സംസ്ഥാനത്തെ ഐ.ടി.ഐകളിൽ ജോലിസാധ്യതയുള്ള നൂതന കോഴ്‌സുകൾ ആരംഭിക്കുമെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി. വർക്കലയിലെ പാളയംകുന്ന് ഗവ.എച്ച്.എസ്.എസ്സിൽ നിർമ്മിച്ച ബഹുനില മന്ദിരങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ സ്‌കൂളിലും മുഴുവൻ വിദ്യാർത്ഥികളെയും എത്തിക്കാൻ വേണ്ട നടപടികൾ ആരോഗ്യ വകുപ്പുമായി ചേർന്നു ഏകോപിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. വിദ്യാർത്ഥികളുടെ അക്കാദമിക നിലവാരം ഉയർത്തുന്നതിനായി സ്‌കൂളുകളുടെ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുമെന്നും കലാ-കായിക പഠനത്തിനും പ്രാധാന്യം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയിൽ ഉൾപ്പെടുത്തി കിഫ്ബിയിൽ നിന്നും മൂന്നു കോടി രൂപ ചെലവഴിച്ചാണ് മന്ദിരങ്ങൾ പണിതത്. അത്യാധുനിക നിലവാരത്തിലുള്ള കെട്ടിടത്തിൽ 18 ക്ലാസ് മുറികളും രണ്ട് സ്റ്റാഫ് റൂമുകളും ശുചിമുറികളുമുണ്ട്.
വി .ജോയി എം എൽ എ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, മറ്റ് ജനപ്രതിനിധികൾ, അധ്യാപകർ, പി.ടി.എ അംഗങ്ങൾ തുടങ്ങിയവരും പങ്കെടുത്തു .