ്റപ്പെട്ടതാണെങ്കിലും ഒരു വിഭാഗത്തെ മൊത്തം ആക്ഷേപിക്കുവാൻ ഇത്തരം കാര്യങ്ങൾ ഇടയാക്കുന്നു എന്നത് ട്രേഡ് യൂണിയനുകൾ വളരെ ജാഗ്രതയോടെ കാണണമെന്ന് മന്ത്രി യോഗത്തിൽ പറഞ്ഞു.
സർക്കാരിൻ്റെ ആഹ്വാനമനുസരിച്ച് സാമൂഹിക പ്രവർത്തനങ്ങളിലും ജീവകാരുണ്യപ്രവർത്തനങ്ങളിലും നല്ലതോതിൽ ഇടപെടുന്നവരാണ് ചുമട്ടുതൊഴിലാളികളും അവരുടെ സംഘടനകളും. കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമാണ് . അത്തരം ഒരു സാഹചര്യത്തിൽ ഏതെങ്കിലും പ്രശ്നം ചൂണ്ടിക്കാണിച്ചുകൊണ്ട് സംസ്ഥാനം നിക്ഷേപത്തിന് അനുയോജ്യമായ പ്രദേശമല്ല എന്ന് വരുത്തി തീർക്കാൻ നാടിൻ്റെ ശത്രുക്കൾക്ക് അവസരമൊരുക്കി കൊടുക്കാൻ പാടില്ല . ഈ ജാഗ്രത എല്ലാ ട്രേഡ് യൂണിയനുകളുടെയും പ്രവർത്തനത്തിൽ ഉണ്ടാവണം.
വർത്തമാനകാലത്തിൽ വന്ന മാറ്റങ്ങൾ ഉൾക്കൊണ്ട് ചുമട്ടുതൊഴിലാളി നിയമത്തിൽ കാലോചിതമായ മാറ്റങ്ങൾ കൊണ്ടുവരുന്ന കാര്യം സർക്കാർ ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
യോഗത്തിൽ തൊഴിൽ വകുപ്പ് സെക്രട്ടറി ശ്രീമതി മിനി ആൻറണി ഐഎഎസ് , ലേബർ കമ്മീഷണർ ഡോ. എസ് ചിത്ര ഐഎഎസ്, ട്രേഡ് യൂണിയനുകളെ പ്രതിനിധീകരിച്ച് സി കെ മണിശങ്കർ , പി കെ ശശി ( സി.ഐ.ടി.യു ), വി ആർ പ്രതാപൻ , എ കെ ഹാഫിസ് സഫയർ ( ഐ എൻ ടി യു സി ) , കെ വേലു , ഇന്ദുശേഖരൻ നായർ ( എ ഐ ടി യു സി ) , യുപോക്കർ , അബ്ദുൽ മജീദ് (എസ്. ടി .യു ) ജി സതീഷ് കുമാർ ( ബിഎംഎസ് ). എന്നിവരും തൊഴിൽ വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.