നൂറു ശതമാനം വാക്സിനേറ്റഡ് ടൂറിസം കേന്ദ്രങ്ങൾ എന്ന ലക്ഷ്യം ഭൂരിഭാഗം ഇടങ്ങളും കൈവരിച്ചതായി ടൂറിസം മന്ത്രി പി. എ. മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചു. ടൂറിസം കേന്ദ്രങ്ങൾ പ്രതിസന്ധി നേരിടുകയാണെന്ന എച്ച്. സലാം എം. എൽ. എയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകുകയായിരുന്നു മന്ത്രി. നൂറു ശതമാനം വാക്സിനേറ്റഡ് ടൂറിസം കേന്ദ്രങ്ങൾ എന്ന ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ പ്രത്യേക പദ്ധതി തന്നെ നടപ്പാക്കി. വയനാട്ടിലെ വൈത്തിരിയിലാണ് തുടങ്ങിയത്. ആദ്യ ഡോസിന്റെ കാര്യത്തിൽ വയനാട് ജില്ലയാകെ പൂർത്തീകരിച്ചു. അത് മറ്റ് ഡസ്റ്റിനേഷനുകളിലേക്കും വ്യാപിപ്പിച്ചതായി മന്ത്രി പറഞ്ഞു. ഇപ്പോൾ എല്ലായിടത്തും വിനോദസഞ്ചാരികൾ വന്നു തുടങ്ങി. ഇപ്പോൾ ആഭ്യന്തരസഞ്ചാരികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിത്തുടങ്ങി.
പുതിയ മേഖലകളിലേക്ക് ടൂറിസത്തെ വളർത്താനുതകുന്ന പദ്ധതികളാണ് വരും ദിവസങ്ങളിൽ നടപ്പാക്കാൻ പോകുന്നത്. കാരവാൻ ടൂറിസം പോലുള്ള നൂതന ടൂറിസം സംവിധാനങ്ങൾ കേരളത്തിന് പരിചയപ്പെടുത്താനുള്ള പദ്ധതികളുടെ നടപടിക്രമങ്ങൾ ആരംഭിച്ചു. അഗ്രി ടൂറിസത്തിന്റെ സാധ്യത മനസിലാക്കി അത് പ്രയോജനപ്പെടുത്താൻ ഫാം ടൂറിസം നെറ്റ് വർക്ക് കൂടി തയ്യാറാവുകയാണ്. മറ്റ് ചില പദ്ധതികൾ കൂടി തയ്യാറായി വരുന്നുണ്ട്. ഇതിലൂടെ കേരള ടൂറിസത്തിന് ശക്തമായി തിരിച്ചു വരാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കോവിഡ് തീർത്ത പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ച മേഖലയാണ് ടൂറിസം. ഇപ്പോഴും കോവിഡിനൊപ്പമാണ് ടൂറിസം മുന്നോട്ടു പോകുന്നത്. അതിജീവിക്കും എന്ന ആത്മവിശ്വാസം ടൂറിസം മേഖലയ്ക്ക് ഉണ്ടാക്കുക എന്നതിനാണ് ഈ ഘട്ടത്തിൽ സർക്കാർ പ്രാധാന്യം നൽകിയത്. അതിന് സഞ്ചാരികൾക്ക് നമ്മുടെ നാട് സുരക്ഷിത കേന്ദ്രമായി അനുഭവപ്പെടണം. സഞ്ചാരികൾ കേരളത്തിലേക്ക് എത്തണം. ഇതിനായി സുരക്ഷിത കേരളം, സുരക്ഷിത ടൂറിസം എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങൾക്ക് രൂപം നൽകിയതായും മന്ത്രി അറിയിച്ചു.
ടൂറിസം മേഖലയ്ക്കായി കരുതലോടെയുള്ള പദ്ധതികളാണ് വകുപ്പ് തയ്യാറാക്കിയത്. ബയോബബിൾ സംവിധാനത്തിലൂടെ സുരക്ഷിതത്വം ഉറപ്പാക്കി.